മണ്ണാര്‍ക്കാട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ട്രാവലര്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ആനമൂളിക്ക് സമീപം താഴ്ചയിലേക്ക് വണ്ടി മറിയുകയായിരുന്നു. അട്ടപ്പാടിയില്‍ നിന്ന് പള്ളിപ്പെരുന്നാള്‍ കഴിഞ്ഞ് ആളുകളുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ആനമൂളിയില്‍ വെച്ച് നിയന്ത്രണം തെറ്റി ട്രാവലര്‍ മറിയുകയായിരുന്നു. വാഹനത്തില്‍ 10 പേരാണ് ഉണ്ടായിരുന്നത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

പാതി വില തട്ടിപ്പ്: അന്വേഷണം ക്രൈംബ്രാഞ്ചിന്, ഡിജിപി ഉത്തരവിറക്കി; 34 കേസുകള്‍ കൈമാറി

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി. സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളാണ് ആദ്യഘട്ടമായി ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കൂടാതെ അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കും. ക്രൈംബ്രാഞ്ച് മേധാവിയാകും നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നിര്‍ദേശമുണ്ട്. ജില്ലകളിലെ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി നിശ്ചയിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടുക്കിയില്‍ ലഭിച്ചത് 1400 ഓളം പരാതികളാണ്. ഇടുക്കിയിലെ മറയൂരിലും കാന്തല്ലൂരിലും അഞ്ഞൂറിലേറെ സ്ത്രീകള്‍ പകുതി വില തട്ടിപ്പിനിരയായി. 160 പരാതികളാണ് മറയൂര്‍ സ്റ്റേഷനില്‍ ലഭിച്ചത്. തോട്ടം തൊഴിലാളികളും സ്‌കൂട്ടര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇടുക്കിയില്‍ 62 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തട്ടിപ്പിലൂടെ കിട്ടിയ കോടികളില്‍ രാഷ്ട്രീയനേതാക്കള്‍ക്ക് വാരിക്കോരി സംഭാവന നല്‍കിയിരുന്നുവെന്ന് മുഖ്യപ്രതി അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കി. ഭൂമിയും വാഹനങ്ങളും വാങ്ങി. ആഡംബര ജീവിതം നയിച്ചും പണം ചെലവഴിച്ചു. അക്കൗണ്ടുകളില്‍ ഇനി ബാക്കിയുള്ളത് പത്തുലക്ഷം രൂപ മാത്രമാണെന്നാണ് അനന്തുവിന്റെ മൊഴി.

തെരഞ്ഞെടുപ്പ് ഫണ്ട് എന്ന നിലയിലാണ് പല രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സീഡ് സൊസൈറ്റികളില്‍ നിന്നുള്ള പണം അനന്തുവിന്റെ മൂന്ന് അക്കൗണ്ടുകളിലേക്കാണ് ലഭിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പാതി വില പദ്ധതിയുടെ ആശയം സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആനന്ദകുമാറിന്റേതാണെന്നാണ് അനന്തു പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആനന്ദ കുമാറിന്റെ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും. ആനന്ദ് കുമാറിനെ ഉടന്‍ ചോദ്യം ചെയ്യും. അനന്തുവിന്റെ കൃഷ്ണന്റെ കുറ്റസമ്മത മൊഴി ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

രാഷ്‌ട്രപതി പ്രയാഗ്‌രാജിൽ; ത്രിവേണീ സംഗമസ്ഥാനത്തെത്തി ദ്രൗപദി മുർമു; സ്വീകരിച്ച് യോഗി ആദിത്യനാഥ്

0

ലക്നൗ: മഹാകുംഭമേളിയിൽ പങ്കെടുത്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. രാഷ്‌ട്രപതി ഒരു ദിവസം പ്രയാഗ്‌രാജിൽ തങ്ങിയാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്.

യോ​ഗി ആദിത്യനാഥിനൊപ്പം ത്രിവേണീ സം​ഗമസ്ഥാനത്തെത്തിയ രാഷ്‌ട്രപതി ​ഗം​ഗാനദിയിൽ ബോട്ട് സവാരി നടത്തി. ത്രിവേണീ സം​ഗമത്തിൽ രാഷ്‌ട്രപതി പുണ്യസ്നാനം ചെയ്യുകയും സം​ഗമസ്ഥാനത്ത് പൂജ നടത്തുകയും ചെയ്യും.

അക്ഷയവത്, ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പൂജകളിൽ രാഷ്‌ട്രപതി പങ്കെടുക്കുമെന്ന് പ്രയാഗ്‌രാജ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രയാഗ്‌രാജിൽ സംഘടിപ്പിക്കുന്ന ഡിജിറ്റൽ മഹാകുംഭ് പ്രദർശനത്തിലും രാഷ്‌ട്രപതി പങ്കെടുക്കും.

വീണ്ടും കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്

മുംബൈ: ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു.

വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.

ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു

0

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ് രാഷ്‌ട്രപതി സ്നാനം ചെയ്തത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനോടൊപ്പമാണ് രാഷ്‌ട്രപതി ത്രിവേണീ സം​ഗമസ്ഥാനത്ത് എത്തിയത്.

​ഗം​ഗാനദിയിലൂടെ ബോട്ട് സവാരി നടത്തി, ദേശാടന പക്ഷികൾക്ക് തീറ്റ നൽകുന്ന രാഷ്‌ട്രപതിയുടെ വീഡിയോ യോ​ഗി ആദിത്യനാഥിന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്നാണ് സ്വീകരിച്ചത്.

രാഷ്‌ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് പ്രയാഗ്‌രാജിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരക്ക് കൂടിയ സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. ഒരു ദിവസം പ്രയാ​ഗ് രാജിൽ തങ്ങിയാണ് രാഷ്‌ട്രപതി കുംഭമേളയുടെ ഭാ​ഗമാകുന്നത്. രാഷ്‌ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് പ്രയാ​ഗ് രാജിൽ പ്രത്യേക ഒരുക്കങ്ങളും സജ്ജമാക്കിയിരുന്നു.

44 കോടി വിശ്വാസികളാണ് ഇതുവരെ മഹാകുംഭമേളയിൽ പങ്കെടുത്തത്. ​ഗ​താ​ഗതം നിയന്ത്രിക്കുന്നതിനായി തിരക്ക് കൂടിയ പ്രദേശങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂരില്‍ 24കാരന്‍ അമ്മയുടെ കഴുത്തറുത്തു; അതീവ ഗുരുതരാവസ്ഥയില്‍; ലഹരിക്ക് അടിമയെന്ന് പൊലീസ്

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകന്‍ അമ്മയുടെ കഴുത്തറത്തു. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഞായര്‍ രാത്രിയായിരുന്നു സംഭവം. സീനത്തിനെ ലഹരിക്ക് അടിമയായ മകന്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഇയാള്‍ പിതാവ് ജലീലിനെയും ആക്രമിച്ചിതായും പൊലീസ് പറഞ്ഞു

ഇവര്‍ കൊച്ചി കളമശേരിയിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വിട്ടിലെ എത്തിയിരുന്നത്. അതിനിടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സീനത്തിനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കല്‍ കോളജിലേക്കും അവിടെവച്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു

കരുവന്നൂര്‍ തട്ടിപ്പ് മുതൽ കോർപ്പറേഷനിലെ ഭരണ പ്രതിസന്ധി വരെ ചർച്ചയാകും; സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന്

0

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്ന് കുന്നംകുളം ടൗണ്‍ ഹാളിലെ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ആരംഭിക്കും. രാവിലെ 9ന് ജില്ലയിലെ മുതിര്‍ന്ന നേതാവ് എന്‍ ആര്‍ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. പിന്നീട് ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലയിലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ കരുവന്നൂര്‍ തട്ടിപ്പ്, മറ്റു സഹകരണ ബാങ്കുകളുടെ സാമ്പത്തിക ക്രമക്കേടുകള്‍, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താദ്യമായി ബിജെപി തൃശൂരില്‍ അക്കൗണ്ട് തുറക്കാനിടയായ സാഹചര്യം, കത്തോലിക്കാ സഭ ബിജെപിക്ക് നല്‍കുന്ന പിന്തുണ, തൃശൂര്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിന്‍റെ സജീവ ചര്‍ച്ചയിലെത്തിയേക്കാം.

നിലവിലെ സെക്രട്ടറി എംഎം വര്‍ഗീസ് ഒഴിയാനുള്ള സാധ്യതയാണുള്ളത്. അബ്ദുള്‍ ഖാദര്‍, യു.പി. ജോസഫ് എന്നിവരുടെ പേരുകളാണ് സജീവമായുള്ളത്. 11ന് ഉച്ചതിരിഞ്ഞ് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്തെ ഏറ്റവും ഒടുവിലത്തെ ജില്ലാ സമ്മേളനം എന്ന പ്രത്യേകതയും തൃശൂര്‍ ജില്ലാ സമ്മേളനത്തിനുണ്ട്.

ആരാകും രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രി? മൂന്നു പേരുകള്‍ പരിഗണനയിൽ, ബിജെപിയിൽ ഇന്നും ചര്‍ച്ച തുടരും

വീണ്ടും പ്രകടനവുമായി തെരുവിലിറങ്ങി വിമതർ;വടകരയിൽ തലവേദന ഒഴിയാതെ സിപിഎം

0

കോഴിക്കോട്: വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. പി.കെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മണിയൂർ പഞ്ചായത്തിലെ നടുവയലിലാണ് പ്രതിഷേധം നടന്നത്. പ്രകടനത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്. 

ഇക്കഴിഞ്ഞ 5-ാം തീയതിയും വടകരയിൽ സമാനമായ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് മുമ്പ് പ്രതിഷേധം ഉണ്ടായത്. ഇരുപതോളം പ്രവർത്തകരാണ് അന്ന് പ്രകടനം നടത്തിയത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. വടകരയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് വടകര മുന്‍ ഏരിയാ സെക്രട്ടറി പി കെ ദിവാകരന്‍ അടക്കം 11 പേരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.

സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുളള പ്രതികരണങ്ങള്‍ എത്തിയിരുന്നു. ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാധ്യക്ഷ കെ.പി ബിന്ദുവിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ദിവാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ

0

തിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. 

കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊച്ചിയിൽ വാഹനാപകടം; ബൈക്ക് ടോറസിലിടിച്ച് വീട്ടമ്മ മരിച്ചു; ഭർത്താവിന് പരിക്ക്

0

കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഹനമോടിച്ച വീട്ടമ്മയുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. മലയാറ്റൂർ സ്വദേശിനിയായ ലീലയാണ് മരണപ്പെട്ടത്. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ലീല മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലീലയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.

മലപ്പുറത്ത് യുവാവിനെ പിന്തുടർന്ന് 18വയസുകാരൻ വെട്ടിയത് ഏഴ് തവണ; ശേഷം സ്റ്റേഷനിൽ കീഴടങ്ങി പ്രതി

0

മലപ്പുറം: ‌ഇന്നലെ രാത്രി മലപ്പുറം വീണാലുക്കലിൽ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. വീണാലുക്കൽ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തിൽ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസിൽ കീഴടങ്ങി.

സുഹൈബിനെ പിന്തുടർന്ന് യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതര പരിക്കുകളോടെ സുഹൈബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ് യുവാവ്. അതേസമയം, റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ് ആഗ്രഹിച്ച കോൺഗ്രസ് ഇത്തവണയും വട്ടപ്പൂജ്യം; വോട്ട് വിഹിതം കൂടിയത് മാത്രം ആശ്വാസം

0

ന്യൂഡല്‍ഹി: 1998 മുതൽ 2013 വരെയായിരുന്നു ഡൽഹിയിൽ കോൺഗ്രസിന്റെ ഭരണം. എന്നാൽ അവിടേയ്ക്ക് ആം ആദ്മി ചൂലുമായി കയറിവന്ന് ഒരു സീറ്റ് പോലും നേടാനാവാതെ കോൺഗ്രസിനെ തൂത്തെറിഞ്ഞു. പിന്നീടങ്ങോട്ട് ഡൽഹി നിയമസഭയിൽ കോൺഗ്രസ് സാന്നിധ്യം ഉണ്ടായിട്ടില്ല. പതിനഞ്ചുവർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ തിരിച്ചുവരവാഗ്രഹിച്ച കോൺഗ്രസ് ആംആദ്മിയുമായുള്ള സഖ്യം അവസാനിപ്പിച്ചു സ്വയം പോരാടാനിറങ്ങി. ഇതോടെ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്.

ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബി.ജെ.പിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാംസ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അഭിഷേക് ദത്തായിരുന്നു ഇവിടെ മത്സരിച്ചത്. ആപ്പുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് ആകെ ആശ്വസിക്കാനുള്ള വോട്ട് വിഹിതത്തിലെ വര്‍ധന മാത്രമാണ്. കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചു.

എഴുപതംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ കടപുഴക്കിയാണ് ബി.ജെ.പി. അധികാരത്തിലേക്ക് കുതിച്ചത്. 48സീറ്റുകളില്‍ ബി.ജെ.പി. ലീഡ് ചെയ്യുമ്പോള്‍ എ.എ.പി. 22മണ്ഡലങ്ങളില്‍ മാത്രമാണ് എ.എ.പി. മുന്നിട്ടുനില്‍ക്കുന്നത്.

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു; അന്ത്യം സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. 57 വയസ്സുണ്ട്. മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശിയാണ്. തൊടുപുഴയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ അടിമാലിയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഹിറ്റ് തമിഴ് സിനിമകളായ മൈന, കഴുക്, കുംകി തുടങ്ങിയവ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിപ്പി എന്ന തമിഴ് സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മൂന്നാറില്‍ ചിത്രീകരിച്ച വിവിധ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ ലൊക്കേഷന്‍ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. വിദ്യ, വിവേക് എന്നിവര്‍ മക്കളാണ്.

‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പരാജയത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി അണ്ണാ ഹസാരെ. കെജരിവാള്‍ പണം കണ്ട് മതിമറന്നെന്നും മദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഹസാരെ പറഞ്ഞു.

തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമ്പോള്‍ സംശുദ്ധരായവരെ മത്സരിപ്പിക്കണം. സ്ഥാനാര്‍ഥിയുടെ പെരുമാറ്റം, അവരുടെ ചിന്തകള്‍, അവരുടെ ജീവിതം ഇവയെല്ലാം പ്രധാനമാണെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും കേള്‍ക്കാന്‍ കെജരിവാള്‍ തയ്യാറായില്ലെന്നും ഹസാരെ പറഞ്ഞു.

കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ വിമര്‍ശനം. ‘കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ’ എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.

അതേസമയം, ആം ആദ്മിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം കോണ്‍ഗ്രസിനില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനഥെയുടെ പ്രതികരണം. 27 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

‘തമ്മിൽത്തല്ലി ചാകൂ’; കോൺഗ്രസിനെയും എഎപിയെയും ട്രോളി ഒമർ അബ്ദുള്ള

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ബിജെപി കുതിപ്പ് തുടരുമ്പോള്‍, കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ബിജെപിക്കെതിരെ പോരാടാന്‍ കൈകോര്‍ത്ത ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചത്.

”കുറച്ചുകൂടി പോരാടൂ, മനസ്സു നിറയെ പോരാടൂ, പരസ്പരം അവസാനിപ്പിക്കൂ” എന്ന് സമൂഹമാധ്യമത്തില്‍ ഒമര്‍ അബ്ദുള്ള പങ്കുവെച്ച മീമില്‍ പറയുന്നു. ബിജെപിയെ നേരിടുന്നതില്‍ ഇന്ത്യ സഖ്യത്തിലെ ഭിന്നതയേയും, സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നതിനെയും ഒമര്‍ അബ്ദുള്ള നേരത്തെ വിമര്‍ശിച്ചിരുന്നു.

ഡല്‍ഹിയില്‍ 27 വര്‍ഷത്തിന് ശേഷമാണ് ബിജെപി തിരിച്ച് അധികാര്തതില്‍ വരാന്‍ സാഹചര്യമൊരുങ്ങുന്നത്. 70 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 40 ലേറെ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഡല്‍ഹി കലാപം നടന്ന പ്രദേശങ്ങളിലടക്കം ബിജെപി മുന്നിലാണ്.