മുംബൈ: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കവിഞ്ഞതായി ധനമന്ത്രാലയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 60,523.89 കോടി രൂപയുടെ 1.78 ദശലക്ഷം മെട്രിക് ടൺ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്. എന്നാൽ ഇത്തവണ പ്രധാന കയറ്റുമതി വിപണികളിൽ നേരിടുന്ന വെല്ലുവിളികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് 2.67 ശതമാനം വർധനവുണ്ടായി.
ശീതീകരിച്ച ചെമ്മീനാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നം. അതേസമയം ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, ചെമ്മീൻ, മത്സ്യ തീറ്റ ഉൽപ്പാദനം എന്നിവയ്‌ക്കുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) 5 ശതമാനമായി കുറയ്‌ക്കാൻ സർക്കാർ ആലോചിക്കുകയാണ്.
2024 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിൽ നിന്നും സമുദ്രോത്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്തത് അമേരിക്കയാണ്. 2.55 ബില്യൺ ഡോളറിന്റെ ഉത്‌പന്നങ്ങളാണ് യുഎസ് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. ഇതിൽ 91.9 ശതമാനവും ശീതീകരിച്ച ചെമ്മീൻ ഉത്പന്നങ്ങളാണ്. രണ്ടാമത്തെ വലിയ വിപണി ചൈനയാണ്. 1.38 ബില്യൺ ഡോളറിന്റെ 451,000 മെട്രിക് ടൺ ഉത്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. മൂന്നാം സ്ഥാനത്ത് ജപ്പാനാണുള്ളത്. വിയറ്റ്‌നാം, തായ്‌ലൻഡ്, കാനഡ, സ്‌പെയിൻ, ബെൽജിയം, യുഎഇ, ഇറ്റലി എന്നീ രാജ്യങ്ങളിലും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.