പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നതെന്ന് എ എ റഹീം എം പി

0

കൊച്ചി: പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നതെന്ന് എ എ റഹീം എം പി. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ഇടപെട്ടത് ഇടത് മുന്നണി ആണെന്നും അദ്ദേഹം പ്രതികരിച്ചു. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുവപ്പടി നൽകുകയായിരുന്നു റഹീം.

‘എൽ ഡി എഫ് കേരളം ഭരിച്ചിരുന്നത് കൊണ്ടുമാത്രമാണ്, പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടുമാത്രമാണ് ദിലീപ് ജയിലിൽ കിടന്നത്. കേസിന്റെ ആദ്യ ഘട്ടത്തിൽ എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞ് പോയവരാണ് പിന്നീട് തുടരന്വേഷണത്തിനായി വന്നത് പക്ഷെ പൊലീസും ആഭ്യന്തരവകുപ്പും അത് ഉപേക്ഷിച്ചില്ല.അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാൻ ഇടപെട്ടത് ഇടത് മുന്നണിയാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദർശനം അപകടകരമായ സൂചനയാണ്’- എ റഹീം എം പി ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാനൊരുങ്ങി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി അതിജീവിത. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നും ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി.നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കാണാനുള്ള സമയവും തിയതിയും നമ്മൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതിൽ കൂടി കുറേക്കാര്യങ്ങളിൽ വ്യക്തത വരുമെന്നും ഹർജി വീണ്ടും പരി​ഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാർത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.
കേസ് അട്ടിമറിക്കപ്പെടുന്നോയെന്ന ഭയം അതിജീവിതക്കുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. അതീജീവിതയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. അവളെ സംബന്ധിച്ച് എങ്ങനെയൊക്കെ പോയാലാണ് നീതി കിട്ടുകയെന്നാണ് ചിന്തിക്കുന്നതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.കേസില്‍ തുടരന്വേന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്നാണ് ഇന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കേസിലെ സമയ പരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ പറഞ്ഞു. തുടരന്വേഷണത്തില്‍ അട്ടിമറി നടക്കുന്നെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം അതിജീവിതയുടെ ഹര്‍ജിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണ്. അതിജീവിത നിര്‍ദ്ദേശിച്ചയാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ അതിജീവിതയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നില്ല. കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടേണ്ടതുണ്ടെന്നും അതിനാല്‍ അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയെ പരിഹസിച്ച് സാറാ ജോസഫ്
കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പരോക്ഷമായി പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. കേസില്‍ നടിക്ക് നീതി കിട്ടുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് സാറാ ജോസഫിന്റെ പരിഹാസം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം.
‘കഴിഞ്ഞ അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവള്‍ക്കൊപ്പമായിരുന്നു എന്നതിന് ജനങ്ങള്‍ സാക്ഷിയാണ്. ഇനി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാകുമെന്ന് തീര്‍ച്ച. അങ്ങനെ ഒടുവില്‍ അവള്‍ക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നല്ല’, പരിഹാസ രൂപേണ സാറാ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേസിലെ സര്‍ക്കാര്‍ നിലപാടിനെ മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിതയും ശക്തമായി വിമര്‍ശിച്ചു. അതിജീവിതക്കൊപ്പമെന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനെ അവസാന ഘട്ടത്തില്‍ മാറ്റിയത് സംശയാസ്പദമാണെന്നും അജിത പറഞ്ഞു. അതിജീവിതയ്ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് സംശയിക്കുന്നു. കേസ് ഇങ്ങനെ പോയാല്‍ ഒന്നുമല്ലാതാകും. സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here