സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ; സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

0

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതി പിടിയിൽ. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. എന്നാൽ എവിടെ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പുറത്ത് വിട്ടിട്ടില്ല. അറസ്റ്റ് വിവരവും  ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ല.  പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.  പ്രതിക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് താരം ആക്രമിക്കപ്പെട്ടത്. സെയ്ഫ് അലി ഖാനെ കൂടാതെ വീട്ടുജോലിക്കാരായ രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. അക്രമി  ഒരു കോടി രൂപ ആവശ്യപ്പെട്ടു എന്നാണ്  വീട്ടുജോലിക്കാർ പൊലീസിന് നൽകിയ  മൊഴി. സെയ്ഫിന്റെ അപ്പാർട്ട്മെന്റിലേക്ക് എമർജൻസി സ്റ്റെയർകെയ്സ് വഴിയാണ് കള്ളൻ കയറിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ പ്രതിയുടെ ചിത്രവും പൊലീസ് പുറത്തു.  ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ്  പുറത്തുവിട്ടത്. മുംബൈ പൊലീസ്  പത്ത് സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതിക്കായി തെരച്ചിൽ നടത്തിയത്.

സെയ്ഫിന്റെ മക്കളായ തൈമൂറിന്റെയും ജെഹിന്റെയും മുറിയിലാണ് സംഭവം നടന്നത്. അതിസമ്പന്നർ മാത്രം താമസിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ   കിടപ്പുമുറി വരെ അക്രമി എത്തിയത് സംബന്ധിച്ച  അവ്യക്തതകൾ തുടരുകയാണ്. വീട്ടിലുള്ള ആളുകളിലേക്കും സംശയമുന നീളുന്നുണ്ട്.  പോലീസ് സംഘം സെയ്ഫിന്റെ വീട്ടിലെത്തി അഞ്ച് ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. പ്രതിക്ക് വിട്ടിനുള്ളിൽ നിന്നും തന്നെ അകത്തേക്ക് കടക്കാൻ സഹായം ലഭിച്ചെന്ന നിഗമനത്തിലാണ് പൊലീസ്.

Leave a Reply