ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലേക്ക്; ആഘോഷവുമായി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി അധികാരത്തിലേക്ക്. ലീഡ് നിലയില്‍ കേവലഭൂരിപക്ഷവും കടന്നാണ് ബിജെപി മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ എഎപിയാണ് രണ്ടാമത്. കോണ്‍ഗ്രസിന് ഒരു സീറ്റിലും ലീഡില്ല. വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ തുടക്കത്തില്‍ പിന്നില്‍നിന്ന മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നേരിയ വോട്ടുകള്‍ക്ക് ലീഡ് പിടിച്ചു. മനീഷ് സിസോദിയയും മുന്നിലാണ്. മുഖ്യമന്ത്രി അതിഷി പിന്നിലാണ്.

എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികളുടെ ത്രികോണമത്സരത്തിനാണ് രാജ്യ തലസ്ഥാനം വേദിയായത്. കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് അനകൂലമാണ്

ഇതോടെ 27 വർഷത്തിനു ശേഷം ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നു പ്രവചിക്കുമ്പോൾ 4 എണ്ണത്തിൽ എഎപിയാണു മുന്നിൽ. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.

എന്റെ പൊന്നേ; സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നതായി റിപ്പോർട്ട്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണത്തിന് 63,560 രൂപയായി.

ഇതോടെ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,945 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,667 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 63,440 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 1720 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്.

ഗ്ലോബല്‍ മലയാളം സിനിമ കമ്പനിയുടെ ഉദ്ഘാടനവും ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ് ഫെബ്രുവരി 10ന്

കൊച്ചി. സിനിമാ നിര്‍മ്മാണം, വിതരണം ഒ. ടി. ടി. ചാനല്‍  എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും
ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണത്തിന്റെ സ്വിച്ച് ഓണ്‍ ചടങ്ങും ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപമുള്ള ഡോണ്‍ ബോസ്‌കോ ഇമേജ് ഹാളില്‍ നടക്കും. ഗ്ലോബല്‍ മലയാളം സിനിമ ‘നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയുടെ ടൈറ്റിലും ഇതോടൊപ്പം റീലീസ് ചെയ്യും.

ഓസ്ട്രേലിയയിലും  കേരളത്തിലും  ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനും ലോക റെക്കോര്‍ഡ് ജേതാവും ഗ്ലോബല്‍ മലയാളം സിനിമ ചെയര്‍മാനുമായ ജോയ് കെ.മാത്യുവിന്റെ  അധ്യക്ഷതയില്‍ ഗ്ലോബല്‍ മലയാളം സിനിമ കമ്പനിയുടെ ഉദ്ഘാടനം ജസ്റ്റിസ് ബി. കമാല്‍ പാഷ നിര്‍വഹിക്കും. ചലച്ചിത്ര സംവിധായകനും  ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ ഗ്ലോബല്‍ മലയാളം സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസ് ചെയ്യും. ഗ്ലോബല്‍ മലയാളം സിനിമ നിര്‍മ്മിക്കുന്ന ആദ്യ മലയാള സിനിമയുടെ ടൈറ്റില്‍ നിര്‍മ്മാതാവും കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ സജി നന്ത്യാട്ട് റിലീസ് ചെയ്യും.

ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ടൈറ്റില്‍ റിലീസ് ചലച്ചിത്ര സംവിധായകനും മാക്ട സെക്രട്ടറിയുമായ എം.പത്മകുമാറും ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ സ്വിച്ച് ഓണ്‍ ചലച്ചിത്ര നടനും  സംവിധായകനും ഫെഫ്ക വൈസ് പ്രസിഡന്റുമായ സോഹന്‍ സീനുലാലും നിര്‍വഹിക്കും. ചലച്ചിത്ര നടനും താരസംഘടനയായ അമ്മയുടെ  വൈസ് പ്രസിഡന്റുമായ ജയന്‍ ചേര്‍ത്തല ഫസ്റ്റ് ക്ലാപ്പ് അടിക്കും.

ഏഷ്യാനെറ്റ് പ്രോഗ്രാംസ് വൈസ് പ്രസിഡന്റ് ബൈജു മേലില്‍, കവിയും തിരക്കഥാകൃത്തും  ജീവന്‍ ടി. വി.ചീഫ് ന്യൂസ് എഡിറ്ററുമായ ബാബു വെളപ്പായ, ഫ്‌ളവേഴ്‌സ് ചാനല്‍ ചീഫ് മാനേജര്‍ റജി സുഗുണന്‍, എറണാകുളം പ്രസ് ക്ലബ്  പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, ചലച്ചിത്ര നടിമാരായ മെറീന മൈക്കിള്‍, മാലാ പാര്‍വതി,ബിന്ദു അനിഷ്, മലീന, സംവിധായകന്‍ രാജേഷ് തലച്ചിറ,
നടനും സംവിധായകനുമായ പോളി വടക്കൻ  ചലച്ചിത്ര നടനും മിമിക്രി താരവുമായ സാജു കൊടിയൻ നടൻ നിസാർ മാമുക്കോയ ശോഭ ചിത്രാ ഫിലിംസ്  ഡിസ്ട്രിബ്യൂട്ടർ ബാബു ഏലിയാസ് ഫ്രാൻസിസ്, സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും എ.ച്ച്.ആര്‍. പ്രൊഫഷണലും സോഷ്യല്‍ ആക്റ്റിവിസ്റ്റുമായ ഡോ. ഗീതാ ജേക്കബ്, അന്താരാഷ്ട്ര ചിത്രകാരിയും ബിന്ദി ആര്‍ട്ട് ഗാലറി ഇന്ത്യയുടെ സി.ഇ. ഒ. യുമായ ബിന്ദി രാജഗോപാല്‍, കഥാകൃത്തും റേഡിയോ ജോക്കിയുമായ ശാന്തില എസ്. കുമാര്‍  എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും

കേരളത്തെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കാനായി ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ മെഗാ ഡോക്യുമെന്ററി സീരീസ് ഒരുക്കുന്നു. ലോകചരിത്രത്തില്‍ ഇതാദ്യമായാണ് മെഗാ ഡോക്യുമെന്‌ററി സീരീസ്. അപൂര്‍വതകള്‍ നിറഞ്ഞ ‘പാരഡെയ്സ്’ എന്ന മെഗാ ഡോക്യുമെന്ററിയിലൂടെ കൊച്ചു കേരളത്തിന് സ്വന്തമാകുന്ന ബഹുമതികള്‍ ഏറെയാണ്. ഒരു രാജ്യത്തിലെ ഒരു സംസ്ഥാനത്തെ പൂര്‍ണമായും ചിത്രീകരിക്കുന്ന, ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാങ്കേതിക വിദഗ്ദരുടെ പങ്കാളിത്തത്തില്‍ ചിത്രീകരിക്കുന്ന,, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള, ലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയിലൂടെ കേരളത്തെ ലോകത്തിന്റെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സിദ്ധാര്‍ത്ഥന്‍, രാഗേഷ് നാരായണന്‍,സാലി മൊയ്ദീന്‍, രാജേഷ് അഞ്ജുമൂര്‍ത്തി,ആദം കെ. അന്തോണി എന്നിവരാണ് ഡോക്യുമെന്ററിയുടെ മുഖ്യ ഛായാഗ്രഹകര്‍

വിദേശീയരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും യുവജനങ്ങളില്‍ സാംസ്‌കാരിക പാരമ്പര്യത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് സാമൂഹിക അവബോധവും ചരിത്രപഠനാഭിരുചിയും വളര്‍ത്താനും ലക്ഷ്യമിട്ടാണ് മെഗാ ഡോക്യുമെന്ററി നിര്‍മിക്കുന്നത്. അയ്യായിരത്തോളം കലാകാരന്മാര്‍ക്ക് അഭിനയം മുതല്‍ സംവിധാനം, ക്യാമറ, കഥാരചന, ഗാനരചന, സംഗീതം, ആലാപനം തുടങ്ങി വിവിധ മേഖലകളില്‍ ഡോക്യുമെന്ററി അവസരമൊരുക്കുന്നുണ്ട്. കേരളത്തിലെ പഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ കലാ, സാംസ്‌കാരിക, സാമൂഹിക, വിനോദ, കായിക, ആരോഗ്യം ഉള്‍പ്പെടെ സമസ്ത മേഖലകളും ഉള്‍പ്പെടുത്തി കൊണ്ടുളള നേര്‍ക്കാഴ്ചയാണ് ഡോക്യുമെന്ററിയുടെ വിഷയം.

കേരളത്തിന് പുറത്തും വിദേശ നാടുകളിലും ജീവിക്കുന്ന പരിമിതമായ അവസരങ്ങള്‍ മാത്രമുള്ള സിനിമ-ടെലിവിഷന്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കാനുള്ള വേദിയാണ് ഗ്ലോബല്‍ മലയാളം സിനിമ

പ്രിയങ്ക ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും

കൽപറ്റ:  പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും.

എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്;  കേജരിവാളും അതിഷിയും സിസോദിയയും പിന്നില്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ  ആംആദ്മിക്ക് കനത്ത തിരിച്ചടി. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും പിന്നിലാണ്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ കേജരിവാള്‍ പിന്നിലാണ്. അതേസമയം ബിജെപി 15 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്. ആംആദ്മി അഞ്ച് സീറ്റില്‍ മാത്രമാണ് ലീഡ്. കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റില്‍പോലും ലീഡ് നേടാനായിട്ടില്ല.

ഡല്‍ഹിയില്‍ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പൂർണമായും തള്ളുന്ന നിലപാടാണ് എഎപിക്കുള്ളത്. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.

പീഡനത്തിന് ഒത്താശ ചെയ്തു, അമ്മ പ്രതിയുമായി ലൈംഗിക വേഴ്‌ച നടത്തി; വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരെ കുറ്റപത്രം

പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കെതിരേ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം.കുട്ടികളുടെ മുന്നില്‍ വെച്ച്‌ കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ മാതാപിതാക്കള്‍ ഒത്താശ ചെയ്തെന്നാണ് സിബിഐ കണ്ടെത്തല്‍.

കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സംസ്ഥാന പോലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹർജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്.

അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തു. കുട്ടികളുടെ അവധി ദിവസങ്ങളില്‍ ഒന്നാം പ്രതിയെ അമ്മ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയിരുന്നു. മദ്യം വിളമ്ബി മൂത്ത കുട്ടിയെ പീഡിപ്പിക്കാൻ സൗകര്യം ഒരുക്കി നല്‍കിയെന്നും കുറ്റപത്രത്തിലുണ്ട്.

2016 ഏപ്രിലില്‍ മൂത്തകുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുന്നത് അമ്മയുടെ കണ്‍മുന്നില്‍ വെച്ചാണ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനും ഈ അതിക്രമം കണ്ടുനിന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഡൽഹി തിരഞ്ഞെടുപ്പ് : ബിജെപി ബഹുദൂരം മുന്നിൽ, ആപ് പൊരുതുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി 45 മിനിറ്റ്  കഴിയുമ്പോൾ ബിജെപി ലീഡിൽ മുന്നേറ്റം തുടരുകയാണ്. ആകെ 38 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുമ്ബോള്‍ 26 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. എഎപിക്ക് 11 സീറ്റുകളില്‍ ലീഡുണ്ട്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്.

ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോൾ  ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.

തുടർഭരണം ലക്ഷ്യമിടുന്ന എഎപി പാർട്ടിയും ബിജെപിയും തമ്മിലാണ് ഡൽഹിയിൽ പ്രധാന മത്സരം  നടക്കുന്നത്. ഒട്ടുമിക്ക ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി അധികാരത്തിൽ എത്തും എന്നാണ് പ്രവചിച്ചത്. തുടർഭരണം ലക്ഷ്യമിടുന്ന കെജ്രിവാളിന് തിരിച്ചടിയുണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.

സ്വകാര്യ ബസ് വളവ് വീശിയെടുത്തു, ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

0

ഇടുക്കി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. പന്നൂര്‍ മംഗലത്ത് (കളമ്പാകുളത്തില്‍) പരേതനായ ഏബ്രഹാമിന്റെ ഭാര്യ  അന്നക്കുട്ടി (70) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30ഓടെ ചെപ്പുകുളം പള്ളിക്കുസമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. 

വേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ അന്നക്കുട്ടി വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ അന്നക്കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിവെത്തിച്ചു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍

ചികില്‍സയിലിരിക്കെയായിരുന്നു കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. സംസ്‌കാരം ഇന്ന്    വൈകുന്നേരം നാലിന് പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും. മക്കള്‍ : ആശ, അജോ, പരേതനായ അജി. മരുമക്കള്‍: രജിത, ജോയ്സ്. 

ഉരുൾപൊട്ടൽ പുനരധിവാസം; ആദ്യഘട്ടത്തിൽ 242 ഗുണഭോക്താക്കൾ, ചൂരൽമല വാർഡിൽ 108 പേർ, പട്ടികയ്ക്ക് അംഗീകാരം

0

തിരുവനന്തപുരം:  മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച  ഗുണഭോക്താപട്ടികയുടെടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ടക പട്ടികയിൽ 242 ഗുണഭോക്താക്കൾ ഉള്‍പ്പെട്ടു. ചൂരൽമല വാർഡിലെ 108 പേരും, അട്ടമല വാർഡിലെ 51 പേരും പട്ടികയിൽ ഉണ്ട്.  മുണ്ടക്കൈ വാർഡിൽ 83 പേരാണ് ഗുണഭോക്താക്കൾ.കഴിഞ്ഞ ദിവസം ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്. 

മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകൾ,  ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ,  ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തുമെന്നാണ് വിശദീകരണം. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പിൽ സമർപ്പിക്കാമെന്ന് ഡിഡിഎംഎ ചെയർപേഴ്സൺകൂടിയായ ജില്ല കളക്ടർ മേഘശ്രീ ഐഎഎസ് വ്യക്തമാക്കി. 

ഗുണഭോക്താളുടെ ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി ആർഡിഒ ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേയും ജില്ലാ ഭരണകൂടത്തിന്‍റെയും വെബ്സൈറ്റുകളിൽ ലഭ്യമാണ്. ദുരന്തത്തിൽ നാശനഷ്ട സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് പുനരധിവാസത്തിന് അർഹരാകുക. മറ്റുള്ള എവിടെയെങ്കിലും വീണ്ടുണ്ടെങ്കിൽ വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു.

കൂറ്റനാട് ഇടഞ്ഞ ആനയുടെ മുകളിൽ നിന്ന് അസ്കർ വീണത് കൊമ്പിൽ തലയിടിച്ച് ആനയുടെ കാൽച്ചുവട്ടിൽ; നടുക്കുന്ന അനുഭവം

0

എടപ്പാൾ:പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന  വള്ളംകുളം നാരായണൻകുട്ടി പാപ്പാനെ കുത്തിക്കൊന്നതിന്‍റെ നടുക്കം വിടാതെ  അസ്കർ. ഇടഞ്ഞ ആനയുടെ മുകളിൽ നിന്നും ആനക്കൊമ്പിൽ തലയിടിച്ച് ബോധരഹിതനായി അസ്കർ വീണത് ആനയുടെ കാൽച്ചുവട്ടിലാണ്. തലനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമാണെന്ന് അസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാപ്പാനെ കുത്തിയും ചവിട്ടിയും കൊന്ന് കലിതുള്ളിയ അനപ്പുറത്ത് നിന്നും തലനാരിഴക്ക് ജീവനോടെ രക്ഷപ്പെട്ടതിൻ്റെ നടുക്കും ഓർമ്മയിലാണ് മൂന്ന് യുവാക്കൾ. 

കൂറ്റനാട് ദേശോത്സവത്തിനിടെ ഇടഞ്ഞ് പാപ്പാൻ കുഞ്ഞിമോനെ  ആന നിലത്തിട്ട് കുത്തിക്കൊല്ലുമ്പോൾ ജീവിതത്തിനും മരണത്തിനും ഇടയിലായിരുന്നു ആനപ്പുറത്തിരുന്ന അസ്കറും ആദിലും സുഹൈലും. പാപ്പാൻ്റെ ജീവനെടുത്ത ശേഷം വാഹനങ്ങളും തകർത്ത് കലിപൂണ്ട ആനയുടെ മുകളിൽ നിന്നും ആദിലും സുഹൈലുമാണ് ആദ്യം ചാടി രക്ഷപ്പെടുന്നത്. ഒരാൾ വാഹനത്തിന് മുകളിലേക്കും മറ്റെയാൾ ആനയുടെ പുറക് വശത്തേക്കും ചാടിയാണ് രക്ഷപ്പെട്ടത്. 

ഇതിനിടെ ഏറ്റവും മുന്നിൽ ഇരുന്ന പെരിങ്ങോട് മതുപ്പുള്ളി സ്വദേശി മണിയാറത്ത് വീട്ടിൽ അസ്കർ വീണത് ആനയുടെ മുൻവശത്തെ കാൽച്ചുവട്ടിലേക്കായിരുന്നു. വീഴ്ച്ചക്കിടെ ആനയുടെ കൊമ്പിൽ തലയിടിച്ചതോടെ പാതി ബോധം നഷ്ടമായാണ് ആനയുടെ കാൽചുവട്ടിലേക്ക് അസ്കർ വീഴുന്നത്. ഇതോടെ കാഴ്ചക്കാരും രക്ഷാ പ്രവർത്തകരുമെല്ലാം ഒരു നിമിഷം സ്തബ്ധരായി. അസ്കറിനെ മുൻകാല് കൊണ്ട് തട്ടിയ ആന തുമ്പികൈ കൊണ്ട് മണം പിടിച്ച ശേഷം തിരിഞ്ഞ് നടക്കുകയായിരുന്നു. സംഭവത്തിൻ്റെ നടുക്കും ദൃശ്യങ്ങളും പുറഞ്ഞ് വന്നിട്ടുണ്ട്. 

ആന തിരിഞ്ഞ് നടന്നതോടെ ഉടൻ തന്നെ ആളുകൾ അസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പരിശോധനയിൽ ഗുരുതര പരിക്കുകളേതുമില്ലാത്തതിനാൽ അസ്കർ വീട്ടിലേക്ക് മടങ്ങിഎത്തി. കൂറ്റനാട് വലിയ പള്ളി പരിസരത്ത് നിന്നുമാണ് സുഹൃത്തുക്കളായ മൂവരും ആനപ്പുറത്ത് കയറുന്നത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

വിഴിഞ്ഞത്ത് 5 വയസുള്ള ഇരട്ടകുട്ടികളോടും ഭാര്യയോടും ക്രൂരത, പുറത്താക്കി വീട് പൂട്ടി മുങ്ങി സർക്കാർ ഉദ്യോഗസ്ഥൻ

0

വിഴിഞ്ഞം: തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനോടും ഭർത്താവിന്‍റെ ക്രൂരത. ഭാര്യയേും മക്കളേയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയി. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളെയുമാണ് ഭർത്താവ് പുറത്താക്കിയത്. കഴിഞ്ഞ ദിവസം ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ രാത്രിയോടെ  യുവതിയും കുട്ടികളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി.

കഴിഞ്ഞ ദിവസമാണ് യുവതിയോടും കുട്ടികളോടും ഭർത്താവ് കൊടും ക്രൂരത കാട്ടിയത്. മരുന്നും ഭക്ഷണവുമില്ലാതെ അവശനിലയിലായിരുന്നു യുവതിയും മക്കളും. ഒടുവിൽ  വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകുകയും ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയിരുന്നുവെന്നും യുവതി പറഞ്ഞു. 

ഈ ഓർഡറിൻ്റെ കാലാവധി നീട്ടി ലഭിക്കാൻ കോടതിയിൽ പോയ സമയത്താണ് ഇയാൾ വീട് പൂട്ടി കടന്നു കളഞ്ഞ്. വിഴിഞ്ഞം പൊലീസ് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആണ്.നിലവിൽ വിഴിഞ്ഞം സ്റ്റേഷനിൽ തന്നെ തുടരുകയാണ് അമ്മയും മക്കളും. സംഭവത്തിൽ യുവതിയുടെ മൊഴിയെടുത്തതായും വിശദമായ അന്വേഷണം നടത്തി വരുന്നതായും പൊലീസ് അറിയിച്ചു.

വയനാട്ടിലെത്തിയ കാറിൽ മണിപ്പൂരുകാരിയും യുവാവും, സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് നിരോധിച്ച ലഹരി ഗുളിക

0

സുൽത്താൻബത്തേരി:വയനാട്ടിൽ നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരിയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. മണിപ്പൂർ ചുരചന്തപൂർ ചിങ്ലും കിം (27), കർണാടക, ഹാസ്സൻ സ്വദേശിയായ ഡി. അക്ഷയ്(34) എന്നിവരെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.  നിയമാനുസൃത രേഖകളോ, മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ സ്പാസ്മോ പ്രോക്സി വോൺ പ്ലസ് ടാബ്ലറ്റ്സ് (SPASMO-PROXYVON PLUS TABLETS) ആണ് ഇവർ കൈവശം സൂക്ഷിച്ചിരുന്നത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയോടെയാണ് മുത്തങ്ങയിലെ തകരപ്പാടി പൊലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ഇവർ പിടിയിലാകുന്നത്. KA-09 -MH- 5604 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരിൽ നിന്നും 19.32 ഗ്രാം ടാബ്ലറ്റ്   ആണ് പിടിച്ചെടുത്തത്. ടാബ്ലറ്റ്സ് കൈവശം വയ്ക്കുന്നതിനുള്ള നിയമാനുസൃത രേഖകൾ ഇരുവർക്കും പൊലീസിൽ ഹാജരാക്കാൻ കഴിയാതെ വന്നു.

ഇതോടെയാണ് പൊലീസ് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികാരികൾ പറഞ്ഞു. ഈ മരുന്ന് എവിടെ നിന്നാണ് ലഭിച്ചത്, എവിടേക്ക് ആണ് കൊണ്ടുപോകുന്നത് എന്ന കാര്യത്തിൽ ഉൾപ്പെടെഅന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു

ആദ്യ കർസേവകൻ; രാമജന്മഭൂമി ക്ഷേത്രത്തിന്റെ ആദ്യശില പാകിയ കാമേശ്വർ ചൗപാൽ വിടവാങ്ങി

0

ന്യൂഡൽഹി: ആദ്യ കർസേവകനും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റിയും ബിജെപി നേതാവുമായ  കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു.  ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

രാമജന്മഭൂമി പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 1989 നവംബർ 9 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ശിലന്യാസ് (ആദ്യ ശില ) നിർവ്വഹിച്ചത് അദ്ദേഹമായിരുന്നു. ആ സമയത്ത് വിശ്വഹിന്ദു പരിഷത്തിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം.  1991 ൽ അദ്ദേഹം ബിജെപിയിൽ ചേർന്നു. 2002 മുതൽ 2014 വരെ  ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.

1956 ൽ ബിഹാറിലെ കാമറൈലിൽ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.  മധുബനിയിലെ ജെഎൻ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മിഥില സർവകലാശാലയിൽ നിന്ന് എംഎയും കരസ്ഥമാക്കി.

കാമേശ്വർ ചൗപാലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. മഹാനായ രാമഭക്തനാണ് കാമേശ്വർ ചൗപാൽ, രാമക്ഷേത്ര നിർമ്മാണത്തിന് അദ്ദേഹം  വിലപ്പെട്ട സംഭാവനകളാണ് നൽകിയതെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എന്നും  സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു

‘ജയില്‍ ഡിഐജിയുമായി വഴിവിട്ട ബന്ധം; ഷെറിന് തടവറയില്‍ പ്രത്യേക കിടക്ക, തലയിണ’; വെളിപ്പെടുത്തലുമായി സഹതടവുകാരി

തൃശൂര്‍: ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് വിഐപി പരിഗണന ലഭിച്ചുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും ലഭിച്ചതായും, വിഐപി പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡിഐജി പ്രദീപ് ആണെന്നും സുനിത ആരോപിച്ചു. ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സുനിതയുടെ വെളിപ്പെടുത്തല്‍.

2013ന് ശേഷമാണ് സുനിതയും ഷെറിനും അട്ടക്കുളങ്ങര വനിത ജയിലില്‍ ഒരുമിച്ചുണ്ടായിരുന്നത്. സുനിതയുടെ തൊട്ടടുത്ത സെല്ലിലായിരുന്നു ഷെറിന്‍. എന്നാല്‍, ഷെറിന് സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും ഉള്‍പ്പെടെ പലസൗകര്യങ്ങളും ലഭിച്ചു. പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത ആരോപിച്ചു.

ഷെറിന് ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കേണ്ട. മൂന്നുനേരവും അവര്‍ പറയുന്ന ഭക്ഷണം ജയില്‍ ജീവനക്കാര്‍ പുറത്തുനിന്ന് വാങ്ങിനല്‍കും. സ്വന്തം മൊബൈല്‍ഫോണും ഉണ്ടായിരുന്നു. തടവുകാര്‍ക്കുള്ള വസ്ത്രമല്ല ഷെറിന്‍ ധരിച്ചിരുന്നത്. മേക്കപ്പ് സാധനങ്ങളും ലഭിച്ചിരുന്നു. പായ, തലയണ, മൊന്ത എന്നിവയാണ് തടവുകാര്‍ക്ക് ജയിലില്‍ നല്‍കുന്നത്. എന്നാല്‍, ഷെറിന് കിടക്ക, പ്രത്യേകം തലയണ, കണ്ണാടി, നിറയെ വസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ കിട്ടിയിരുന്നു. ഇതില്‍ സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കൊച്ചി ബ്ലൂ ബ്ലാക്ക്മെയിലിങ് കേസിലെ പ്രതി ബിന്ധ്യ തോമസ് ജയിലിലെത്തി. ഷെറിന്റെ ഫോണ്‍ പിന്നീട് ബിന്ധ്യയ്ക്ക് കൊടുത്തു. ആ സമയത്ത് ഞാന്‍ ആ ഫോണ്‍ പിടിച്ചുവാങ്ങി അതിലെ നമ്പര്‍ എടുത്ത് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് ജയിലിലെ പരാതിപ്പെട്ടിയിലും പരാതി എഴുതിയിട്ടു. അതിലും നടപടിയുണ്ടായില്ല.

തുടര്‍ന്ന് സൂപ്രണ്ടും ജയില്‍ ഡിഐജി പ്രദീപും അടക്കമുള്ളവര്‍ എന്നെ ചോദ്യംചെയ്തു. ജീവിതകാലം ജയിലില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സുനിത പറഞ്ഞു. ‘പ്രദീപ് സര്‍ ആഴ്ചയിലൊരുദിവസമെങ്കിലും ഷെറിനെ കാണാന്‍വരും. വൈകീട്ടാണ് വരിക. ലോക്കപ്പില്‍നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്. ഒരുമാസത്തിന് ശേഷം ഞാന്‍ ജാമ്യത്തിലിറങ്ങിയശേഷം അന്നത്തെ ഡിജിപി സെന്‍കുമാറിന് എല്ലാവിവരങ്ങളും ഉള്‍പ്പടെ പരാതി നല്‍കി. എന്നാല്‍, അട്ടക്കുളങ്ങര ജയിലിലെ അന്തേവാസികളെ അപമാനിക്കുന്ന രീതിയില്‍ ഞാന്‍ പ്രസ്താവന നടത്തിയെന്നും എനിക്കെതിരേ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാണിച്ച് ഒരു നോട്ടീസാണ് എനിക്ക് കിട്ടിയത്. ഇതോടെ വിവരാവകാശ നിയമപ്രകാരം ചില വിവരങ്ങള്‍ തേടി. ഷെറിനെതിരേ കൊലക്കുറ്റത്തിന് പുറമേ, കവര്‍ച്ചാക്കുറ്റവും ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് പരോളിന് നിയന്ത്രണമുണ്ട്. എന്നാല്‍, ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ ഷെറിന് പരോള്‍ നല്‍കിയിരുന്നു. ഇത് വിവരാവകാശപ്രകാരം ചോദിച്ച് മനസിലാക്കിയതോടെ ഷെറിന് സൗകര്യങ്ങള്‍ നല്‍കിയതിന് ജയിലിലെ രണ്ട് ഉദ്യോഗസ്ഥരെ സെന്‍കുമാര്‍ സ്ഥലംമാറ്റി.പക്ഷേ, അത് താത്കാലികമായ നടപടി മാത്രമായിരുന്നു.

വിവരാവകാശ നിയമപ്രകാരം ഞാന്‍ കാര്യങ്ങള്‍ വീണ്ടും തിരക്കിയപ്പോള്‍ ഷെറിനെ അട്ടക്കുളങ്ങരയില്‍നിന്ന് വിയ്യൂരിലേക്ക് മാറ്റി. ജയിലില്‍ പെരുമാറ്റദൂഷ്യമൊന്നും കാണിക്കാത്തവര്‍ക്കാണ് പരോളിന് പരിഗണനയുള്ളത്. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന അഞ്ചോ ആറോ സ്ത്രീ തടവുകാരുണ്ട്. അതില്‍ കണ്ണിന് കാഴ്ചയില്ലാത്തവര്‍ വരെയുണ്ട്. അവര്‍ക്കൊന്നും ഇളവ് ലഭിച്ചില്ല. ഷെറിന്‍ ഇറങ്ങുന്നതില്‍ പരാതിയില്ല, ഇറങ്ങിക്കോട്ടെ, പക്ഷേ, 20 വര്‍ഷമായി ജയിലില്‍ കിടക്കുന്നവരും ഉണ്ട്. അവര്‍ക്കും ഇളവ് ലഭിക്കണം’, സുനിത പറഞ്ഞു.

ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടൽ; പുതുതായി എടുത്ത 700 പേരിൽ 400 പേരെയും പിരിച്ച് വിട്ടു

ബംഗളൂരു: ഇൻഫോസിസിൽ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 700 പേരെ എടുത്തതിൽ 400 പേരെയും പിരിച്ച് വിട്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതേസമയം മൂന്ന് മാസത്തിനകം മറ്റൊരു പരീക്ഷ എഴുതിച്ചെന്നും ഇതിൽ പാസ്സാകാത്തവരോട് ഉടനടി ക്യാമ്പസ് വിടാൻ നിർദേശിച്ചെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇൻഫോസിസിന്‍റെ മൈസൂരു ക്യാമ്പസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

സിസ്റ്റം എഞ്ചിനീയേഴ്സ് (SE), ഡിജിറ്റൽ സ്പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്സ് (DSE) തസ്തികകളിലെ ട്രെയിനികൾക്ക് നേരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാർത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നൽകുകയായിരുന്നു. പരീക്ഷ പാസ്സാകാത്തതിനാൽ പിരിച്ച് വിടുന്നതിൽ എതിർപ്പില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തിട്ടുണ്ട്.

അതേസമയം അന്യായമായി പിരിച്ച് വിട്ടെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നൽകി തോൽപ്പിക്കാനുദ്ദേശിച്ച് നടത്തിയ പരീക്ഷ ആയിരുന്നുവെന്നാണ് പിരിച്ച് വിടപ്പെട്ടവർ വ്യക്തമാക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തി. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എൻ ഐ ടി ഇ എസ് പറഞ്ഞു.

എന്നാൽ ട്രെയിനി ബാച്ചിലുള്ളവർക്ക് പരീക്ഷ പാസ്സാകാൻ മൂന്ന് തവണ അവസരം നൽകിയെന്നാണ് ഇൻഫോസിസിന്‍റെ വിശദീകരണം. ജീവനക്കാരുടെ നിലവാരം ഉറപ്പാക്കുന്ന ഇത്തരം പരീക്ഷകൾ പതിവാണെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു.