അമേരിക്കയില്‍ വിമാനദുരന്തങ്ങൾ അവസാനിക്കുന്നില്ല. ഇന്നലെ ഉച്ചയോടെ അലാസ്കയ്ക്ക് മുകളിലൂടെ പറക്കവെ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമുള്ള വിമാനം അപ്രത്യക്ഷമായതായി ഏറ്റവും ഒടുവിലുള്ള റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് പതിനാറോടെയായിരുന്നു സംഭവം. അലാസ്കയ്ക്ക് സമീപത്തെ നോമിസ് സമീപത്ത് വച്ച് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നെന്ന് ബിഎൻഒ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 2.37 ഓടെ ഉനാലക്ലീറ്റില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 3.16 -ന് ബെറിംഗ് കടലിലെ നോർട്ടണ്‍ സൌണ്ട് ഏരിയയ്ക്ക് സമീപത്താണ് അവസാനമായി കണ്ടെതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം അപ്രത്യക്ഷമാകുമ്പോൾ 12 മൈൽ അകലെയായിരുന്നുവെന്ന് യുഎസ് കോസ്റ്റ് ഗാർഡും അറിയിച്ചു. കാണാതായവരെ തേടിയുള്ള അന്വേഷണവും രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചതായി നോം അഗ്നിശമനാ വകുപ്പ് അറിയിച്ചു. അതേസമയം പ്രദേശവാസികളോട്, യാതൊരു സാധ്യതയും ഇല്ലെങ്കിലും കരയിലും അന്വേഷണം നടത്താന്‍ അധികൃതർ അഭ്യര്‍ത്ഥിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.