ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കാവ്യാ മാധവനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അന്വേഷണസംഘത്തിനു പച്ചക്കൊടി

0

കൊച്ചി ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്ന കാവ്യാ മാധവനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ അന്വേഷണസംഘത്തിനു പച്ചക്കൊടി. ആത്മവിശ്വാസമുണ്ടെങ്കില്‍ കൂടുതല്‍ നടപടികളിലേക്കു കടക്കാമെന്നാണു നിയമോപദേശം.
കോടതിയില്‍ കേസ്‌ വരാനുള്ള സാധ്യത കണക്കിലെടുത്തു തിരിച്ചടിയുണ്ടാവില്ലെന്നു ഉറപ്പാക്കിവേണം മുന്നോട്ടുനീങ്ങാനെന്നും അന്വേഷണസംഘത്തിനു നിര്‍ദേശമുണ്ട്‌.
ഈ സാഹചര്യത്തില്‍ അതിനു വ്യക്‌തവും ശക്‌തവുമായ തെളിവു നിരത്തിയാകും അന്വേഷണസംഘം മുന്നോട്ടു നീങ്ങുക. സാക്ഷിയെന്ന നിലയില്‍ കാവ്യ ചോദ്യംചെയ്യലിനോടു നിസഹകരിക്കുന്ന പക്ഷം എടുക്കേണ്ട നടപടികളെപ്പറ്റി ക്രൈംബ്രാഞ്ച്‌ സംഘം നിയമോപദേശം തേടിയിരുന്നു.
സി.ആര്‍.പി.സി. 160 പ്രകാരമാണു നിലവില്‍ നോട്ടിസ്‌ നല്‍കിയത്‌. ഇതനുസരിച്ച്‌ 65 വയസു പിന്നിട്ടവര്‍, സ്‌ത്രീകള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരുടെ വീട്ടിലെത്തിവേണം സാക്ഷിമൊഴിയെടുക്കാന്‍.
സി.ആര്‍.പി.സി. സെക്ഷന്‍ 41 (എ) പ്രകാരം നോട്ടിസ്‌ നല്‍കി ചോദ്യം ചെയ്യുന്നതാണു ഇനി പരിഗണിക്കുന്നത്‌. പ്രതിയാകാന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്നവര്‍ക്കുള്ള നോട്ടിസ്‌ പ്രകാരം ചോദ്യം ചെയ്യലിനു വിളിപ്പിച്ചാല്‍ സ്‌ത്രീയെന്ന പരിഗണന ഇവര്‍ക്കു ലഭിക്കില്ല. എ.ഡി.ജി.പി: എസ്‌. ശ്രീജിത്ത്‌ നേരിട്ട്‌ അന്വേഷിക്കുന്നതിനാല്‍ തീരുമാനം ഉടനുണ്ടായേക്കും.
തുടരന്വേഷണത്തില്‍ കാവ്യാ മാധവന്‌ ആക്രമണത്തിന്‌ ഇരയായ നടിയോടു കടുത്ത പകയുണ്ടായിരുന്നെന്നും അവരാണ്‌ ആക്രമണം ആസൂത്രണം ചെയ്‌തതെന്നും പ്രതിയുടെ സഹോദരന്‍ മറ്റൊരു വ്യക്‌തിയോടു സംസാരിക്കുന്ന ഓഡിയോ അന്വേഷണസംഘം കോടതിക്കു കൈമാറിയിട്ടുണ്ട്‌.
ഒന്നാംപ്രതി വെളിപ്പെടുത്തിയ മാഡം കാവ്യയാണോ എന്നതും നിര്‍ണായകമാണ്‌. കാവ്യയ്‌ക്കെതിരേ നേരത്തെ മുതല്‍ ആരോപണത്തിന്റെ മുന നീണ്ടിരുന്നുവെന്നതും ചൂണ്ടിക്കാട്ടി 41 (എ) പ്രകാരം നോട്ടിസ്‌ നല്‍കാം. അങ്ങനെയെങ്കില്‍ പോലീസ്‌ ഭീഷണി ആരോപിച്ചോ മുന്‍കൂര്‍ജാമ്യത്തിനോ കോടതിയെ സമീപിക്കാനാവും കാവ്യയുടെ നീക്കം.

Leave a Reply