തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂരിപക്ഷം പേർക്കും ആയുഷ് ശാഖകളോട് താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. 52 ശതമാനം പേർ ചികിത്സയ്‌ക്കായി ആയുർവേദം, ഹോമിയോ, സിദ്ധ, യുനാനി തുടങ്ങിയ ആയുഷ് ശാഖകളെ ആശ്രയിക്കുന്നു.
ഗ്രാമങ്ങളിൽ 38.64 ശതമാനം പേരും നഗരങ്ങളിൽ 31.98 ശതമാനം പേരും ആയുർവേദത്തെ ആശ്രയിക്കുന്നുവെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ ദേശീയ ആയുഷ് സാമ്പിൾ സർവേയിൽ കണ്ടെത്തി. 2022 ജൂലൈ മുതൽ 2023 ജൂൺ വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്.
ഔഷധസസ്യങ്ങളുടെ ഉപയോഗത്തെ കുറിച്ച് 99 ശതമാനം വീട്ടുകാർക്കും അറിവുണ്ട്. പത്തിൽ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കിൽ മരുന്ന് ഫലവത്താണെന്നറിയാം. പത്തിൽ നാല് വീടുകളും ആയുഷ് ചികിത്സയയുടെ മുൻകാല ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണെന്നും സർവേയിൽ പറയുന്നു. ആയുഷ് ശാഖകളെ കുറിച്ചുള്ള അവബോധത്തിലും ഉപയോഗത്തിലും ദേശീയ ശരാശരിയേക്കാൾ വളരെ മുന്നിലാണ് കേരളം. നഗരമേഖലകളിൽ ഇത് 99.3 ശതമാനവും ഗ്രാമീണ മേഖലയിൽ 98.43 ശതമാനവുമാണ് ആയുഷ് മേഖലയെകുറിച്ചുള്ള അവബോധം.
രോഗപ്രതിരോധത്തിനും ചികിത്സയ്‌ക്കും പ്രസവാനന്തരശുശ്രൂഷയ്‌ക്കും ഗർഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ ഔഷധങ്ങൾ, ഔഷധ സസ്യങ്ങൾ, ആയുഷ് പാരമ്പര്യ അറിവുകൾ എന്നിവയും സർവേ വിശകലനം ചെയ്തു.

