‘ജാക്ക് ആൻഡ് ജിൽ’
സിനിമ അത്ര പോരെങ്കിലും മഞ്ജു വാര്യരുടെ സൗന്ദര്യവും ഗംഭീര അഭിനയും ആസ്വദിക്കാം

0

വിശ്വ പുരുഷോത്തമൻ

‘ജാക്ക് ആൻഡ് ജിൽ’ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ സിനിമ അത്ര പോരാ എന്ന് പറയും. കൂട്ടത്തിൽ ഒരു മറുപടി കൂടി വരും സിനിമ അത്ര പോരെങ്കിലും മഞ്ജു വാര്യരുടെ സൗന്ദര്യവും ഗംഭീര അഭിനയും ആസ്വദിക്കാമെന്ന്. അത്രക്ക് നല്ല അഭിനയമാണ് മഞ്ജുവിൻ്റേത്.
പാർവതിയായി എത്തുന്ന മഞ്ജു വാരിയരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല ആക്‌ഷൻ രംഗങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ചവച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ ദൃശ്യവിസ്മയങ്ങൾ ഒരുക്കിയ, മലയാളത്തിന് ‘അനന്തഭദ്ര’വും ‘ഉറുമി’യും പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ശിവന്റെ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ എന്ന് പറയുക ഇല്ല. സന്തോഷ് ശിവൻ വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന മലയാള ചിത്രം എന്ന നിലയിൽ പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു ‘ജാക്ക് ആൻഡ് ജിൽ’. മഞ്ജു വാര്യർ നായികയാകുന്നു എന്നതും പ്രേക്ഷകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. എന്നാൽ ആ പ്രതീക്ഷകൾക്കൊപ്പമുയരാൻ ചിത്രത്തിനോ സന്തോഷ് ശിവനിലെ സംവിധായകനോ കഴിഞ്ഞില്ലെന്ന് നിരാശയോടെ പറയേണ്ടി വരും.

മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്തൊരു മേഖലയാണ് സയൻസ് ഫിക്‌ഷൻ. മനുഷ്യമനസിനും അതീതമായ ചിന്തകളുടെ കഥ പറയുന്ന മായാകാഴ്ചകളാകും ഇത്തരം സിനിമകളുടെ പ്രത്യേകത. ഹോളിവുഡ് സിനിമകളിലൂടെ മാത്രം കണ്ട് ശീലിച്ച ഈ കാഴ്ചാലോകത്തേയ്ക്കാണ് ജാക്ക് ആൻഡ് ജില്ലും നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ.

ലണ്ടനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ കേഷ് എന്ന കേശവിലൂടെയാണ് കഥയുടെ തുടക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഏറ്റവും മികച്ച ഹ്യൂമനോയ്ഡ് (മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിവുള്ള റോബട്) കണ്ടുപിടിത്തതിന് ആ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കുന്നത് കേഷ് ആണ്. എന്നാൽ ഇതൊന്നുമല്ല കേഷിന്റെ സ്വപ്നം. അച്ഛന്റെ മുടങ്ങിപ്പോയ ‘ജാക്ക് ആൻഡ് ജില്‍ എന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്വപ്‌നം യാഥാർഥ്യമാക്കാന്‍ കേഷ് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു.

ആ പരീക്ഷണം നടത്തണമെങ്കിൽ ജീവനുള്ള മനുഷ്യശരീരം ആവശ്യമാണ്. നാട്ടിലെ കൂട്ടുകാരുടെ സഹായത്താൽ പരീക്ഷണത്തിനായി പാര്‍വതിയെന്ന പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നു. ആ പരീക്ഷണം നടത്തുന്നതിലുമൂടെ കേഷിന്റെയും പാർവതിയുടെയും ജീവിതത്തിൽ ചില അപ്രതീക്ഷിതകാര്യങ്ങൾ നടക്കുന്നു. സയൻസ് ഫിക്‌ഷൻ ചിത്രമെന്നതിലുപരി പണത്തോടുള്ള മനുഷ്യന്റെ ആർത്തിയും അതുവരുത്തിവയ്ക്കുന്ന പ്രത്യഘാതകളും ചിത്രത്തിലൂടെ പറയുന്നുണ്ട്.

പൃഥ്വിരാജിന്റെ ആമുഖത്തോടെ എത്തുന്ന ചിത്രം തുടക്കം സയൻസ് ഫിക്‌ഷനും നർമവും ഇടകലർന്നാണ് മുന്നോട്ടുപോകുന്നത്.

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുരേഷ് കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ എന്നിവരാണ് സംഭാഷണം.

ജേക്സ് ബിജോയ്, ഗോപിസുന്ദർ, റാം സുരേന്ദൻ എന്നിവരുടേതാണ് സംഗീതം. മഞ്ജു ആലപിക്കുന്ന കിം കിം കിം എന്ന ഗാനം അതിന്റെ വരികളാലും കൊറിയോഗ്രഫിയാലും ഗംഭീരമാകുന്നുണ്ട്.

കേഷ് എന്ന യുവശാസ്ത്രഞ്ജനെ കാളിദാസ് മനോഹരമാക്കി. കുട്ടാപ്സ് എന്ന ഹ്യൂമനോയ്ഡ് ആയി സൗബിന്‍ ഷാഹിറും തിളങ്ങി. നെടുമുടി വേണു, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, എസ്തര്‍ അനില്‍, ഷെയ്‌ലി ക്രിഷന്‍, സുനില്‍ വർഗീസ്, രാജേഷ് ബാബു, ഐഡാ സോഫി സ്‌ട്രോം എന്നിവരാണ് മറ്റു താരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here