വാഷിംഗ്ടൺ ഡിസി: രണ്ടാം വരവിന്റെ ആദ്യ ദിനം തന്നെ ഉത്തരവുകളുടെ പെരുമഴ തീർത്തിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നിർണായക പ്രഖ്യാപനങ്ങൾ നടത്തുകയും സുപ്രധാനമായ എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഉടൻ തന്നെ ഒപ്പുവെക്കുകയും ചെയ്തു. ഒന്നും രണ്ടുമല്ല 28 ഉത്തരവുകളാണ് ഒറ്റയടിക്ക് ട്രംപ് ഒപ്പുവച്ച് പാസാക്കിയത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ നൽകിയ വാഗ്ദാനങ്ങൾ അടക്കം നിരവധി പ്രഖ്യാപനങ്ങൾ ആദ്യ ദിനം, ആദ്യ മണിക്കൂറിൽ തന്നെ ട്രംപ് പാലിച്ചു. ടിക് ടോക് നിരോധനത്തിന് കാലതാമസം വരുത്തിയത് മുതൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പുറത്തുകടന്നതു വരെ നീളുന്നു പുതിയ തീരുമാനങ്ങൾ. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പല നടപടികളും പിൻവലിച്ച ട്രംപ്, അനധികൃത കുടിയേറ്റത്തിനെതിരെ കർശനമായ നിലപാടെടുത്തു.
ആദ്യ ടേമിൽ ആകെ 220 എക്സിക്യൂട്ടീവ് ഉത്തരവുകളായിരുന്നു ട്രംപ് ഒപ്പുവച്ചത്. എന്നാൽ അതിന് ശേഷം അധികാരമേറ്റ ബൈഡനാകട്ടെ വെറും 160 ഉത്തരവുകളിൽ ഒതുക്കി. രണ്ടാം ടേം ആരംഭിച്ച ട്രംപ്, വാഷിംഗ്ടൺ ഡിസിയിലെ കാപിറ്റൽ വൺ അരീനയിൽ അനുയായികളെ സാക്ഷിനിർത്തി എട്ട് എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ആദ്യം ഒപ്പുവച്ചത്. പിന്നീട് ഓഫീസിലെത്തിയ അദ്ദേഹം ശേഷിക്കുന്ന ഉത്തരവുകളും പാസാക്കി.