സംസ്‌ഥാനത്ത്‌ ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌

0

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്‌ഥാനത്ത്‌ ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യതയെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.
അതിതീവ്ര ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്‌ക്ക്‌ 310 കിലോമീറ്റര്‍ വടക്ക്‌ കിഴക്കായും നാഗപട്ടണത്തിന്‌ 300 കിലോമീറ്റര്‍ കിഴക്ക്‌ – തെക്കുകിഴക്കായും പുതുച്ചേരിയില്‍നിന്ന്‌ 320 കിലോമീറ്റര്‍ കിഴക്ക്‌- തെക്കുകിഴക്കായും ചെന്നൈയില്‍നിന്ന്‌ 390 കിലോമീറ്റര്‍ തെക്ക്‌ – തെക്കുകിഴക്കായുമാണ്‌ സ്‌ഥിതിചെയ്യുന്നത്‌. വടക്ക്‌ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്രന്യൂനമര്‍ദം അടുത്ത 36 മണിക്കൂറില്‍ പടിഞ്ഞാറ്‌ – തെക്കുപടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിച്ച്‌ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്കു നീങ്ങാനാണു സാധ്യത.
കേരള, കര്‍ണാടക, ലക്ഷദ്വീപ്‌ തീരങ്ങളില്‍ മത്സ്യബന്ധനത്തിന്‌ തടസമില്ല. എന്നാല്‍ ആറ്‌, ഏഴ്‌ തീയതികളില്‍ തെക്ക്‌ പടിഞ്ഞാറ്‌ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട്‌ ചേര്‍ന്നുള്ള മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വടക്കന്‍ തമിഴ്‌നാട്‌ തീരം, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്‌ വീശാന്‍ സാധ്യതയുള്ളതുകൊണ്ട്‌ ഈ ഭാഗത്ത്‌ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.
അതേസമയം, ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്‌. അപകടകരമായ അവസ്‌ഥ മനസിലാക്കി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്‌ സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Leave a Reply