യോഗ നേതൃത്വത്തിനെതിരായ വെല്ലുവിളികള്‍ നേരിടും: വെള്ളാപ്പള്ളി നടേശന്‍

0

ചേര്‍ത്തല: യോഗ നേതൃത്വത്തിനെതിരേ ഉയരുന്ന വെല്ലുവിളികളെ ശക്‌തമായി നേരിടുമെന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്നും എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ പെന്‍ഷനേഴ്‌സ്‌ കൗണ്‍സിലില്‍ വാര്‍ഷിക സമ്മേളനം കണിച്ചുകുളങ്ങരയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ സാധാരണക്കാരുടെ ഇടയില്‍നിന്ന്‌ സംഘടന പ്രവര്‍ത്തനം നടത്തി വന്നയാളാണ്‌. തന്റെ നേതൃത്വത്തില്‍ യോഗം കൈവരിച്ച നേട്ടങ്ങള്‍ കൂട്ടായ്‌മയുടെ വിജയമാണ്‌. മൈക്രോ ഫിന്‍നാസ്‌ പദ്ധതി സമുദായാംഗങ്ങള്‍ക്ക്‌ ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
യോഗ വാര്‍ഷികം തടയാനുള്ള ശ്രമങ്ങളാണു നടക്കുന്നത്‌. 32 ലക്ഷം അംഗങ്ങളെ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന ആവശ്യം പ്രായോഗികമല്ല. 1974 ല്‍ പ്രഫ. പി.എസ്‌. വേലായുധന്‍ ജനറല്‍ സെക്രട്ടറിയായിരുക്കുമ്പോഴാണ്‌ പ്രാതിനിധ്യ വോട്ടവകാശം വഴി വാര്‍ഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്‌. 1975 ല്‍ യോഗം ബൈലോ ദേദഗതി ചെയ്‌തു. ഒരു ശാഖയില്‍ നിന്ന്‌ 100 അംഗങ്ങള്‍ക്ക്‌ ഒരു പ്രതിനിധിയെന്ന നിലയില്‍ പ്രാതിനിധ്യ പൊതുയോഗം ചേര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ നടത്താന്‍ തീരുമാനിച്ചിരുന്നു.
അന്ന്‌ 60,000 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 1999 ആയപ്പോഴേക്കും യോഗത്തിന്റെ അംഗസംഖ്യ 12 ലക്ഷമായി വര്‍ധിച്ചതിനാല്‍ 200 അംഗങ്ങള്‍ക്ക്‌ ഒരു പ്രതിനിധിയെന്ന നിലയില്‍ യോഗം ബൈലോ 44 ദേദഗതി ചെയ്‌തിരുന്നു. ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ യോഗനേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു തീരുമാനം. ഇപ്രകാരമാണ്‌ കഴിഞ്ഞ തവണ വരെ തെരഞ്ഞെടുപ്പ്‌ നടത്തി ഭാരവാഹികളേയും ബോര്‍ഡ്‌ അംഗങ്ങളേയും തെരഞ്ഞെടുത്തത്‌. ഇതിനിടെ പ്രതിനിധ്യ വോട്ടവകാശം അനുവദിച്ചു തരാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലൂടെ സംസ്‌ഥാന സര്‍ക്കാരിന്‌ കൈമാറിയിരുന്നു. ഇതനുസരിച്ച്‌ 2018 ല്‍ സംസ്‌ഥാന സര്‍ക്കാരിന്‌ യോഗം അപേക്ഷ നല്‍കിയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വൈസ്‌ പ്രസിഡന്റ്‌ പി.കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം സജീവ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പി.കെ പ്രസന്നന്‍, സി.എം ബാബു, പി.എസ്‌.എന്‍ ബാബു, വി.എം പുരുഷോത്തമന്‍, പി.വി രജിമോന്‍, അജുലാല്‍, ഡോ. വി. ശ്രീകുമാര്‍, ഡോ. കെ. സോമന്‍, എം.കെ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രഫ. പി.ആര്‍ ജയചന്ദ്രന്‍ (പ്രസിഡന്റ്‌), കെ.എം സജീവന്‍ (സെക്രട്ടറി), ഡോ. ആര്‍. ബോസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply