നിർമാണം നടക്കുന്ന വല്ലം-പാറപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം താഴ്ത്തിയ ഭാഗത്ത് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ.

0

പെരുമ്പാവൂർ : നിർമാണം നടക്കുന്ന വല്ലം-പാറപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിനായി സ്ഥലം താഴ്ത്തിയ ഭാഗത്ത് കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഒരുമാസം മുൻപ് 30 അടിയോളം താഴ്ത്തിയ ഭാഗത്ത് സമീപ പുരയിടങ്ങളിലെ മണ്ണ് ദിവസവും ഇടിഞ്ഞുപോവുകയാണ്. ജാതി, തെങ്ങ്, പന തുടങ്ങിയ മരങ്ങളും കടപുഴകി വീഴുന്നു. സ്ഥലം വിട്ടുനൽകിയവരുടെ വീടുകളും ഭീഷണിയിലാണ്.

പരാതി അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുളള അനങ്ങാപ്പാറ നയത്തിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. അപ്രോച്ച് റോഡിനായി ഒരു സെന്റ് മുതൽ 10 സെന്റ് വരെ സ്ഥലം വിട്ടുനൽകിയവരാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഭീഷണിയിലായത്.

അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രശ്നത്തിന് കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. കിഴക്കുംതല എബി, എടപ്പുളവൻ പിയൂസ്, ആപ്പാടൻ തോമസ് എന്നിവരുടെ പുരയിടങ്ങളാണ് രൂക്ഷമായ മണ്ണിടിച്ചിൽ ഭീഷണിയിലായത്. നഗരസഭയുടെയും ഒക്കൽ പഞ്ചായത്തിന്റെയും അതിർത്തിയിലൂടെയാണ് അപ്രോച്ച് റോഡ് പോകുന്നത്. വല്ലംകടവ് റോഡിൽ നിന്ന് 12 മീറ്റർ വീതിയിൽ അരക്കിലോമീറ്ററാണ് അപ്രോച്ച് റോഡിന്റെ നീളം.

ഒക്കൽ പഞ്ചായത്തിലൂടെയൊഴുകുന്ന ഓവുങ്ങ തോടും വല്ലം ലിഫ്റ്റ് ഇറിഗേഷന്റെ കനാലും സ്ഥലം കുഴിച്ചതിന്റെ ഭാഗമായി മണ്ണിട്ടുമൂടിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനേത്തുടർന്ന് പുനഃസ്ഥാപിച്ചു. പെരിയാറിന് കുറുകെ വല്ലം-പാറപ്പുറം പാലം പണി തുടങ്ങിയത് 2015-ലാണ്.

ഇഴഞ്ഞുനീങ്ങുന്ന പാലം പണിക്കിടെ 2018-ലെ പ്രളയത്തിൽ പാലത്തിന്റെ കുറേ ഭാഗങ്ങളും നിർമാണ സാമഗ്രികളുമെല്ലാം പുഴയിലൂടെ ഒലിച്ചുപോയി. 18 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയ പാലം മൂന്നുവട്ടം കരാറുകാർ ഉപേക്ഷിച്ചുപോയി. പിന്നീട് 11 കോടി രൂപ കൂടി അനുവദിച്ച് ജനുവരിയിൽ നിർമാണം പുനരാരംഭിച്ചിട്ടുണ്ടെങ്കിലും മെല്ലേപ്പോക്ക് നയത്തിൽ മാറ്റമില്ല.

ഇതിനിടെയാണ് ഒരുമാസം മുൻപ് വല്ലംകടവ് റോഡിൽ നിന്ന് പാലത്തിലേയ്ക്കുള്ള അപ്രോച്ച് റോഡിനായി സ്ഥലം കുഴിച്ചത്. പെരിയാറിന് കുറുകേ പെരുമ്പാവൂർ-ആലുവ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് വല്ലം-പാറപ്പുറം പാലം. പാലം വല്ലംകടവ് റോഡിലേയ്ക്ക് ബന്ധിപ്പിക്കുന്നതിന് പകരം അലൈൻമെന്റ് മാറ്റി നിശ്ചയച്ചതിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here