കാസർഗോഡ്: കൊളത്തൂര്‍ മടന്തക്കോട് ഇന്നലെ രാത്രി കുടുങ്ങിയ പുലി ചാടിപ്പോയി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തുരങ്കത്തിനുള്ളില്‍ മുള്ളന്‍പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പിന്‍റെ വെറ്ററിനറി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി മയക്കു വെടി വെച്ചപ്പോൾ ആണ് പുലി രക്ഷപ്പെട്ടത്. പുലിക്ക് വെടി കൊണ്ടതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മടന്തക്കോട് അനിലിന്റെ ഉടമസ്ഥയിലുള്ള തോട്ടത്തിലെ തുരങ്കത്തിലാണ് വൈകിട്ട് ഏഴ് മണിയോടെ പുലിയെ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി കൂട് വച്ചു.
കഴിഞ്ഞ ഒരാഴ്ചയായി പെർളടക്കം, കൊളത്തൂർ ഭാഗത്ത് പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. പുലിയെ തേടി പ്രദേശമാകെ തെരച്ചിൽ ഊർജ്‌ജിതപ്പെടുത്തിയിരിക്കുകയാണ്. പുലി രക്ഷപ്പെട്ടതിൽ ആശങ്കയുണ്ടെന്ന് പുലിയെ ആദ്യം കണ്ട പ്രദേശവാസി അനുപമ പറഞ്ഞു. ഇവർ മോട്ടോറിൻ്റെ സ്വിച്ച് ഓണാക്കാൻ ചെന്നപ്പോൾ അനക്കം കണ്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.