തിരുവനന്തപുരം: മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച പാറശാലയിലെ ഷാരോൺ രാജിന്റെ കൊലപാതകകേസിൽ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരനും കുറ്റക്കാരെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജാമ്യം റദ്ദാക്കിയ കോടതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
തെളിവുകളുടെ അഭാവത്തിലാണ് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടത്.ഗ്രീഷ്മയ്‌ക്കെതിരെയുള്ള കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. 302, 328, 364, 201 വകുപ്പുകൾ പ്രകാരം ഗ്രീഷ്മ കുറ്റക്കാരിയാണ്.
തട്ടിക്കൊണ്ടുപോകൽ, വിഷം നൽകൽ, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നീ വകുപ്പുകളാണ് ഗ്രീഷ്മക്കെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചതാണ് നിർമലകുമാരനെതിരെയുള്ള കുറ്റം. വിധി കേൾക്കാൻ കുടുംബത്തോടൊപ്പം കോടതിയിൽ ഉണ്ടാകുമെന്ന് ഷാരോണിന്റെ സഹോദരൻ പറഞ്ഞു.
2022 ഒക്ടോബർ 14-നാണ് ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം നൽകിയത്. സൈനികനുമായുള്ള വിവാഹത്തിന് തടസമാകും എന്ന കാരണത്താലാണ് ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ തീരുമാനിച്ചത്. അവശനിലയിലായി പല ആശുപത്രികളിലും ചികിത്സയിൽ കഴിഞ്ഞ ശേഷം ഒക്ടോബർ 25-നാണ് ഷാരോൺ മരിച്ചത്.