25 ലക്ഷം രൂപ നൽകിയെന്ന് അനന്തു:  ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന്  സി വി വ‍‌ർഗീസ്

ഇടുക്കി: അനന്തു കൃഷ്ണൻ്റെ മൊഴി നിഷേധിച്ച് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്.

താൻ വ്യക്തിപരമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ല,  തങ്കമണി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ടിലേക്ക് 25 ലക്ഷം രൂപ നൽകിയെന്ന ആരോപണമാണ് സി വി വ‍‌ർഗീസ് പൂർണമായി തള്ളിയത്. തങ്കമണി ബാങ്കിൽ തനിക്ക് ഒരുവിധ ഇടപാടുകളും നിലവിലില്ല. സ്വകാര്യ അക്കൗണ്ട് ഇല്ല.

ബാങ്ക് വഴി പണ ഇടപാട് നടത്തിയെന്ന ആരോപണം തങ്കമണി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കും പൂ‍ർ‌ണമായി തള്ളി. സി വി വർഗീസിനോ സിപിഎമ്മിനോ ബാങ്കിൽ അക്കൗണ്ടുകളില്ലായെന്നാണ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം അനന്തു കൃഷ്ണൻ തട്ടിപ്പ് കേസിൽ പിടിയിലായ ശേഷം മൂന്നാമൻ വഴി സഹായം അഭ്യർത്ഥിച്ച് എത്തിയിരുന്നുവെന്നും.

ഇത്തരം കാര്യങ്ങളിൽ സഹായിക്കാൻ കഴിയില്ല എന്ന് താൻ വ്യക്തമാക്കിയിരുന്നതായും സി വി വർഗീസ് പറഞ്ഞു.

‘ചെയ്തത് തെറ്റ്, ഇനി ആവര്‍ത്തിക്കില്ല’; വഴി തടഞ്ഞ് പരിപാടി നടത്തിയതില്‍ മാപ്പപേക്ഷിച്ച് നേതാക്കള്‍ കോടതിയില്‍

കൊച്ചി: വഴി തടഞ്ഞ് പരിപാടികള്‍ നടത്തിയതിനെതിരായ കോടതയിലക്ഷ്യ ഹര്‍ജിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ച് രാഷ്ട്രീയ നേതാക്കള്‍. നടപ്പാതകള്‍ പ്രതിഷേധിക്കാനുള്ള ഇടമല്ലെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രന്‍ എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇക്കാര്യത്തില്‍ മാപ്പപേക്ഷ പോരെന്നും അധിക സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു

വഞ്ചിയൂരില്‍ റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിനെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ കൂടി പരിഗണിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം നേതാക്കള്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ നേരിട്ട് കോടതിയില്‍ ഹാജരായി. എല്ലാവരും നിരുപാധികം മാപ്പപേക്ഷിച്ചു. ചെയ്തത് തെറ്റാണെന്നും ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

നടപ്പാതകള്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്താനുള്ളതല്ലെന്നും ആളുകള്‍ക്ക് സഞ്ചരിക്കാനുള്ളതാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ ഈ നേതാക്കള്‍ ഇനി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് പറഞ്ഞ കോടതി ഇവരോട് വ്യക്തിഗത സത്യവാങ്മൂലം നല്‍കാനും നിര്‍ദേശിച്ചു. ഇ വിഷയത്തില്‍ ഡിജിപി, തിരുവനന്തപുരം, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ നേരത്തെ മാപ്പ് അപേക്ഷിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ സത്യവാങ് മൂലം നല്‍കാനും നിര്‍ദേശിച്ചു.

കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം മറ്റന്നാള്‍ വൈകീട്ട് നാല് മണിക്ക് കോടതിയില്‍ ഹാജരാകും. ഇന്ന് നേരിട്ടുഹാജരാകുന്നതില്‍ നിന്ന് ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ പത്താം തീയതി നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

കിഫ്ബി അടിയന്തര പ്രമേയത്തിന് അവതരണാനുമതിയില്ല; സഭ ബഹിഷ്കരിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കിഫ്ബി പദ്ധതികള്‍ താളം തെറ്റിയെന്ന് ആരോപിച്ച്‌ റോജി എം ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കിഫ്ബി റോഡുകളില്‍ ടോള്‍ കൊണ്ടുവരാനുള്ള നീക്കം സഭയില്‍ ഉന്നയിച്ച അദ്ദേഹം കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്നും ആരോപിച്ചു. കിഫ്ബി പരാജയപ്പെട്ട മാതൃകയാണെന്നു ചൂണ്ടിക്കാണിച്ച റോജി എം. ജോണ്‍ കിഫ്ബി ബാധ്യത ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. കിഫ്ബി പദ്ധതികള്‍ ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ കിഫ്ബി ടോളിന്‍റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ സഭയില്‍ പറഞ്ഞു. ദേശീയപാത വികസനത്തിന് കിഫ്ബിയില്‍ നിന്നാണ് പണം നല്‍കിയതെന്ന് വ്യക്തമാക്കിയ ധനമന്ത്രി കിഫ്ബിയ്ക്ക് വരുമാനദായക പദ്ധതികള്‍ വേണമെന്നാണ് നിലപാടെന്നും സഭയെ അറിയിച്ചു.

നാഷണല്‍ ഹൈവേ അതോറിറ്റി എല്ലാ നി‍ർമ്മാണവും ടോള്‍ പിരിച്ചാണ് ചെയ്യുന്നതെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോല്‍പ്പിക്കരുത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളർത്തുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി വിമർശിച്ചു.

ധനകാര്യ മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംസാരിച്ച പ്രതിപക്ഷ നേതാവ് കിഫ്ബിയെ ഓഡിറ്റ് ചെയ്താല്‍ ഒരു വെള്ളാനയെന്ന് ബോധ്യപ്പെടുമെന്ന് പറഞ്ഞു. നിയമനവും ശമ്ബളവും പരിശോധിക്കപ്പെടണം. കിഫ്ബിയില്‍ ഇരുന്ന് ഓരോരുത്തരും എത്ര രൂപയാണ് ശമ്ബളം വാങ്ങുന്നത്. കിഫ്ബി സംസ്ഥാനത്തിനും ബജറ്റിനും ബാധ്യത. കിഫ്ബിക്കായി 50 ശതമാനം തുക പ്ലാനില്‍ നിന്നും കട്ട് ചെയ്യേണ്ടി വന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; ജനസംഖ്യാ സെന്‍സസ് ഉടന്‍ നടത്തണമെന്ന് സോണിയാഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 14 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ എത്രയും വേഗം സമ്പൂര്‍ണ്ണമായ ജനസംഖ്യാ സെന്‍സസ് നടത്തണമെന്ന് സോണിയാഗാന്ധി രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമുള്ള ഗുണഭോക്താക്കളെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകള്‍ അനുസരിച്ചല്ല, 2011 ലെ സെന്‍സസ് അനുസരിച്ചാണ് കണക്കാക്കുന്നത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 2013 സെപ്റ്റംബറില്‍ യുപിഎ സര്‍ക്കാരാണ് പദ്ധതി നടപ്പാക്കിയത്.

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍, ദശലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ പട്ടിണിയില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നിര്‍ണായക പങ്ക് വഹിച്ചതായി സോണിയാ ഗാന്ധി പറഞ്ഞു. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കള്‍ക്കുള്ള ക്വാട്ട ഇപ്പോഴും നിര്‍ണ്ണയിക്കുന്നത്. ഇതിന് ഇപ്പോള്‍ ഒരു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.

നിലവില്‍, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സര്‍ക്കാര്‍ ഒരാള്‍ക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, ദശവത്സര സെന്‍സസ് നാല് വര്‍ഷത്തിലധികം വൈകി. ഇത് ആദ്യം 2021 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. പക്ഷേ സെന്‍സസ് എപ്പോള്‍ നടത്തുമെന്ന് ഇപ്പോഴും വ്യക്തതയില്ല. സെന്‍സസ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് സോണിയാഗാന്ധി ആവശ്യപ്പെട്ടു.

മിഹിറിന്റെ അനുഭവം മറ്റു കുട്ടികള്‍ക്കും ഉണ്ടായി, സ്‌കൂള്‍ ഇതുവരെ എന്‍ഒസി ഹാജരാക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍ കുട്ടി. ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിലെ പ്രവേശനത്തിനായി പരീക്ഷയും അഭിമുഖവും അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

‘ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടികള്‍ ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നെന്ന് പറഞ്ഞ് നിരവധി മാതാപിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചതായും പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതിനാല്‍ ടിസി വാങ്ങി മറ്റ് സ്‌കൂളിലേക്ക് ചേര്‍ത്തതായും ഒരു പിതാവ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സിബിഎസ്ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ എന്‍ഒസി നിര്‍ബന്ധമാണ്. ഈ സ്‌കൂളിനോട് എന്‍ഒസി അടിയന്തരമായി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതരടോടും വിദ്യാഭ്യാസ ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ നടത്താനുള്ള എന്‍ഒസി ഇതുവരെ ഇവര്‍ ഹാജരാക്കിയിട്ടില്ല. അത് വാങ്ങേണ്ട ഉത്തരവാദിത്തം അതത് ഡിഇഒമാര്‍ക്കാണ്. അവര്‍ അടുത്ത അക്കാദമിക വര്‍ഷത്തില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട്് നല്‍കണം. കുട്ടി ആത്മഹത്യ ചെയ്ത സംഭവം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഒന്നാം ക്ലാസ് പ്രവേശനത്തനായി പരീക്ഷയും ഇന്റര്‍വ്യൂ നടത്തുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രക്ഷിതാക്കളെയും ഇന്റര്‍വ്യൂ ചെയ്യുന്നു. ഇത് ഒരുതരത്തിലുള്ള ബാലപീഡനമാണ്. ഇത് അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസ കച്ചവടം അംഗീകരിക്കാനാകില്ല.

പാതിവില തട്ടിപ്പുകേസിലെ അനന്തുകൃഷ്ണനെ ഉദ്ഘാടന പരിപാടിയില്‍ കണ്ട പരിചയം മാത്രമാണ് ഉള്ളത്. സായി ഗ്രാമം ചെയര്‍മാന്‍ ആനന്ദകുമാര്‍ ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. അനന്തു കൃഷ്ണനുമായി മറ്റ് ബന്ധങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ തന്നെ നിലവില്‍ ചില എന്‍ജിഒകള്‍ നടത്തുന്ന തട്ടിപ്പുകളും താന്‍ ചൂണ്ടിക്കാട്ടിയിരുന്നതായി ശിവന്‍കുട്ടി പറഞ്ഞു

ജസ്റ്റിസ് സിഎൻ രാമചന്ദ്രനെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

കോഴിക്കോട്: പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എൻ രാമചന്ദ്രനെതിരെ ബാലുശ്ശേരിയിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് സിഎൻ രാമചന്ദ്രൻ.

യങ് മാൻ സ്‌പോർട്‌സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവർ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

എൻജിഒ കോൺഫെഡറേഷൻ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. ആനന്ദ് കുമാർ, അനന്തു കൃഷ്ണൻ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 

കൊവിഡ് കാലത്ത് കർണാടകയിൽ നിന്ന് വന്ന കണ്ടെയ്നർ, പിടിച്ചത് സ്പിരിറ്റ്; വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ

0

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ സംസ്ഥാന അതിര്‍ത്തി ചെക്‌പോസ്റ്റ് വഴി സ്പിരിറ്റ് കടത്തിയ കേസില്‍ വര്‍ഷങ്ങളോളം ഒളിവിലായിരുന്നു പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി എക്‌സൈസ്. കേസില്‍ പ്രതിയായതോടെ വിദേശത്തേക്ക് രക്ഷപ്പെട്ട മലപ്പുറം കൊണ്ടോട്ടി കൊളത്തൂര്‍ പൂളക്കാതൊടി വീട്ടില്‍ മുഹമ്മദ് ബഷീര്‍ (28) ആണ് നാട്ടിലേക്ക് വരുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരുന്നതിനാല്‍ തടഞ്ഞുവെച്ച് എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് അസി. എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി റേഞ്ച് ഓഫീസില്‍ ഹാജരാക്കിട്ടുള്ള പ്രതിയെ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി എക്‌സൈസ് ചോദ്യം ചെയ്യും.

2021 മെയ് മാസം ആറാം തീയതിയായിരുന്നു സ്‌ക്വാഡ് സിഐ ആയിരുന്ന സജിത്ത് ചന്ദ്രനും സംഘവും പൊന്‍കുഴി ഭാഗത്ത് നടത്തിയ പരിശോധനയില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ 52 ബാരലുകളിലായി ഉണ്ടായിരുന്ന 11034.400 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തത്. സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പ്രതികളായി അന്ന് ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. 

മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന വി എ ബി കോസ്മെറ്റിക്സ് എന്ന സ്ഥാപനത്തിന്റെ സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ കടത്തിക്കൊണ്ടുവന്ന സ്പിരിറ്റ് ആയിരുന്നു പിടികൂടിയത് എന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ സ്ഥാപനത്തിന്‍റെ മാനേജിംഗ് പാര്‍ട്ട്ണറായ മുഹമ്മദ് ബഷീര്‍ കേസില്‍ ഒന്നാം പ്രതിയാക്കി. അന്ന് തന്നെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇയാള്‍ സ്വദേശത്തും വിദേശത്തുമായി ഒളിവില്‍ കഴിഞ്ഞു വരുകയാണെന്ന് സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

പിന്നീട് കര്‍ണാടകയിലും മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം, കൊണ്ടോട്ടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ മൈസൂര്‍ മാണ്ഡ്യ കൊപ്പം ഭാഗത്തെ എന്‍ എസ് എല്‍ ഷുഗേര്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് കൊവിഡ് കാലത്ത് സാനിറ്റൈസര്‍ നിര്‍മ്മാണത്തിനെന്ന പേരില്‍ ഡ്രഗ് വിഭാഗത്തിന്റെ ലൈസന്‍സ് ഉപയോഗിച്ച് സ്പിരിറ്റ് കടത്തികൊണ്ടു വന്നതെന്നും ഈ സ്ഥാപനത്തിന്റെ പാര്‍ട്ട്ണര്‍മാരായ ഒന്നാം പ്രതിയായിരിക്കുന്ന മുഹമ്മദ് ബഷീറും രണ്ടാം പ്രതി അജ്മലും നേരിട്ട് ഇടപ്പെട്ടാണ് സ്പിരിറ്റ് ലഭ്യമാക്കിയതെന്നും കണ്ടെത്തുകയായിരുന്നു. രണ്ടാം പ്രതിയായ മലപ്പുറം കൊണ്ടോട്ടി പുളിയഞ്ചാലി പി സി  അജ്മലിനെ 2024 ജനുവരി എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തേക്ക് കടന്നതിനാല്‍ പ്രധാന പ്രതിയായ മുഹമ്മദ് ബഷീറിനെ പിടികൂടാനുള്ള ശ്രമങ്ങളെല്ലാം അന്ന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

സത്യസായി ട്രസ്റ്റ് സർക്കാരിനെയും പറ്റിച്ചു; ജലജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പേര് പറഞ്ഞ് കബളിപ്പിക്കൽ

0

തിരുവനന്തപുരം: പാതിവില തട്ടിപ്പിൽ അന്വേഷണം നേരിടുന്ന തിരുവനന്തപുരത്തെ സത്യസായി ട്രസ്റ്റ് സർക്കാരിനെയും പറ്റിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കുന്ന ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയുടെ പേര് പറഞ്ഞായിരുന്നു കബളിപ്പിക്കൽ. ഒരുലക്ഷം കുടുംബങ്ങൾക്ക് സ്വന്തം നിലയിൽ കുടിവെള്ളം നൽകി എന്നായിരുന്നു പ്രചാരണം. ഇതിനെതിരെ വാട്ടർ അതോറിറ്റി നോട്ടീസ് നൽകിയെങ്കിലും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല.

ഗ്രാമീണ ജനതയ്ക്ക് കുടിവെള്ളം എത്തിക്കാനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. കേരളത്തിൽ 51 ലക്ഷം കുടുംബങ്ങളെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിർവഹണത്തിനായി സന്നദ്ധ സംഘടനകളെയും നിയോഗിച്ചിട്ടുണ്ട്. ഇതിനായി ഇവർക്ക് പണം നൽകുന്നുമുണ്ട്. ഇത്തരത്തിൽ തിരഞ്ഞെടുത്ത 41 സംഘടനകളിൽ ഒന്നാണ് സത്യസായി ട്രസ്റ്റ്.

എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 25ന് തിരുവനന്തപുരത്ത്  നിശ്ചയിച്ച പരിപാടിക്കായി ട്രസ്റ്റ് പുറത്തിറക്കിയ നോട്ടീസ് ആണിത്. ഒരു ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകിയതിന്റെ ഉദ്ഘാടനം എന്നാണ് നോട്ടീസിൽ പറയുന്നത്. ചടങ്ങിലേക്ക് മന്ത്രി റോഷി അഗസ്റ്റിനെയും ക്ഷണിച്ചു. അപ്പോഴാണ് വ്യാജ പ്രചാരണം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ചടങ്ങിൽ നിന്നും മന്ത്രി പിന്മാറിയതിന് പുറകെ വാട്ടർ അതോറിറ്റി ട്രസ്റ്റിൽ നിന്ന് വിശദീകരണം തേടി.

സ്വന്തം നിലയിൽ കുടിവെള്ള വിതരണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കാനായിരുന്നു ആവശ്യം. എന്നാൽ മൂന്നുമാസം കഴിഞ്ഞിട്ടും ട്രസ്റ്റ് മറുപടി നൽകിയിട്ടില്ല. വിവിധ സന്നദ്ധ സംഘടനകളെയും അതുവഴി പ്രമുഖ വ്യക്തികളെയും തങ്ങളുടെ നെറ്റ്‌വർക്കിന്റെ ഭാഗമാക്കിയ അനന്തകുമാറും  സംഘവും വിവിധ സർക്കാർ പദ്ധതികളെയും സ്വന്തം പേരിൽ ആക്കി ബഹുജന പിന്തുണ നേടാൻ ശ്രമിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.

‘ഇത്തിരി സ്പീഡ് കൂടിപ്പോയി’, മദ്യപിച്ച് ഫിറ്റായി കാർ റെയിൽവേ ട്രാക്കിലേക്ക് ഓടിച്ച് കയറ്റി ദമ്പതികൾ

0

അംറോഹ: മദ്യപിച്ച് ഫിറ്റായി യുവാവ് കാർ റെയിൽവേ ട്രാക്കിൽ കൊണ്ടിട്ട് യുവാവ്. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം. വെള്ളിയാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെയാണ് സംഭവം. ട്രാക്കിലൂടെ അൻപത് മീറ്ററിലേറെ ദൂരമാണ് യുവാവ് എസ് യു വി ഓടിച്ചുകൊണ്ട് പോയത്. ഇതിന് പിന്നാലെ പാളത്തിൽ നിന്ന് കാർ തെന്നിമാറിയതോടെയാണ് കാർ കുടുങ്ങിയത്. 

മദ്യപിച്ച് ലക്കുകെട്ടിരുന്ന യുവാവിനെ ഏറെ നിർബന്ധിച്ച ശേഷമാണ് കാറിൽ നിന്ന് ഇറക്കാനായത്. വേഗത കൂടിപ്പോയെന്നും റോഡ് സൈഡിലായിപ്പോയെന്നുമാണ് യുവാവ് രക്ഷാപ്രവർത്തനത്തിന് എത്തിയവരോട് പറഞ്ഞത്. കാർ നിൽക്കുന്നത് റെയിൽവേ ട്രാക്കിലാണെന്ന് ഏറെ പാടുപെട്ട് മനസിലാക്കിയ ശേഷമാണ് റെയിൽവേ പൊലീസിന് യുവാവിനെ കൈമാറിയത്. ഭിംപൂർ റെയിൽ വേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. മൊറാദാബാദിൽ നിന്ന് വന്ന ദമ്പതികളുടെ കാറാണ് ട്രാക്കിൽ കയറിയത്. 

പുറമേക്ക് പച്ചക്കറി വണ്ടി, വെളുത്ത ചാക്കുകള്‍; 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

0

വയനാട്: മൈസൂരിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക്  വരികയായിരുന്ന ലോറിയില്‍ നിന്ന് പിടിച്ചെടുത്തത് അരക്കോടി രൂപയോളം കമ്പോള വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍. KL-11-BT-2260 eicher എന്ന ലോറിയില്‍ പച്ചക്കറി ലോഡിൻ്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയത്. 180 ചാക്കുകളിലായി 2700kg  ഹാൻസും, കൂടാതെ ഹാൻസ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 10 ബൻഡിൽ റാപ്പര്‍ റോള്‍, 60 ബണ്ടില്‍ പ്രിന്റഡ് പാക്കിങ് കവര്‍ എന്നിവയാണ് പിടിച്ചെടുത്തത്.  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. 

പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്ന ഷൗഹാൻ ഷർബാസ് (വയസ്-28/25), നൊട്ടൻ വീട്, വാളാട് (പി.ഒ), വാളാട് വില്ലേജ്, മാനന്തവാടി താലുക്ക് എന്നയാളെയും, കണ്ടെടുത്ത പുകയില ഉൽപ്പന്നങ്ങളും, വാഹനവും തുടർനടപടികൾക്കായി സുൽത്താൻ പോലീസിന് കൈമാറിയതായി മുത്തങ്ങ എക്സൈസ് അറിയിച്ചു. പ്രിവെൻ്റിവ് ഓഫീസർമാരായ സുരേന്ദ്രൻ എം കെ , വിജിത്ത്  കെ ജി, സിവിൽ എക്സൈസ് ഓഫീസർ ചന്ദ്രൻ പി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കിണറിൽ കാട്ടുപന്നി വീണു, വനംവകുപ്പെത്തിയപ്പോൾ കാണാനില്ല, കറിവെച്ചു കഴിച്ച യുവാക്കൾ പിടിയിൽ

കടക്കെണി തടയാന്‍ സാമ്പത്തികാസൂത്രണത്തിന്റെ പ്രസക്തി -കൃഷ്ണ കനയ്യ, സിഇഒ, മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

0

കടം വാങ്ങുന്നതിലൂടെ വ്യക്തികളെ അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പ്രാപ്തരാക്കുന്നുണ്ടെങ്കിലും, അതില്‍ അന്തര്‍ലീനമായ അപകടസാധ്യതയും നിലനില്‍ക്കുന്നു. തിരിച്ചടവിന്റെ ഉത്തരവാദിത്തം. ഈ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെടുന്നത് ഒരു വ്യക്തിയെ കടം വാങ്ങുന്നതിനുള്ള ചക്രത്തിലേക്ക് വലിച്ചിടുമെന്ന് മിരായ് അസറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഇഒ കൃഷ്ണ കനയ്യ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍, ജീവിതശൈലിയിലെ കാര്യമായ മാറ്റങ്ങളോ സാമ്പത്തിക ഇടപെടലുകളോ ഇല്ലാതെ രക്ഷപ്പെടുക അസാധ്യമാണെന്ന് തോന്നും.

കടം തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആയ ഒരു സാഹചര്യമാണ് ഡെറ്റ് ട്രാപ്പ്, കാരണം ഉയര്‍ന്ന പലിശ പേയ്മെന്റുകള്‍ പ്രിന്‍സിപ്പലിന്റെ തിരിച്ചടവ് മുടങ്ങുന്നു. കടം വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കടം വാങ്ങുന്നയാളുടെ കഴിവില്ലായ്മ, കടത്തില്‍നിന്നും കടത്തിലേക്കെന്ന ചക്രത്തിലേക്ക് നയിക്കുന്നു, അത് തകര്‍ക്കാന്‍ പ്രയാസമാണ്. പലപ്പോഴും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തിരിച്ചറിയാതെ ആളുകള്‍ ഈ ദുരന്ത ചക്രത്തിലേക്ക് വീഴുന്നു. നിങ്ങളുടെ തിരിച്ചടവ് ശേഷിക്കപ്പുറം കടം വാങ്ങുമ്പോഴോ നിങ്ങളുടെ സാമ്പത്തികം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴോ കടക്കെണികള്‍ സംഭവിക്കുന്നു, ഇത് നിലവിലുള്ള ബാധ്യതകള്‍ നികത്താന്‍ വേണ്ടി കൂടുതല്‍ കടം ഏറ്റെടുക്കാന്‍ ഇടയാക്കുന്നുമെന്ന് കൃഷ്ണ കനയ്യ കൂട്ടിച്ചേര്‍ത്തു.
കടക്കെണികള്‍ സാധാരണയായി സംഭവിക്കുന്നത് ആളുകള്‍, അവരുടെ തിരിച്ചടവ് ശേഷിക്കപ്പുറം കടം വാങ്ങുക, കൂട്ടുപലിശയിലേക്ക് നയിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളില്‍ ഏറ്റവും കുറഞ്ഞ കുടിശ്ശിക മാത്രം അടയ്ക്കുക, അത്യാവശ്യമല്ലാത്ത ഇനങ്ങളില്‍ അമിതമായി ചെലവഴിക്കുക, അടിയന്തര സാഹചര്യങ്ങളുടെ സാമ്പത്തിക ആഘാതം അല്ലെങ്കില്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത സാഹചര്യങ്ങളെ കുറച്ചുകാണുക.
ഒരു കടക്കെണിയുടെ മുന്നറിയിപ്പ് അടയാളങ്ങള്‍ ഉയര്‍ന്ന പലിശ പേയ്മെന്റുകളുള്ള ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ വര്‍ദ്ധിക്കുന്നു, പ്രതിമാസ സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ പാടുപെടുന്നു, നിലവിലുള്ള കടം തിരിച്ചടയ്ക്കാന്‍ പുതിയ വായ്പകള്‍ തേടുന്നു. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുന്നത് ദുരന്ത ചക്രത്തില്‍ നിന്ന് മോചനം നേടുന്നതിനുള്ള ആദ്യപടിയാണ്.

പ്രതിമാസ തിരിച്ചടവിലെ കാലതാമസമോ വീഴ്ചയോ മൂലമുള്ള ക്രെഡിറ്റ് സ്‌കോറുകള്‍ക്ക് കുറയുന്നത്, ഉത്കണ്ഠ, വിഷാദം, നിരാശ എന്നിവ മാനസികാരോഗ്യത്തെ ബാധിക്കുന്നത്, അടിയന്തിര ചെലവുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉള്ളിലെ ബന്ധങ്ങള്‍ വഷളാകാനുള്ള കാരണവും ഇതില്‍ ഉള്‍പ്പെടുന്നു.

കടക്കെണിയില്‍ വീഴുന്നത് ഒഴിവാക്കാം, കടം തിരിച്ചടയ്ക്കുന്നതിന് മുന്‍ഗണന നല്‍കുക,.വായ്പയെടുക്കല്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ ലഭ്യമായ ഏറ്റവും മികച്ച കുറഞ്ഞ പലിശനിരക്ക് പര്യവേക്ഷണം ചെയ്യുക, അതും ആര്‍ബിഐയില്‍ രജിസ്റ്റര്‍ ചെയ്ത വായ്പാ ദാതാക്കളില്‍ നിന്ന് മാത്രം. ഒരാള്‍ കടക്കെണിയില്‍ അകപ്പെട്ടാല്‍, പുതിയ കടം എടുക്കുന്നത് നിര്‍ത്തുക, കുറഞ്ഞ പലിശയ്ക്ക് കടം ഏകീകരിക്കുക, നിലവിലുള്ള ലോണ്‍ പുനഃക്രമീകരിക്കാന്‍ കടം കൊടുക്കുന്നയാളുമായി ചര്‍ച്ച നടത്തുക അല്ലെങ്കില്‍ കുറഞ്ഞ പേയ്മെന്റ് പ്ലാനുകള്‍ തിരഞ്ഞെടുത്ത് വിവേചനാധികാര ചെലവുകള്‍ പരിമിതപ്പെടുത്തി കര്‍ശനമായ ബജറ്റ് നടപ്പിലാക്കുക.

സുതാര്യവും സത്യസന്ധവുമായ പണമിടപാടുകാരില്‍ നിന്ന് മാത്രം കടം വാങ്ങേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ധനകാര്യങ്ങള്‍ മുന്‍കൂട്ടി കൈകാര്യം ചെയ്യുന്നതിലൂടെയും അടിയന്തിര സാഹചര്യങ്ങള്‍ക്കായി ആസൂത്രണം ചെയ്യുന്നതിലൂടെയും നിങ്ങള്‍ എവിടെ, എങ്ങനെ കടം വാങ്ങുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് കടം നിയന്ത്രണാതീതമാകുന്നത് തടയാനും ദീര്‍ഘകാലത്തേക്ക് സാമ്പത്തിക സ്ഥിരത നിലനിര്‍ത്താനും കഴിയുമെന്ന് കൃഷ്ണ കനയ്യ അഭിപ്രായപ്പെട്ടു.

പാതിവില തട്ടിപ്പ്: പണം വാങ്ങിയ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തി; അനന്തു കൃഷ്ണൻ്റെ മൊഴി പുറത്ത്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന് മൊഴി നൽകി പൊലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണൻ. മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിന് നിർണ്ണായക മൊഴി നൽകിയത്.

മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്. ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നാണ് മൊഴി.

എന്നാൽ അനന്തു കൃഷ്ണനിൽ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനും നിഷേധിച്ചു. റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് അരുണിൽ സംസാരിക്കവെയായിരുന്നു ഇരുവരും ആരോപണം നിഷേധിച്ചത്. അനന്തു കൃഷ്ണനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി അറുപതിനായിരം കടന്നത്. രൂപയുടെ മൂല്യമിടിവും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചു. ട്രംപിന്റെ താരിഫ് ഭീഷണിതന്നെയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് പിന്നില്‍. രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഇന്നുണ്ടായത്. രൂപയുടെ മൂല്യം 44 പൈസ ഇടിഞ്ഞു ഡോളറിനെതിരെ 87.92 എന്ന എക്കാലത്തെയും താഴന്ന നിലവാരത്തിലാണ് എത്തിയത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.

ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ഡൽഹി തെരഞ്ഞെടുപ്പ് വിജയം; നിർണായക പങ്കുവഹിച്ച രാജീവ് ചന്ദ്രശേഖറിന് മറ്റൊരു പൊൻ തൂവൽ കൂടി

0

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അട്ടിമറി വിജയത്തോടെ പാർട്ടിയിൽ കൂടുതൽ കരുത്തനായിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. 27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളൊരുക്കിയവരുടെ കൂട്ടത്തിൽ രാജീവ് ചന്ദ്രശേഖറിൻ്റെ പങ്ക് നിർണായകമായിരുന്നു.

രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ എ.എ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പതിനെട്ടടവും പയറ്റുന്ന ബി.ജെ.പിയെയാണ് ഇക്കുറി തുടക്കം മുതൽ കണ്ടത്.

യമുനയും രാമായണവുമടക്കം വിഷയങ്ങൾ അതിവിദഗ്ദമായാണ് ബി.ജെ.പി കൈകാര്യം ചെയ്തത്. ഇതിനിടെയാണ് എ.എ.പി എം എൽ എ മാരുടെ കൂട്ട രാജി. അതും നേട്ടമാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. മധ്യവർഗക്കാർ തിങ്ങി പാർക്കുന്ന ഡൽഹിയിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റും വലിയ സ്വാധീനം ചെലുത്തി.

മുമ്പെങ്ങും ഇല്ലാത്ത വിധം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം അരവിന്ദ് കെജ്രിവാളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിമർശനം.

എന്നാൽ ഈ ആരോപണത്തെ മറികടക്കാൻ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ ബി.ജെ.പി സ്വീകരിച്ച മാർഗം വ്യത്യസ്തമായിരുന്നു. രാമായണത്തെ കെജ്‌രിവാൾ അവഹേളിച്ചെന്ന കുറ്റപ്പെടുത്തലുമായി എത്തി കെജ്‌രിവാളിൻ്റെ ഹിന്ദുവിരുദ്ധത തുറന്നു കാട്ടുകയായിരുന്നു.

ഇതിന്പിന്നാലെ പ്രായശ്ചിത്ത പ്രാർഥനയുമായി ബി.ജെ.പി നേതാക്കൾ ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി. അതിനും മറുപടിയുമായി കെജ്രിവാൾ കളം പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പാളി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കൾ മാറിയെന്നായിരുന്നു കെജ്രിവാളിൻ്റെ അടുത്ത പ്രസ്താവന. അതിനേയും രാഷ്ട്രീയമായി തന്നെ നേരിടുകയായിരുന്നു ബി.ജെ.പി ചെയ്തത്.

അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ ബി.ജെ.പി. സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബികളെ അപമാനിച്ചെനായിരുന്നു മറ്റൊരു ആരോപണം. എന്നാൽ അതിനും ശക്തമായ മറുപടി നൽകി. പഞ്ചാബിൽ നിന്നും വന്ന എ.എ.പി നേതാക്കളുടെ അധികാര ദുർവിനിയോഗത്തെയാണ് വിമർശിച്ചതെന്ന് വോട്ടർമാരെ പറഞ്ഞ് മനസിലാക്കാൻ ബിജെപിക്കായി.

ഹരിയാന യമുനാനദിയിൽ വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നു എന്നുമായിരുന്നു എ.എ.പി തൊടുത്തുവിട്ട വേറൊരു ആരോപണം. യമുന വിവാദത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി അതിഷിയായിരുന്നു.

വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബി.ജെ.പി. നടത്തുന്നതെന്ന് കെജ്‌രിവാൾ കൂടി പറഞ്ഞതോടെ വിവാദം ആളിക്കത്തി.

യമുന വൃത്തിയാക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി 2020-ൽ അധികാരത്തിലേറിയ ആം ആദ്മി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ എട്ട് പേരെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ സാധിച്ചതും രാജീവിൻ്റെ മിടുക്ക് തന്നെ. എഎപി ജനങ്ങളിൽ നിന്ന് അകന്നെന്നും പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും രാജിവെച്ചവർ പറഞ്ഞതോടെ ആപ്പിൻ്റെ ഭരണമോഹങ്ങൾക്ക് അവസാനമായി.

മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായാണ് ആം ആദ്മി പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേന്ദ്ര ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി.

രാജ്യത്തെ മധ്യവർഗക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ ഇക്കുറി പ്രകടന പത്രികയിറക്കിയത്.

ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ് നൽകിയാണ് ഇതിനെ നേരിട്ടത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്ന പ്രഖ്യാപനം വന്നതോടെ അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രകടന പത്രിക ആവിയായി.

എന്തായാലും വമ്പൻ ജയത്തോടെ ബി.ജെ.പി അധികാരത്തിലെത്തി. അതിന് ചുക്കാൻ പിടിച്ച രാജീവ് ചന്ദ്രശേഖറിൻ്റെ അടുത്ത ദൗത്യം കേരളത്തിലാണ്.

രാജീവ് ചന്ദ്രശേഖരനിലൂടെ ഡൽഹി പോലെ തന്നെ കേരളത്തിലും അധികാരം പിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ രാജീവ് ചന്ദ്രശേഖർ തന്നെ തലപ്പത്ത് വരണമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.

എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന നേതാവ്, ജനസമ്മതൻ, നേതൃപാടവം ഇവയെല്ലാം ഒത്തിണങ്ങിയ ആൾ തന്നെ
സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വവും ആർ.എസ്.എഎസും ഉറ്റുനോക്കുന്നതും രാജീവ് ചന്ദ്രശേഖറിനെ തന്നെയാണ്.

കേരളംപോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാൽ മാത്രമെ ബിജെപി കേരളത്തിൽ വേരുറക്കുകയുള്ളു.
കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് രാജീവ് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്.

കേരളത്തിൽ കൃഷി, ആരോഗ്യം, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ കേന്ദ്രസർക്കാർ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും അതുവഴി കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനും രാജീവിനാകും എന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിശ്വാസം.

ഇത്തരം കാര്യങ്ങൾക്ക് എല്ലാം രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം കരുതും പോലെ കാര്യങ്ങൾ നടന്നാൽ സംസ്ഥാന ബി.ജെ.പിയിൽ ഇനി വരാനിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിൻ്റെ കാലമായിരിക്കും.