ആരേയും ആകർഷിക്കുന്ന പരസ്യം; സ്ത്രീകളുടെ മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തിയുള്ള തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്തുള്ള ലൈം​ഗിക പീഡനവും; തിരുവനന്തപുരത്തെ നല്ലവനായ ഉണ്ണി പിടിയിലായ കഥ ഇങ്ങനെ..

0

തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിയെ മെയ് 31 ന് ഹാജരാക്കാൻ കോടതി ഉത്തരവ്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പിടിയിലായ സനിത്. എം.എസ് നിരവധി വഞ്ചനാ കേസുകളിലെ പ്രതിയാണ്. സിറ്റി മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ഒ എൽ എക്‌സ് മുഖേന ജോലിക്കാരെ ആവശ്യമുണ്ടെന് വ്യാജ പരസ്യം ചെയ്താണ് പ്രതി തട്ടിപ്പിന് കളമൊരുക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. യുവതിയെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ജോലി വാഗ്ദാനം ചെയ്ത് 2019 മെയ് 2 ന് കവഡിയാർ ഭാഗത്ത് നിന്ന് കാറിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയ ശേഷം ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തുവെന്നും ലോഡ്ജ് ബില്ലടക്കാൻ യുവതിയുടെ 10 പവന്റെ മാല വാങ്ങിയ ശേഷം പ്രതി പണം തിരിച്ചു നൽകാതെ ചതിച്ചുവെന്നുമാണ് കേസ്.

2022 ജനുവരി 22 ന് അറസ്റ്റിലായ പ്രതിക്ക് മാർച്ച് 30നാണ് ജില്ലാക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതി പല സ്ത്രീകളുടെയും മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തി വ്യാജ ഫോൺ നമ്പരുകൾ ഉണ്ടാക്കുകയും അതുപയോഗിച്ച് സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. പരസ്യം കണ്ട് ബന്ധപ്പെട്ട് ചതിയിലായ സ്ത്രീയുടെ പരാതിയിലാണ് സനിതിനെ അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായി ബന്ധപ്പെടാതെ പല സ്ഥലങ്ങളിലായി മാറി മാറി താമസിക്കുന്ന പ്രതിയുടെ മൊബൈൽ നമ്പരും സമൂഹ മാധ്യമ അക്കൗണ്ടുകളും പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി മ്യൂസിയം , കരമന , കന്റോൺമെന്റ് , മെഡിക്കൽ കോളേജ് , റൂറൽ കാട്ടാക്കട , നെടുമങ്ങാട്.പൊലീസ് സ്റ്റേഷനുകളിൽ സനിത്തിനെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here