തുടരന്വേഷണത്തിന് കൂടുതൽ സമയം വേണം; അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമര്‍പ്പിച്ചു

0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു. സിനിമാ രംഗത്ത് നിന്നുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് കോടതിക്ക് നൽകി.

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നൽകിയിരുന്ന ഒരു മാസത്തെ സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാൽ, അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് അന്വേഷണസംഘം ഇന്ന് കോടിതിയോട് ആവശ്യപ്പെട്ടത്. അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി വിചാരണക്കോടതി സുപ്രീംകോടതിയോട് തേടിയിട്ടുണ്ട്.

നേരത്തെ, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയിൽ വാദിച്ചത്.

Leave a Reply