ഭർതൃപീഡനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന വിസ്മയയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്

0

കൊല്ലം: ഭർതൃപീഡനം നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന വിസ്മയയുടെ കൂടുതൽ ശബ്ദരേഖകൾ പുറത്ത്. കിട്ടിയ സ്ത്രീധനം പോരെന്ന് പറഞ്ഞ് കിരൺ അധിക്ഷേപിക്കാറുണ്ടെന്നും തനിക്ക് പേടിയാണെന്നും വിസ്മയ സുഹൃത്തിനോട് പറയുന്ന ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വിസ്മയ : എന്റൊരു കാര്യത്തിൽ ഞാൻ ഫുൾടൈം പ്രാർത്ഥിച്ചുകൊണ്ടിരിക്കും. ദൈവമേ സമാധാനം കിട്ടണേ, സമാധാനം കിട്ടണേന്ന്. ദേഷ്യപ്പെടല്ലേന്ന്. എന്റെ അമ്മ സത്യം. ഒന്ന് മുഖം മാറിയാൽ എനിക്ക് ടെൻഷനാ. കാരണം എനിക്ക് പേടിയാ.
സുഹൃത്ത് : എന്തിനാ ഇങ്ങനെ പേടിക്കുന്നേ ?
വിസ്മയ : അടികൊണ്ടിട്ടുള്ളത് കൊണ്ട് എനിക്ക് പേടിയാ. ഇനി അടിക്കുവോ, കിടന്ന് ബഹളം വയ്ക്കുമോ എന്നൊക്കെ പേടിയാ.
സുഹൃത്ത് : സ്ത്രീധനം മതിയായില്ലേ ? നിങ്ങൾ എത്ര കൊടുത്തു ? 70 ഓ ?

വിസ്മയ : കൊറോണ ആയതുകൊണ്ട് 100 കൊടുത്തില്ല, 70 പവനേ കൊടുത്തുള്ളു. പത്ത്-പതിമൂന്ന് ലക്ഷം രൂപയുടെ കാറും കൊടുത്ത്. ടൊയോട്ട യാരിസ്. ഇതൊന്നും പോര. ഒരു ഗവൺമെന്റ് ജോലിക്കാരന് ഇതൊന്നുമല്ല കിട്ടേണ്ടത് എന്നാ പറയുന്നേ.

സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല എന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് കഴിഞ്ഞ ദിവസം പ്രതി കിരൺ കുമാറിന്റെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയെ കുറിച്ചും അഭിഭാഷകൻ പ്രതികരിച്ചിരുന്നു.

‘ ആ ശബ്ദരേഖയിൽ എന്താണ് തെറ്റ് ? പിതാവ് സമ്മാനമായി കാർ കൊടുക്കാമെന്ന് പറഞ്ഞു. അയാൾ പറഞ്ഞു ഇപ്പോൾ കാർ വേണ്ട. അച്ഛന്റെ ഒരു ആഗ്രഹമാണ്, ഒരു കാർ എടുത്ത് തരാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സഹോദരൻ വിജിത്ത് പറയുന്നു. കുറേ കാറുകളുടെ ചോയ്‌സസും കൊടുക്കുന്നു. അപ്പോൾ കിരൺ ചോദിച്ചത് എന്തിനാണ് ഇപ്പോൾ നിങ്ങൾ തിരക്കിട്ട് കാർ വാങ്ങുന്നത് എന്നായിരുന്നു. അപ്പോൾ അച്ഛന്റെ ഒരു വൈകാരിക പ്രശ്‌നമാണെന്ന് പറഞ്ഞു. കിരൺ ഒരു ഓട്ടോ മൊബൈൽ എഞ്ചിനിയറായതുകൊണ്ട് എഞ്ചിൻ എഫിഷ്യൻസിയും ഫ്യുവൽ എഫിഷ്യൻസിയുമെല്ലാം പരിഗണിച്ച് ഒരു കാർ പറഞ്ഞു. അത് കഴിഞ്ഞ് ഒട്ടും എഫിഷ്യന്റ് അല്ലാത്ത ഒരു കാർ കൊണ്ടുവന്നു. ആ കാർ എഫിഷ്യന്റ് അല്ലാ എന്ന് പറയുന്നതിലും അയാളുടെ ഫ്രസ്‌ട്രേഷൻ കാണിക്കുന്നതിലും എന്താ തെറ്റ് ? ഫ്രസ്‌ട്രേഷൻ ഡിമാൻഡ് അല്ല, അതൊരാളുടെ പ്രതികരണമാണ്. എനിക്ക് സ്ത്രീധനം വേണമെന്ന് കിരൺ പറയുന്നതായോ, കാർ വേണമെന്ന് കിരൺ ആവശ്യപ്പെടുന്നതോ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളിൽ ഇല്ല’- അഭിഭാഷകൻ പറയുന്നു.

എന്നാൽ പ്രോസിക്യൂഷന്റെ വാദം തെളിയിക്കുന്ന കോടതിയിൽ ഹാജരാക്കിയ വിസ്മയയുടെ ശബ്ദരേഖയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതേസമയം ഇന്ന് ശിക്ഷ വിധി കേൾക്കാൻ പിതാവ് ത്രിവിക്രമൻ നായർ കോടതിയിലേക്ക് പോയത് വിസ്മയ്ക്ക് സ്ത്രീധനമായി നൽകിയ കാറിൽ. കാറിന്റെ മുൻ സീറ്റ് ഒഴിച്ചിട്ടാണ് യാത്ര. മകൾ വിസ്മയയുടെ ആത്മാവ് ഈ കാറിലുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാലാണ് സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതെന്നും ത്രിവിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയയുമൊത്താണ് കാര്‍ വാങ്ങാന്‍ പോയതെന്നും അവള്‍ക്കേറെ ഇഷ്ടമുള്ള വണ്ടിയായിരുന്നെന്നും പിതാവ് ഓർത്തു.
കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് 11 മണിയോടെ ശിക്ഷയില്‍ മേലുള്ള വാദം ആരംഭിക്കും. ഉച്ചയോടെ ശിക്ഷാ വിധി ഉണ്ടാവും. കിരണ്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി പ്രഖ്യാപിച്ചെങ്കിലും ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.കിരണിനെതിരെ ചുമത്തിയവയില്‍ ഗുരുതര വകുപ്പുകളിലെല്ലാം ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന പീഡനം മൂലമുള്ള മരണം 304 (ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പത്ത് വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.
അതേസമയം മകൾക്ക് നീതി കിട്ടിയെങ്കിലും താടിയും മുടിയും തൽക്കാലം എടുക്കില്ലെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍. മകളുടെ മരണശേഷം മാനസികമായി തളർന്ന അദ്ദേഹം പിന്നീട് താടിയും മുടിയും എടുത്തിട്ടില്ല. മകളുടെ വിവാഹ ഫോട്ടോയിലെല്ലാം ക്ലീന്‍ ഷേവ് ചെയ്ത ത്രിവിക്രമന്‍ നായരെയാണ് കാണുന്നത്. ആ ഓർമ വെച്ച് നോക്കുന്ന ആർക്കും ഇദ്ദേഹത്തെ ഇപ്പോൾ കണ്ടാൽ മനസിലാവില്ല.
വിസ്മയയ്ക്ക് നീതി കിട്ടുന്ന വിധി വന്നെങ്കിലും തൽകാലം മുടിയും താടിയും എടുക്കില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. മകളുടെ ശബ്ദം ഇപ്പോഴും വീട്ടില്‍ മുഴങ്ങി കേള്‍ക്കുന്നുവെന്ന പ്രതീതിയാണെന്ന് ത്രിവിക്രമന്‍ നായര്‍ പറയുന്നു. മകളുടെ വേര്‍പാടിന്‍റെ വേദനയില്‍ അലസമായി വളര്‍ന്ന താടിയും മുടിയും ഇനി എത്രകാലമെന്നും ഈ അച്ഛന്‍ തീരുമാനിച്ചിട്ടില്ല.
അതേസമയം ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ ഇന്ന് വിധിക്കും. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 11 മണിയോടെ കേസിൽ വാദം തുടങ്ങും.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. തുടർന്ന് ഇന്നലെ തന്നെ ഇയാളെ ജയിലിലേക്ക് മാറ്റിയിരുന്നു. നാല് മാസത്തോളം നീണ്ട വിചാരണയ്‌ക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.
ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21ന് വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.
2020 മെയ്‌ 30 നാണ് ബിഎഎംഎസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ജൂൺ 21 നു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാറിനെ പ്രതിയാക്കി പൊലീസ്‌ കേസെടുത്തു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺകുമാർ 21ന് രാത്രി എട്ടരയോടെ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു
വിവാഹം കഴിഞ്ഞ് 9ആം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു.
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നലെയാണ് വിധി പറഞ്ഞത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികൾ വിസ്താരത്തിനിടെ കൂറു മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here