ഭായിമാരുടെ സേവനം സർക്കാർ ഓഫീസുകളിലും; അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്താൻ കേരള സർക്കാർ; മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിയവർക്ക് ലഭിക്കുക 10 ശതമാനം മുന്നോക്ക സംവരണത്തിന്റെ ആനുകൂല്യം

0

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്കും വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കും സംവരണം ഏർപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തി സ്ഥിരതാമസമാക്കിയവർക്കാണ് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. 10 ശതമാനം സാമ്പത്തികസംവരണം ലഭിക്കുന്ന വിഭാ​ഗത്തിൽ ഉൾപ്പെടുത്തിയാകും ഇവർക്കും സംവരണം നൽകുക.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇവിടെവന്ന് താമസിക്കുന്നവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് ഇ.ഡബ്‌ള്യൂ.എസ്. സർട്ടിഫിക്കറ്റ് അനുവദിക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. ഇതോടെ കേരളത്തിലെ മുന്നോക്ക സംവരണ ആനുകൂല്യം ലഭിക്കുന്നവരെയാകും ഇത് ബാധിക്കുക. പുതിയ ഒരു വിഭാഗത്തിനുകൂടി ആനുകൂല്യം ലഭിക്കുന്ന കാര്യമായതിനാൽ ഫയൽ മന്ത്രിസഭയ്ക്കുവിടാൻ മുഖ്യമന്ത്രി നിർദേശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം ബാധകമായതിനാൽ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം മാറ്റിവെച്ചിരിക്കുകയാണ്.

സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് (ഇ.ഡബ്‌ള്യൂ.എസ്.) 103ാം ഭരണഘടനാഭേദഗതിയിലൂടെ 2019-ൽ കേന്ദ്രസർക്കാർ 10 ശതമാനം സംവരണം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനങ്ങളിൽ ഇത് ബാധകമാക്കുന്നത് അതത് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാനും അധികാരം നൽകി.

ഇതനുസരിച്ച് ജസ്റ്റിസ് കെ. ശശിധരൻ നായർ കമ്മിഷനെ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ചു. വാർഷിക കുടുംബവരുമാനം നാലുലക്ഷത്തിൽ താഴെയുള്ളവർക്ക് സാമ്പത്തികസംവരണം നൽകാമെന്ന കമ്മിഷന്റെ ശുപാർശ 2020 ഒക്ടോബറിൽ സർക്കാർ നടപ്പാക്കി.

നിലവിൽ, ഇങ്ങോട്ടു കുടിയേറിയ ഇതരസംസ്ഥാനക്കാർക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമല്ല. എന്നാൽ, 2019-ൽ ഇവർക്ക് ജാതിസർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനം തീരുമാനിച്ചിരുന്നു. ജാതിസർട്ടിഫിക്കറ്റ് നൽകാൻ ബാധകമാക്കിയ വ്യവസ്ഥകളാണ് സാമ്പത്തികസംവരണം നൽകാനുള്ള സർട്ടിഫിക്കറ്റിനും ബാധകമാക്കുന്നത്.

മറ്റു സംവരണമൊന്നും ഇല്ലാത്തവർക്കുള്ള സംവരണമായതിനാൽ അതിഥിത്തൊഴിലാളികൾക്കായിരിക്കില്ല കൂടുതലായി ഇതിന്റെ പ്രയോജനം ലഭിക്കുക. പകരം, ഇടത്തരം ജോലിക്കും മറ്റുമായി കുടിയേറിയ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്ളവർക്കായിരിക്കും.

ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടിയേറിയവർക്ക് സാമ്പത്തികസംവരണം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ മുന്നാക്കവിഭാഗ കമ്മിഷനോട് അഭിപ്രായം ചോദിച്ചിരുന്നു. നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങളുടെ സാധ്യതകളെ ഇത് ബാധിക്കാമെന്നതിനാൽ കേന്ദ്രസർക്കാർ ജോലിക്കും മറ്റും ആനുകൂല്യം ലഭിക്കുംവിധം സർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

എന്നാൽ, ദേശീയതലത്തിൽ സംവരണേതര വിഭാഗങ്ങൾക്കായി നടപ്പാക്കിയ സംവരണം മറ്റൊരു സംസ്ഥാനത്തുനിന്നുവന്ന് സ്ഥിരതാമസമാക്കി എന്നതുകൊണ്ട് നിഷേധിക്കാനാകില്ലെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിലേക്കു നീങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here