കേരള ബജറ്റ്  2025-26 ഒറ്റനോട്ടത്തില്‍

1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

എഫക്ടീവ് മൂലധന ചെലവ് 26,968 കോടി രൂപ

റവന്യൂ കമ്മി 27,125 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.9 ശതമാനം)

ധനക്കമ്മി 45,039 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.16 ശതമാനം)

റവന്യൂ വരുമാനത്തില്‍ 19422 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

തനത് നികുതി വരുമാനത്തില്‍ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1240 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.

ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും.  അവ പി.എഫില്‍ ലയിപ്പിക്കും

ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു

ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ

ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി രൂപ

നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ

2016 മുതല്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് നല്‍കിയത് 18,787.8 കോടി രൂപ.

ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ

കൊല്ലത്ത് മറീന സ്ഥാപിക്കാന്‍ 5 കോടി രൂപ

കോഴിക്കോട് ജില്ലയില്‍ പുതിയ ബയോളജിക്കല്‍ പാര്‍ക്കിന് 5 കോടി രൂപ

കൊല്ലം ശാസ്താംകോട്ടയില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ

പൊന്‍മുടിയില്‍ റോപ്പ് വേ  – സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ

ട്രക്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ വന യാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ

സൂപ്പര്‍ കമ്പ്യൂട്ടിംഗ് കേന്ദ്രം സ്ഥാപിക്കുന്നതിന് 10 കോടി

500 തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി.

LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇനിമുതല്‍ CM-KIDസ്കോളര്‍ഷിപ്പ് (Chief Ministers’s Knowledge, Inspiration and Diligence Scholarship)

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391.13 കോടി രൂപ

സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ

ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്ത് ലാബുകള്‍ക്ക് 45 കോടി രൂപ

എന്‍.എച്ച്.എം പദ്ധതിയുടെ സംസ്ഥാന വിഹിതമായി 100 കോടി രൂപ

പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി

ഹജ്ജ് ഹൗസിന് 5 കോടി രൂപ

തൃശൂര്‍ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി

നവകേരള സദസ്സില്‍ ഉള്‍പ്പെട്ട അടിസ്ഥാന വികസന പദ്ധതികള്‍ 800 കോടി

പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍സ്ഥാപിക്കുന്നതിന് 2 കോടി.

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിന് 3 കോടി

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മ്മിക്കാന്‍ 5 കോടി രൂപ

ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മ്മാണത്തിന് 2 കോടി രൂപ

പോലീസ് വകുപ്പിന്റെ ആധുനികവല്‍ക്കരണത്തിന് 104 കോടി രൂപ.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയ്ക്ക് 1000 കോടി രൂപ

ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപ

തിരുവനന്തപുരം: രാജ്യത്തെ തൊഴില്‍ നിയമനങ്ങളില്‍ സിംഹഭാഗവും നടക്കുന്നത് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ ഉദ്ധരിച്ച് ബജറ്റ് അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യസ, തൊഴില്‍ രംഗത്ത് നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുന്ന പുതിയ പദ്ധതി ഉള്‍പ്പെടെ സംസ്ഥാന ബജറ്റില്‍ അദ്ദേഹം അവതരിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയ റഗുലര്‍-ഫുള്‍ടൈം ഗവേഷണ വിദ്യാര്‍ഥികളില്‍ മറ്റു ഫെലോഷിപ്പുകളോ ധനസഹായമോ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 10,000 രൂപവെച്ച് ഫെലോഷിപ്പ് നല്‍കുമെന്ന പുതിയ പ്രഖ്യാപനവും ബജറ്റിലുണ്ടായി. ഇതിനായി സി.എം. റിസര്‍ച്ചേഴ്സ് സ്‌കോളര്‍ഷിപ്പ് എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കി. 2025-26-ല്‍ ഇതിനായി 20 കോടി രൂപ വകയിരുത്തി.

തൊഴില്‍ നിയമനങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ ഒരുലക്ഷത്തി പതിനായിരത്തോളം നിയമനശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. പതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം ഇതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 8293 സ്ഥിരം നിയമനങ്ങളും 34,859 താത്കാലിക നിയമനങ്ങളും ഉള്‍പ്പെടെ 43,152 പേര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴില്‍ നല്‍കി.

വിവിധ കോഴ്സുകളില്‍ അവസാന വര്‍ഷം പഠിക്കുന്ന അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ നൈപുണി പരിശീലനം നല്‍കി തൊഴില്‍ പ്രാപ്തരാക്കുക, പഠനം പൂര്‍ത്തീകരിച്ചവരെ ശരിയായി തയ്യാറെടുപ്പിച്ച് തൊഴില്‍മേളയിലൂടെ തൊഴില്‍ നല്‍കുക എന്നീ ലക്ഷ്യത്തോടെയുള്ള ജനകീയ ക്യാമ്പയിനാണ് വിജ്ഞാന കേരളം. 2025-26-ലെ പ്രധാന വികസന പദ്ധതിയായിരിക്കും ഇതെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനത്തിനും അഭിരുചിക്കും അനുയോജ്യമായതും തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ളതുമായ സ്‌കില്‍ കോഴ്സുകള്‍ ലഭ്യമാക്കും. പദ്ധതിയില്‍ മെന്റര്‍മാര്‍ക്കു പുറമേ, 50,000 സന്നദ്ധ പ്രൊഫഷണല്‍ മെന്റര്‍മാരെയും അണിനിരത്തും. പരമാവധി കുട്ടികള്‍ക്ക് കാമ്പസ് പ്ലേസ്മെന്റ് ഉറപ്പാക്കും. പഠനം പൂര്‍ത്തീകരിച്ച തൊഴിലന്വേഷകര്‍ക്കുള്ള ആദ്യത്തെ മെഗാജോബ് എക്സ്പോ 2025 ഫെബ്രുവരിയില്‍ നടക്കും. തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പ്രാദേശിക ജോബ് ഡ്രൈവുകളും പ്രതിമാസം രണ്ട് മെഗാ ജോബ് എക്സ്പോ വീതവും സംഘടിപ്പിക്കും. മൂന്നുലക്ഷം മുതല്‍ അഞ്ചുലക്ഷം വരെ തൊഴിലവസരങ്ങളാണ് ഓരോ മെഗാ ജോബ് എക്സ്പോ വഴിയും ലഭ്യമാവുക. ക്യാമ്പയിന്റെ പ്രചാരണത്തിനും പരിശീലനത്തിനും തൊഴില്‍മേളയുടെ സംഘാടനത്തിനും മറ്റുമായി 20 കോടി രൂപ അധികമായി അനുവദിക്കുമെന്നും ബജറ്റില്‍ ഉറപ്പുനല്‍കുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണു; 3 വയസുകാരിക്ക്  ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരി മരിച്ചതായി റിപ്പോർട്ട്. രാജസ്ഥാനില്‍ നിന്നും എത്തിയ യാത്രാക്കാരുടെ ഒപ്പമുണ്ടായിരുന്ന കുട്ടിയാണ് മാലിന്യക്കുഴിയിലേക്ക് വീണത് എന്നാണ് ലഭിക്കുന്ന വിവരം.

കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.  

മഹാകുംഭമേളയില്‍ അഗ്നിബാധ; ടെന്റുകള്‍ കത്തിനശിച്ചു, ആളപായമില്ല

0

പ്രയാഗ്രാജ്: മഹാകുഭമേള സ്ഥലത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തനം മേഖലയിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  ഓൾഡ് ജിടി റോഡിലെ തുൾസി ചൌരയിലെ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് ഖാക് ചൌക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യോഗേഷ് ചതുർവേദി പ്രതികരിക്കുന്നത്. 

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വിശദമാക്കി. തീ പൂർണമായി നിയന്ത്രിച്ച ശേഷം നാശനഷ്ടം വിലയിരുത്താമെന്നാണ് അധികൃതർ വിശദമാക്കുന്നത്. കുംഭമേള നടക്കുന്ന സ്ഥലത്തെ രണ്ടാമത്തെ അഗ്നിബാധയാണ് ഇത്. കഴിഞ്ഞമാസമുണ്ടായ അഗ്നിബാധയിൽ 15 ടെന്റുകൾ കത്തിനശിച്ചിരുന്നു. ജനുവരി 29ന് മഹാകുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചിരുന്നു.

ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ്  ഇനിയുള്ള സുപ്രധാന ദിവസങ്ങൾ. മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് ഇന്നലെ പുറത്തുവിട്ടിരുന്നു .ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ  വ്യക്തമാക്കിയത്.

അലാസ്കയിലെ തണുത്തുറഞ്ഞ സമുദ്രത്തിന് മുകളിൽ വച്ച് 10 പേരുള്ള വിമാനം അപ്രത്യക്ഷമായി; പ്രതീക്ഷയില്ലെന്ന് അധികൃതർ

0

അമേരിക്കയില്‍ വിമാനദുരന്തങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ ഉച്ചയോടെ അലാസ്കയ്ക്ക് മുകളിലൂടെ പറക്കവെ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമുള്ള വിമാനം അപ്രത്യക്ഷമായതായി ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് പതിനാറോടെയായിരുന്നു സംഭവം. അലാസ്കയ്ക്ക് സമീപത്തെ നോമിസ് സമീപത്ത് വച്ച് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നെന്ന് ബിഎൻഒ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇന്നലെ ഉച്ചയ്ക്ക് 2.37 ഓടെ ഉനാലക്ലീറ്റില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 3.16 -ന് ബെറിംഗ് കടലിലെ നോർട്ടണ്‍ സൌണ്ട് ഏരിയയ്ക്ക് സമീപത്താണ് അവസാനമായി കണ്ടെതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം അപ്രത്യക്ഷമാകുമ്പോൾ 12 മൈൽ അകലെയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാർഡും അറിയിച്ചു. കാണാതായവരെ തേടിയുള്ള അന്വേഷണവും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചതായി നോം അഗ്നിശമനാ വകുപ്പ് അറിയിച്ചു. അതേസമയം പ്രദേശവാസികളോട്, യാതൊരു സാധ്യതയും ഇല്ലെങ്കിലും കരയിലും അന്വേഷണം നടത്താന്‍ അധികൃതർ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു. 

ക്ഷേമ പെൻഷൻ കൂട്ടിയില്ല, ശമ്പള പരിഷ്ക്കരണവുമില്ല; പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

0

തിരുവനന്തപുരം: പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഇല്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ നിൽക്കെ, ധനമന്ത്രി കെ എൻ ബാലഗോപാൽ വലിയ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. സംസ്ഥാന ബജറ്റിൽ ക്ഷേമ പെൻഷൻ 1800 രൂപ വരെയാക്കി വർധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായില്ല. അതേസമയം,  കോടതി ഫീസും ഭൂനികുതിയും വർധിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളില്ലാതെ സംഥാനത്തെ ധനസ്ഥിതി അനുസരിച്ച് പ്രായോഗികമായ കാര്യങ്ങളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

സംസ്ഥാനം അഭിമുഖീകരിച്ച രൂക്ഷമായ ധന ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടം കേരളം അതിജീവിച്ചിരിക്കുന്നു എന്ന ആശ്വാസ വാർത്ത പങ്കിട്ടുകൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. വികസനവും ക്ഷേമത്തിനും ഊന്നൽ നൽകിയാണ് ധനമന്ത്രി ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയ്‌ക്കൊപ്പം നിക്ഷേപ സമാഹരണത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. വിഴിഞ്ഞത്തിന് ഊന്നൽ നൽകിയ ബജറ്റ് വയനാടിനെയും കൈവിട്ടില്ല എന്നുള്ളതാണ് ഗുണപരമായ കാര്യം. രണ്ടരമണിക്കൂറോളം നീണ്ടു നിന്ന ബജറ്റിൽ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഉൾപ്പെട്ടത്.

അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ ഉയർത്തുമെന്ന പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. സംസ്ഥാനത്ത് 60  ലക്ഷത്തോളം പേർക്ക് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ട ചെലവ് 1100 കോടി രൂപയാണെന്നാണ് കണക്ക്. നിലവിൽ ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമായി കുടിശികയാണ്. ഈ കുടിശ്ശിക മൂന്നെണ്ണം സമയബന്ധിതമായി കൊടുത്തു തീർക്കും എന്നാണ് ബജറ്റിൽ ധനമന്ത്രി പറഞ്ഞിരിക്കുന്നത്. ഇത് പ്രഖ്യാപിച്ചപ്പോൾ പോലുമുള്ള ധനമന്ത്രിയുടെ ശരീരഭാഷയും ചർച്ചയാകുന്നുണ്ട്. ക്ഷേമ പെൻഷൻ കൂട്ടുന്നില്ലേ എന്ന ചോദ്യം വന്നിരുന്നു. അവടെ പ്രസംഗം ഒന്ന് നിർത്തിയിട്ട് ധനമന്ത്രി വെള്ളം കുടിക്കുകയാണ് ചെയ്തത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കം അനുഭവിക്കുമ്പോൾ ഒരു വർദ്ധനവ് സാധ്യമല്ല എന്ന സന്ദേശമാണ് ധനമന്ത്രി നടത്തിയത് എന്ന വിലയിരുത്തലാണ് വന്നത്. 

സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കുമുള്ള ശമ്പള, പെൻഷൻ പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ശമ്പള പരിഷ്ക്കരണമില്ലാത്തതിനാൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. അതേസമയം, സർക്കാർ ജീവക്കാർക്കും, പെൻഷൻകാർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. 2025 ഏപ്രിലിൽ ഇത് നൽകും. ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1,900 കോടിയും ഈ സാമ്പത്തിക വർഷം നൽകും. ഡി എ കുടിശികയുടെ രണ്ട് ഗഡുവിന്റെ ലോക്ക് ഇൻ പിരീഡ് ഈ സാമ്പത്തിക വർഷം ഒഴിവാക്കിയിട്ടുണ്ട്. സർവീസ് പെൻഷൻ പരിഷ്ക്കരണത്തിന്റെ കുടിശ്ശിക 600 കോടി ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു. 

വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ, തന്റെ സ്വാഭാവിക ശൈലി തന്നെയാണ് കെ എൻ ബാലഗോപാൽ ഇത്തവണയും കൈക്കൊണ്ടിരിക്കുന്നത്. പ്രായോഗികമായ കാര്യം മാത്രം പറഞ്ഞുവെച്ച കൂട്ടത്തിൽ നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടികുറച്ചതാണ് പ്രതിസന്ധിക്കും കുടിശ്ശിക വരാനും കാരണം എന്ന ധനമന്ത്രി എടുത്ത് പറഞ്ഞിട്ടുണ്ട്. 

കോടതി ഫീസ് വർധിപ്പിച്ചു ; ഭൂനികുതിയും സർക്കാർ ഭൂമിയുടെ പാട്ടത്തുകയും കുത്തനെ കൂട്ടി ; ഇലക്ട്രിക് വാഹന നികുതിയും കൂട്ടി; വയറ്റത്തടിച്ച് കേരള ബജറ്റ്

0

തിരുവനന്തപുരം: ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കാതെ, വഗ്ദാനങ്ങൾ മാത്രം അവശേഷിപ്പിച്ച് മലയാളികളുടെ വയറ്റത്തടിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ്.

ബജറ്റിൽ ഭൂനികുതി കുത്തനെ വര്‍ധിപ്പിച്ചു. ഭൂനികുതി സ്ലാബുകളിൽ 50 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇങ്ങിനെ ജനങ്ങളെ പിഴിയുന്നതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണത്രെ സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയിലും വൻ വർധനവാണ് നിർദേശിച്ചിരിക്കുന്നത്. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം കൂട്ടി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും എന്നാണ് ബജറ്റിൽ പറയുന്നത്. വില അനുസരിച്ചു നികുതിയിൽ മാറ്റം വരും എന്ന് പറയുന്നെങ്കിലും വർധനവാണ് ലക്‌ഷ്യം.

ബാറ്ററി റെന്റിങ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അവയുടെ വിലയുടെ 10 ശതമാനം നികുതി ഈടാക്കും.20 ലക്ഷത്തിലധികം വിലയുള്ള ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതി. 15 ലക്ഷത്തില്‍ അധികം വിലയുള്ള ഇളക്ട്രിക് കാറുകള്‍ക്ക് വാഹന വിലയുടെ എട്ട് ശതമാനം നികുതി. 15 വര്‍ഷം പഴക്കമുള്ള ഇരുച്ചക്ര, മുച്ചത്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതി 50 ശതമാനം ഉയര്‍ത്തും. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള കോൺട്രാക്ട് ​കാര്യേജ് വാഹനങ്ങളുടെ നികുതിയും കുത്തനെ കൂട്ടി.നികുതി ഘടന ഏകീകരിച്ച് ലഘൂകരിക്കും എന്നാണ് പുറമെ പറയുന്നതെങ്കിലും ഫലത്തില്‍ ഇതിലും നികുതി വര്‍ധന വരും.

കോടതിവ്യവഹാരങ്ങൾ കിട്ടാക്കനിയാകുന്ന തരത്തിൽ കോടതി ഫീസും വർദ്ധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് പിണറായി സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും എന്നും ബജറ്റിൽ പറയുന്നു.

ബ്രാഹ്മണന്റെ മക്കൾ; ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെപ്പറ്റിയല്ല; ഹിന്ദുക്കൾക്കെതിരെ അശ്ലീലഭാവത്തോടെ അധിക്ഷേപവുമായി എം വി ഗോവിന്ദൻ

0

ഇടുക്കി: ഹിന്ദുക്കൾക്കതിരെ ജാതി അധിക്ഷേപ പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബ്രാഹ്മണന്റെ മക്കൾ ഉണ്ടാകുന്നതാണ് അഭിമാനമെന്നു സനാതന ധർമ്മ വക്താക്കൾ വിശ്വസിക്കുന്നു. അത് ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെപ്പറ്റിയല്ല എന്നും അതാണ് സനാതന ധർമ്മ എന്നുമാണ് ഗോവിന്ദൻ അധിക്ഷേപിക്കുന്നത്. സി പി എം ഇടുക്കി ജില്ലാ സമ്മളനത്തിന്റെ വേദിയിലായിരുന്നു ഗോവിന്ദന്റെ ഈ അവഹേളന പരാമർശം. കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

എം വി ഗോവിന്ദന്റെ വാക്കുകൾ:

“ബ്രാഹ്മണന്റെ മക്കൾ; ബ്രാഹ്മണന്റെ മക്കൾ, ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെപ്പറ്റിയല്ല; മനസ്സിലായില്ലേ .? അത് മഹത്തരമാണെന്ന് പറയുന്ന ഒരു സംസ്കാരം, ആർഷഭാരത സംസ്കാരം. അതിനു കൊടുക്കുന്ന പേര് സനാതനധർമ്മം. വിവാഹം കഴിഞ്ഞ് ഒന്നാം ദിവസം യജമാനന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകണം, അന്നവിടെ അന്തിയുറങ്ങിയിട്ട് അവർ തോന്നുമ്പോഴാണ് പിന്നീട് വീട്ടിലേക്ക്, ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുക. സനാതന ധർമ്മം, ഈ ധർമ്മത്തെയാണ് സനാതന ധർമ്മം എന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമ്മം. ”

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. മന്ത്രി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘നട്പ്’ എന്ന അടിക്കുറിപ്പോടെ ആണ് ഉദയനിധിക്കൊപ്പമുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്.

ഗ്രന്ഥകാരനും മാധ്യമപ്രവർത്തകനുമായ അരുൺ ഷൂരിയുടെ പുതിയ പുസ്തകമായ ‘ദ ന്യൂ ഐക്കൺ: സവർക്കർ ആൻഡ് ദ ഫാക്ട്‌സ്’ ഉദയനിധിക്ക് മന്ത്രി സമ്മാനമായി നൽകി. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് ഉദയനിധി കേരളത്തിലെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ദില്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ല, കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടിദില്ലിയിൽ കോൺഗ്രസിനെ ഇപ്പോൾ പിന്തുണക്കാനാകില്ല, ബിജെപിയെ തോൽപിക്കാനാകുന്നവരെ പിന്തുണയ്ക്കും

0

ദില്ലി: കോൺ​ഗ്രസിനെതിരെ വിമർശനം തുടർന്ന് സമാജ് വാദി പാര്‍ട്ടി.ദില്ലി തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഒരു സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് സമാജ്വാദി പാർട്ടി എംപി രാം ​ഗോപാൽ യാദവ് പറഞ്ഞു.ദില്ലിയിൽ കോൺ​ഗ്രസിനെ ഇപ്പോൾ പിന്തുണക്കാനാകില്ലെന്നും, ബിജെപിയെ തോൽപിക്കാനാകുന്നവരെയാണ് പിന്തുണയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾ തെറ്റാണ്, ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രവചനങ്ങൾ പാളിയിട്ടുണ്ട്.കോൺ​ഗ്രസാണ് ബിജെപി വിജയിക്കുന്നതിന് കാരണമെന്ന് നേരത്തെ രാം ​ഗോപാൽ യാദവ് ആരോപിച്ചിരുന്നു

ദില്ലിയിൽ ബിജെപി കൊടുങ്കാറ്റാണെന്നാണ് ഇന്നലെ പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളടക്കം കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ബിജെപി 70 ൽ 44 മുതൽ 55 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്. 48 ശതമാനം വോട്ടും ബിജെപി നേടും. ടുഡേയ്സ് ചാണക്യ ഒരു പടികൂടി കടന്ന് ബിജെപി 57 സീറ്റുകൾവരെ നേടുമെന്നാണ് പ്രവചിക്കുന്നത്. രണ്ട് ഏജൻസികളും എഎപി 25 വരെ സീറ്റില് ഒതുങ്ങുമെന്ന് പ്രവചിച്ചു. സിഎൻഎക്സ് 49 മുതൽ 61 സീറ്റുകൾ വരെ ബിജെപി നേടുമെന്ന് പ്രവചിക്കുന്നു. എഎപി 10 മുതൽ 19 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് പ്രവചനം. കോൺ​ഗ്രസിന് ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇതുവരെ പുറത്തുവന്ന എല്ലാ പ്രവചനങ്ങളും, പരമാവധി 3 സീറ്റാണ് കോൺ​ഗ്രസിന് പ്രവചിക്കുന്നത്.

അതേസമയം പ്രവചനങ്ങളിൽ നിരാശരായ എഎപി ക്യാമ്പ് എക്സിറ്റ് പോളുകൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കമാണെന്ന വാദമാണ് ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു.

കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ഐ ഡെലി കഫേ ഉടമയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കഫെയിലുണ്ടായ സ്റ്റീമർ പൊട്ടിത്തെറിയിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.

ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ദീപക്കിനെതിരെ അശ്രദ്ധമൂലമുളള മരണമടക്കം വകുപ്പുകൾ ചേർത്ത് പാലാരിവട്ടം പോലീസ് കേസെടുത്തിരുന്നു.

സംഭവ സ്ഥലത്ത് ഫോറൻസിക് സംഘവും ജി സി ഡി എ ഉദ്യോഗസ്ഥരും ഇന്ന് പരിശോധന നടത്തും.

അതേസമയം കളമശേരി മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലുളള കഫേ ജീവനക്കാരനായ അതിഥി തൊഴിലാളിയുടെ നില ഗുരുതരമായി തുടരുകയാണ്.

കേരള ബജറ്റ് 2025; വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു

0

തിരുവനന്തപുരം: വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു. ഇതിന് പുറമെ, കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് 2 കോടി രൂപയും പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും അനുവദിച്ചെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അറിയിച്ചു. 

അതേസമയം, വന്യമൃഗ ശല്യം നിയന്ത്രിക്കാനും നഷ്ടപരിഹാരത്തിനും വനമേഖലയിലെ കുടുംബങ്ങളെ സംരക്ഷിക്കാനുമായി പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിച്ചെന്ന് ധനമന്ത്രി അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി പറഞ്ഞു. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്രസർക്കാരാണെന്ന് ബജറ്റ് അവതരണത്തിന്റെ തുടക്കത്തിൽ തന്നെ കെ.എൻ ബാല​ഗോപാൽ പറഞ്ഞിരുന്നു. കടമെടുക്കാൻ അനുവദനീയമായ പരിധിപോലും കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം. കിഫ്‌ബി വായ്പ കടമായി കണക്കാക്കുകയാണ്. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽ പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രസർക്കാർ ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ല; നിലപാടില്‍ ഉറച്ച്  കേന്ദ്രം

ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.എ റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കുരങ്ങുകളെ ഷെഡ്യൂള്‍ ഒന്നില്‍ നിലനിര്‍ത്തുമെന്നും കാട്ടുപന്നികള്‍ക്കുള്ള സംരക്ഷണം തുടരുമെന്നും വ്യക്തമാക്കി.

2025 ല്‍ കേരളത്തില്‍ മാത്രം 1523 പേരാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ വന്യജീവികള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകളുടെ അളവും വര്‍ധിച്ചുവരികയാണ്. കൃഷി നശിപ്പിക്കുന്ന കുരങ്ങുകളെ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരാണെന്നാണ് മന്ത്രി നല്‍കിയ മറുപടി.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും വന്യജീവികളില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനായി വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്യണമെന്നും എ.എ റഹീം ആവശ്യപ്പെട്ടു.

വികസന കുതിപ്പിൽ തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ വിഴിഞ്ഞം തുറമുഖത്തിനായി വമ്പൻ പ്രഖ്യാപനങ്ങൾ. വിഴിഞ്ഞം തുറമുഖത്തിനെ പ്രധാന ട്രാൻഷിപ്പ് മെന്റ് തുറമുഖമാക്കുമെന്നാണ് പ്രഖ്യാപനങ്ങളിൽ പ്രധാനമായും പറയുന്നത്.

സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റും എന്നും ഇതിന്റെ ഭാഗമായി വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി (വികെപിജിടി) നടപ്പാക്കും എന്നും പ്രഖ്യാപനത്തിൽ പറയുന്നു. എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകൾ വികസിക്കുന്നതിന് ഈ പദ്ധതി കാരണമാകും.

വിഴിഞ്ഞം പദ്ധതി 2028 ൽ പൂർത്തിയാക്കും. തെക്കൻ കേരളത്തിന് പുതിയ കപ്പൽ നിർമാണശാലയും ബഡ്‌ജറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.

അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് എന്താണ് സംഭവിച്ചത്?; മിഹിറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

കൊച്ചി: ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്. മിഹിറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. ജനുവരി 15 ന് സ്‌കൂള്‍ അധികൃതര്‍ മിഹിറിന്റെ രണ്ടാനച്ഛനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചും എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കണമെന്ന് മിഹിറിന്റെ പിതാവ് ഷഫീഖ് മാടമ്പാട്ട് ആവശ്യപ്പെട്ടു.

സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കത്തിലൂടെയാണ് ഷഫീഖ് ഇക്കാര്യം ആവശ്യപ്പെട്ടത്. മിഹിറിനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മിഹിറുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ഷഫീഖ് പറയുന്നു. മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഹിര്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തണം. മിഹിര്‍ സംസാരത്തിനിടെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് സലീം പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മിഹിര്‍ പ്രതികരിച്ചില്ല എന്നും ഷഫീഖ് പറയുന്നു.

ഗ്ലോബല്‍ സ്‌കൂളില്‍വെച്ച് സഹപാഠികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയതില്‍ മനംനൊന്താണ് മിഹിര്‍ ജീവനൊടുക്കിയതെന്നാണ് അമ്മ രജ്‌ന ആരോപിച്ചിരുന്നത്. മിഹിര്‍ അമ്മ രജ്‌നയ്ക്കും രണ്ടാനച്ഛന്‍ സലിമിനുമൊപ്പമാണ് തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ജനുവരി 15 ന് അപ്പാര്‍ട്ട്‌മെന്റിന്റെ 26-ാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് മിഹിര്‍ ജീവനൊടുക്കുന്നത്.

മിഹിറിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഷഫീഖ് പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മിഹിറിന്റെ മരണത്തിൽ നിലവില്‍ തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പൊലീസും അന്വേഷണം നടത്തുന്നുണ്ട്.