60 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 3 വർഷത്തെ ഇടവേളയ്ക്കുശേഷം സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുന്നു

0

തിരുവനന്തപുരം ∙ 60 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 3 വർഷത്തെ ഇടവേളയ്ക്കുശേഷം സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുന്നു. ഇതിനു മുന്നോടിയായി 2006 ഡിസംബർ വരെ സർവീസിൽ കയറിയ 306 ഗവ. കോളജ് അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

6 ഗവ. കോളജുകളിൽ മാത്രമേ ഇപ്പോൾ സ്ഥിരം പ്രിൻസിപ്പൽമാർ ഉള്ളൂ. മറ്റെല്ലായിടത്തും 2019 മുതൽ ഇൻചാർജ് ഭരണമാണ്. 2018 ലെ യുജിസി ചട്ടങ്ങൾ അനുസരിച്ച് പ്രിൻസിപ്പൽമാരുടെ യോഗ്യത പുതുക്കി ഉത്തരവ് ഇറക്കിയതോടെയാണു നിയമനത്തിനുള്ള തടസ്സം നീങ്ങിയത്. 60 പേർ പ്രിൻസിപ്പൽമാർ ആകുന്നതോടെ താഴെത്തട്ടിൽ 60 പേർക്ക് അസി. പ്രഫസർമാരായി നിയമനം ലഭിക്കും.

യുജിസി നിബന്ധനപ്രകാരം സിലക്‌ഷൻ കമ്മിറ്റിയാണു പ്രിൻസിപ്പൽ യോഗ്യതയുള്ളവരെ കണ്ടെത്തുക. പിഎച്ച്ഡി ഉള്ള പ്രഫസർമാരെയോ അസോഷ്യേറ്റ് പ്രഫസർമാരെയ‌ോ നിയമിക്കണം. ഗവ. കോളജുകളിൽ 15 വർഷത്തെ അധ്യാപനപരിചയമോ ഗവേഷണപരിചയമോ വേണം. മറ്റു ജോലികളിലെ ഡപ്യൂട്ടേഷൻ പരിഗണിക്കില്ല. യുജിസി അംഗീകൃത പ്രസിദ്ധീകരണങ്ങളിൽ 10 പ്രബന്ധങ്ങളെങ്കിലും പ്രസിദ്ധീകരിക്കണം. കുറഞ്ഞ റിസർച് സ്കോർ 110 ആണ്. സർക്കാർ ഉത്തരവിൽ പ്രിൻസിപ്പൽമാരുടെ പുതിയ യോഗ്യതയ്ക്ക് 2018 ജൂലൈ 18 മുതൽ മുൻകാല പ്രാബല്യം നൽകിയിട്ടുണ്ട്.

ഗവ. കോളജുകളിലെ സീനിയർ അധ്യാപകർക്ക് പ്രിൻസിപ്പൽ ആകാൻ യുജിസി നിശ്ചയിച്ച യോഗ്യത ഇല്ലാത്തതിനാലാണ് ഇത്രയും കാലം അവരുടെ ഇൻചാർജ് ഭരണം തുടർന്നത്. ഇതുസംബന്ധിച്ചു പലതവണ കോടതിവിധികൾ വന്നെങ്കിലും തീരുമാനം നീളുകയായിരുന്നു. ഒടുവിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സമിതി യോഗ്യതയുള്ള അധ്യാപകരുടെ ഇന്റർവ്യൂ നടത്തി എൺപതോളം പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ പട്ടികയിലുള്ളവരുടെ പേരുകൾ പിഎസ്‌സി അംഗം ചെയർമാനായുള്ള വകുപ്പുതല പ്രമോഷൻ സമിതി അംഗീകരിക്കുന്ന മുറയ്ക്കാകും നിയമനം.

പ്രിൻസിപ്പലിനും പ്രഫസർക്കും തുല്യശമ്പളമായതിനാൽ ഉത്തരവാദിത്തമേറെയുള്ള പ്രിൻസിപ്പൽ പദവിക്കു ശ്രമിക്കാതെ പ്രഫസറായി തുടരുന്നവരുണ്ട്. എന്നാൽ, ഭാവിയിൽ കോളജ് വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ,‍ ഡപ്യൂട്ടി ‍ഡയറക്ടർമാർ എന്നിവരെ നിയമിക്കുന്നത് പ്രിൻസിപ്പൽമാരിൽ നിന്നായിരിക്കും.

എയ്ഡഡ് കോളജ് അധ്യാപകർ ആയിരിക്കെ പിഎസ്‌സി പരീക്ഷ എഴുതി ഗവ. കോളജിലേക്കു മാറിയവർ പ്രിൻസിപ്പൽ സ്ഥാനത്തേക്ക് അപേക്ഷിക്കുമ്പോൾ ഗവ. കോളജിലെ സീനിയോറിറ്റി മാത്രമേ പരിഗണിക്കുന്നുള്ളൂ. എയ്ഡഡ് കോളജുകളിലെ സർവീസ് കൂടി പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here