കോഴിക്കോട്: വടകരയിൽ വീണ്ടും സിപിഎം വിമതരുടെ പ്രകടനം. പി.കെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മണിയൂർ പഞ്ചായത്തിലെ നടുവയലിലാണ് പ്രതിഷേധം നടന്നത്. പ്രകടനത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. പാർട്ടി നേതൃത്വം പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടത്തവെയാണ് വീണ്ടും വിമതരുടെ പ്രതിഷേധം ഉണ്ടായത്.
ഇക്കഴിഞ്ഞ 5-ാം തീയതിയും വടകരയിൽ സമാനമായ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. സിപിഎം ശക്തികേന്ദ്രമായ മുടപ്പിലാവിലാണ് മുമ്പ് പ്രതിഷേധം ഉണ്ടായത്. ഇരുപതോളം പ്രവർത്തകരാണ് അന്ന് പ്രകടനം നടത്തിയത്. നേരുള്ളവനെ മുറിച്ചു മാറ്റുന്നു എന്നായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യം. വടകരയില്‍ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് വടകര മുന്‍ ഏരിയാ സെക്രട്ടറി പി കെ ദിവാകരന്‍ അടക്കം 11 പേരെ ഒഴിവാക്കാൻ തീരുമാനിച്ചത്. പുതുതായി 13 പേരെ ഉള്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു.
സമ്മേളനത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ദിവാകരനെ അനുകൂലിച്ചും നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുമുളള പ്രതികരണങ്ങള്‍ എത്തിയിരുന്നു. ദിവാകരനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതിനൊപ്പം വടകര നഗരസഭാധ്യക്ഷ കെ.പി ബിന്ദുവിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും ദിവാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്.