ശബരിമല പാതയിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞ് അപകടം; എട്ട് തീർഥാടകർക്ക് പരുക്ക്

പത്തനംതിട്ട: ശബരിമല പാതയിൽ അട്ടത്തോട്ടിൽ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് ചരിഞ്ഞ് അപകടം. അപകടത്തിൽ എട്ട് തീർഥാടകർക്ക് പരുക്കേറ്റു.

ബസ് മരത്തിൽ തട്ടി നിന്നതിനാൽ ആണ് വൻ അപകടം ഒഴിവായത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവീസ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

അനധികൃത കെട്ടിട നിർമ്മാണത്തിനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥയ്ക്ക് ഭീഷണി

വൈറ്റില സോണൽ ഓഫീസിന് കീഴിൽ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി സ്റ്റോപ് മെമ്മോ നൽകിയ ഉദ്യോഗസ്ഥക്ക് എസ് ഡി പി ഐയുടെ പേര് പറഞ്ഞ് ഭീഷണി. ഭീഷണിപ്പെടുത്തിയത് ഇടപ്പള്ളി സോണൽ ഓഫീസിലെ മെൽബിൻ എന്ന ഓവർസീയർ.

വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് മെൽബിൻ ഭീഷണിപ്പെടുത്തിയതെന്ന് വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്‌പെക്ടർ പ്രീത മീഡിയ മലയാളത്തോട് പറഞ്ഞു . അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശമായി പറഞ്ഞതായി ഓർക്കുന്നില്ലന്നും മെൽബിനും പ്രതികരിച്ചു.

രാസലഹരി കൈവശം; കൊച്ചിയിൽ ദന്ത ഡോക്ടർ പിടിയിൽ

കൊച്ചി: രാസലഹരിയുമായി ദന്ത ഡോക്ടർ പിടിയിൽ. തിരുവനന്തപുരം ശാസ്തമംഗലം ‘ഡി സ്മൈൽ’ ആശുപത്രിയിലെ രഞ്ജു ആന്റണിയാണ് പിടിയിലായത്. ആലപ്പുഴ പാതിരപ്പിള്ളി സ്വദേശിയാണ് രഞ്ജു. ഇയാളിൽ നിന്ന് 2 ഗ്രാം എംഡിഎംഎ, 18 ഗ്രാം എൽഎസ്ഡി, 33 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പേട്ടയിലെ ഫ്ലാറ്റിൽ നിന്ന് ഹിൽ പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

0

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. എന്നാൽ എവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റ് വിവരവും  ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.  പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.  പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് താരം ആക്രമിക്കപ്പെട്ടത്. സെയ്ഫ് അലി ഖാനെ കൂടാതെ വീട്ടുജോലിക്കാരായ രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അക്രമി  ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്നാണ്  വീട്ടുജോലിക്കാർ പൊലീസിന് നൽകിയ  മൊഴി. സെയ്ഫിന്റെ അപ്പാർട്ട്മെന്റിലേക്ക് എമർജൻസി സ്റ്റെയർകെയ്സ് വഴിയാണ് കള്ളൻ കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പ്രതിയുടെ ചിത്രവും പൊലീസ് പുറത്തു.  ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ്  പുറത്തുവിട്ടത്. മുംബൈ പൊലീസ്  പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതിക്കായി തെരച്ചിൽ നടത്തിയത്.

സെയ്ഫിന്റെ മക്കളായ തൈമൂറിന്റെയും ജെഹിന്റെയും മുറിയിലാണ് സംഭവം നടന്നത്. അതിസമ്പന്നർ മാത്രം താമസിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ   കിടപ്പുമുറി വരെ അക്രമി എത്തിയത് സംബന്ധിച്ച  അവ്യക്തതകൾ തുടരുകയാണ്. വീട്ടിലുള്ള ആളുകളിലേക്കും സംശയമുന നീളുന്നുണ്ട്.  പോലീസ് സംഘം സെയ്ഫിന്റെ വീട്ടിലെത്തി അഞ്ച് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. പ്രതിക്ക് വിട്ടിനുള്ളിൽ നിന്നും തന്നെ അകത്തേക്ക് കടക്കാൻ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

വീണ്ടും തിരിച്ചടി; ജയിലിൽ തന്നെ കിടന്നാൽ മതിയെന്ന് സുപ്രീംകോടതി; PFI മുൻ ചെയർമാൻ ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി

0

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. യുഎപിഎ കേസിന്മേൽ നടപടികൾ പുരോഗമിക്കുന്നതിനാൽ പ്രതിയെ ജാമ്യത്തിൽ വിടാനാകില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു അബൂബക്കറിന്റെ വാദം. നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

2022-ൽ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചതിന്റെ ഭാഗമായാണ് അബൂബക്കർ അറസ്റ്റിലായത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് ഇ. അബൂബക്കർ. വിവിധ സംസ്ഥാനങ്ങളിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പിഎഫ്ഐ അം​ഗങ്ങൾ ​ഗൂഢാലോചന നടത്തുകയും രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഫണ്ട് ശേഖരിച്ചെന്നുമാണ് കേസ്. ഇന്ത്യൻ ഭരണഘടനയ്‌ക്ക് പകരം രാജ്യത്ത് ഇസ്ലാമിക നിയമപ്രകാരമുള്ള ഖിലാഫത്ത് ഭരണം സ്ഥാപിക്കാനായി സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ആയുധ പരീശിലനവും അബൂബക്കറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

അപൂർവ അർബുദ രോ​ഗമായ ‘​ഗ്യാസ്ട്രോ ഈസോഫേഷ്യൽ ജം​ഗ്ഷൻ അഡിനോകാർസിനോമ’ ബാധിതനാണ് താനെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആരോപണങ്ങൾ ​ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്‌ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

സെയ്ഫ് അലി ഖാനെ അക്രമിച്ച പ്രതി അറസ്റ്റിൽ; പിടിയിലായത് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാൾ മുംബൈ പൊലീസിന്റെ പിടിയിലാവുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടന്റെ ബാന്ദ്രയിലെ വീട്ടിൽ കടന്നുകയറിയ പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. പ്രതി ഒരു കോടി ആവശ്യപ്പെട്ടുവെന്നും നടന്റെ വീട്ടുജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പ് പൊലീസിനോട് പറഞ്ഞിരുന്നു. ഏലിയാമ്മ ഫിലിപ്പിനും മറ്റൊരു വീട്ടുജോലിക്കാരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

സെയ്ഫിന്റെ മകൻ ജേഹിന്റെ റൂമിൽ കയറിയ അക്രമി ഒരു കോടി ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കിൽ കുട്ടിയെ ആക്രമിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത് തടയാൻ ശ്രമിച്ച ഏലിയാമ്മയുടെ കൈക്ക് കത്തികൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് ഓടിയെത്തിയ നടനെ ആറ് തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വീട്ടുജോലിക്കാരി പൊലീസിനോട് പറഞ്ഞത്. പ്രതി വീട്ടിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

നടൻ ആക്രമിക്കപ്പെടുന്നതിന് രണ്ട് മണിക്കൂർ മുന്നേയാണ് ആക്രമികൾ വീടിനുള്ളിൽ പ്രവേശിപ്പിച്ചത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍ അകത്തു കയറി. മോഷണം തന്നെയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരി ആദ്യം ഉണര്‍ന്നു. തൊട്ടുപിന്നാലെ സെയ്ഫ് അലി ഖാനും ഇവിടേയ്ക്ക് എത്തി. മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടെ സെയ്ഫിനെ മോഷ്ടാക്കളില്‍ ഒരാള്‍ കുത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഉടന്‍ തെന്ന സെയ്ഫിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെയ്ഫിനേറ്റ കുത്തില്‍ രണ്ടെണ്ണം ആഴമേറിയതായിരുന്നു. നട്ടെല്ലിന് സമീപം കുത്തേറ്റതിനാല്‍ സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് താരം.

തൊട്ടാൽ പൊള്ളും സ്വർണം; സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോർഡ് നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് റെക്കോർഡ് നിരക്കിൽ. ഇന്ന് 480  രൂപയാണ് സ്വർണത്തിന് ഉയർന്നത്.

തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 400 രൂപ വർദ്ധിച്ച് വില 59,000  കടന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 59,600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,450 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വിപണി വില 6140 രൂപയാണ്.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഒന്നാം പ്രതി ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.

ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാർപ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലിൽ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.

ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്.

ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.

മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. കൊലപാതകം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ

തിരുവനന്തപുരം:   താൻ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ.

പരാതിക്ക് പിന്നിൽ മുസ്‌ലിം തീവ്രവാദികൾ എന്ന് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നുവെന്നും അപ്പോഴത്തെ ഒരു മനഃസ്ഥിതിയിൽ പറഞ്ഞതാണെന്നും സനന്ദൻ വിശദീകരിച്ചു.

അതേസമയം,   ഗോപന്‍ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ.

ഇന്നലെ രാവിലെയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

എത്തിയത് ജിതിനെ അക്രമിക്കാൻ: ചേന്ദമംഗലം കൂട്ടകൊലയിൽ പ്രതി ഋതുവിന്റെ മൊഴി പുറത്ത്

കൊച്ചി : മലയാളികളെ ഞെട്ടിച്ച ഒരു കൂട്ടക്കൊലപാതകത്തിന്റെവാർത്തയാണ് കഴിഞ്ഞദിവസം ചേന്ദമംഗലത്ത്നിന്നുണ്ടായത്.  കേസിലെ പ്രതി ഋതുവിന്റെ മൊഴി പുറത്ത് വന്നിരിക്കുകയാണ്.

പരിക്കേറ്റ ജിതിൻ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു തന്റെ ഉദ്ദേശമെന്നാണ് പ്രതി ഋതു ജയൻ (27) പൊലീസിന് മൊഴി നൽകി. ജിതിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് വേണുവിനെയും, ഉഷയെയും ആക്രമിച്ചത്. വിനീഷ ഓടിയടുത്തപ്പോൾ തലയ്ക്കടിച്ചു.

ഋതുവും അയൽവാസികളും തമ്മിൽ ഒരു വർഷത്തോളമായി തർക്കം നിലനിന്നിരുന്നുവെന്ന വിവരവും പുറത്ത് വന്നു. വിദേശത്തുള്ള തന്റെ സഹോദരിയെ ജിതിൻ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നുമാണ് ഋതുവിന്റെ മൊഴി.

ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.

കൊല്ലപ്പെട്ട പേരേപ്പാടം കാട്ടിപ്പറമ്പിൽ  വേണു(69), , ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരുടെ പോസ്റ്റ്മോർട്ടം പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് നടക്കും. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിൻ– വിനീഷ ദമ്പതികളുടെ മക്കളുടെ മുൻപിലായിരുന്നു ക്രൂരമായ ആക്രമണം

വെടിനിര്‍ത്തല്‍ കരാര്‍ ധാരണയായ ശേഷം ഗാസയില്‍ കൊല്ലപ്പെട്ടത് 73 പേര്‍, 20 കുട്ടികള്‍

ജറുസലേം: വെടിനിര്‍ത്തല്‍ക്കരാറില്‍ ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന റിപ്പോര്‍ട്ട് വന്നതിന് ശേഷം ഗാസയില്‍ കൊല്ലപ്പെട്ടത് 73 പേര്‍. ഇതില്‍ 20 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു.

15 മാസം പിന്നിട്ട യുദ്ധത്തില്‍ മരിച്ച പാലസ്തീന്‍കാരുടെ എണ്ണം 46,788 ആയി. വെടിനിര്‍ത്തല്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗാസയില്‍ ആഘോഷങ്ങള്‍ നടക്കുമ്പോഴായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോക്കം പോകുന്നുവെന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ക്കരാറിന് അംഗീകാരം നല്‍കുന്നത് ഇസ്രയേല്‍ മന്ത്രിസഭ മരവിപ്പിച്ചിരിക്കുകയാണ്. 2024 മെയില്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച, മൂന്നു ഘട്ടമായി വെടിനിര്‍ത്താനുള്ള കരാറാണ് ഏഴുമാസം നീണ്ട ചര്‍ച്ചയ്ക്കുശേഷം ഇപ്പോള്‍ ഇരുകൂട്ടരും അംഗീകരിച്ചത്. ഇതനുസരിച്ച് ആദ്യഘട്ടത്തില്‍ 42 ദിവസം വെടിനിര്‍ത്തലുണ്ടാകും. ഈ സമയത്ത് 33 ബന്ദികളെ ഹമാസ് ഇസ്രയേലിനു കൈമാറും. ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയയ്ക്കും.

മധ്യസ്ഥരായ ഈജിപ്തും ഖത്തറും യു.എസും ഇസ്രയേലിന്റെയും ഹമാസിന്റെയും പ്രതിനിധികളുമായി ദോഹയില്‍ നടത്തിയ ചര്‍ച്ചയില്‍ കരാറിന്റെ കാര്യത്തില്‍ ധാരണയായെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയും ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും വ്യാഴാഴ്ചയും ദോഹയില്‍ തുടരുകയാണെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രയേല്‍’ പത്രം റിപ്പോര്‍ട്ടുചെയ്തു.

അതേസമയം, ഹമാസുമായി കരാറുണ്ടാക്കുന്നതില്‍ നെതന്യാഹുവിന്റെ ഭരണസഖ്യത്തിലെ തീവ്രവലതുകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ദേശീയ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ കരാറില്‍ എതിര്‍പ്പറിയിച്ചു. യുദ്ധം തുടരാനാകുമെന്ന ഉറപ്പുവേണമെന്ന് മറ്റൊരുമന്ത്രി ബെസാലല്‍ സ്‌മോട്റിച്ച് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ കരാര്‍ ഇസ്രയേലിന് ഗുണമില്ലാത്തതും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കരാര്‍ നടപ്പായാല്‍ നെതന്യാഹുവിന്റെ ഭരണസഖ്യം തകരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്: ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവർണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കമായത്. പുതിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും നിയമസഭയ്ക്ക് പുറത്ത് സ്വീകരിച്ചു.

കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര ആര്‍ലേക്കര്‍  നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.

  മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് സ്വീകരിച്ചത്.

ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങള്‍ക്ക് നൽകിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.

ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

അടിസ്ഥാന സൌകര്യ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം. സർക്കാരിൻ്റെ നേട്ടങ്ങളും ഗവർണർ എണ്ണിപ്പറഞ്ഞു. ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുന്നുവെന്നും ഗവർണർ വ്യക്തമാക്കി. സ്റ്റാർട്ട് അപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ എടുത്തുപറയേണ്ടതാണെന്നുംപറഞ്ഞു. 62 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ നൽകുന്നുവെന്നും ഗവർണർ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുകയാണ്.

ചേന്നമംഗലം കൂട്ടക്കൊല: 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും, തർക്കം നടന്നത് നായയെ ചൊല്ലി

കൊച്ചി : എറണാകുളം ചേന്നമംഗലത്തെ കൂട്ട കൊലപാതകത്തിൽ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിലാണ് നടക്കുക.

ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതി ഋതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മിൽ കൊലപാതകത്തിനു തൊട്ടു മുൻപ് വീട്ടിൽ വളർത്തിയിരുന്ന നായയെ ചൊല്ലി തർക്കം നടന്നിരുന്നുവെന്നാണു വിവരം. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് ഋതു ഇവരുടെ വീട്ടിലെത്തിയത്. തുടർന്ന് ഋതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഋതുവിന്റെ കയ്യിൽ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ ഋതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകർത്തിയിരുന്ന വേണുവിന്റെ മകൾ വിനീഷയുടെ ഫോൺ ഇയാൾ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകൻ ജിതിൻ, മകൾ വിനീഷ എന്നിവരെ ഋതു തലയ്ക്കടിക്കുകയായിരുന്നുൂ. ജിതിൻ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാൾ ഉപദ്രവിച്ചില്ല.

കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. നേരത്തെ മാനസിക ആരോഗ്യപ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ കുടുംബാംഗങ്ങളെ അപഹസിച്ചതിലുള്ള വിരോധമാണ് പ്രകോപനമായതെന്നാണ് സൂചന.

ഒരുമാസത്തിനിടെ 2-ാമത്തെ വീഴ്ച; മാർപാപ്പയുടെ വലതുകൈയ്‌ക്ക് പരിക്ക്

0

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ വസതിയായ സാന്റ മാർത്ത ഹൗസിൽ വച്ചുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റത്. വലതുകൈത്തണ്ടയ്‌ക്ക് നിസാരമായ പരിക്കാണുള്ളതെന്നും എല്ലുകൾക്ക് പൊട്ടലില്ലെന്നും വത്തിക്കാൻ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിൽ മാർപാപ്പയ്‌ക്ക് സമാനമായ വീഴ്ച സംഭവിച്ചിരുന്നു. കിടക്കയിൽ നിന്നായിരുന്നു വീണത്. തുടർന്ന് മാർപാപ്പയുടെ വലതുതാടിക്ക് ചതവ് സംഭവിച്ചു. ഇതിന് ശേഷം ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് രണ്ടാമത്തെ വീഴ്ച.

88 വയസാണ് മാർപാപ്പയ്‌ക്ക്. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാർദ്ധക്യ സഹജമായ അസുഖങ്ങൾ അദ്ദേഹത്തിനുണ്ട്. ഇടുപ്പിനും മുട്ടിനും അസഹ്യമായ വേദനയുള്ളതിനാൽ കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലാണ്. ശ്വാസനാളവീക്കവുമുണ്ട്. അതിനാൽ 2022 മുതൽ വീൽചെയറിലാണ് അദ്ദേഹം.

എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ; ആദ്യഘട്ടത്തിൽ അഞ്ചു വിമാനങ്ങൾ

0

കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരളയുടെ ആഭ്യന്തര വിമാന സർവീസ് ജൂണിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ 76 സീറ്റുകളുള്ള അഞ്ചു വിമാനങ്ങളാണ് ഉണ്ടാകുക. കൊച്ചിയിൽ നിന്നായിരിക്കും ആദ്യ സർവീസ്. രാജ്യത്തെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.

2027 ൽ രാജ്യാന്തര സർവീസ് ആരംഭിക്കാനാണ്കമ്പനി ലക്ഷ്യമിടുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കും സമയ ബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. സ്വന്തമായി വിമാനങ്ങൾ വാങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ എത്തിക്കും.

വിമാനകമ്പനിയുടെ ഹമ്പ് ആയി കൊച്ചി വിമാനത്താവളത്തെ ചെയർമാൻ അഫി അഹമ്മദ് പ്രഖ്യാപിച്ചു. സർവീസുകളെല്ലാം എക്കണോമി ക്ലാസുകൾ ആയിരിക്കുമെന്ന്സി .ഇ.ഒ ഹരീഷ് കുട്ടി പറഞ്ഞു. സെറ്റ്ഫ്ലൈ എവിയേഷൻസ് ആണ് എയർ കേരള എന്ന പേരിൽ വിമാന സർവീസ് ആരംഭിക്കുന്നത്. വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായിരുന്നു.