ഊഷ്‌മള വരവേൽപ്പുമായി അമേരിക്ക; പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി; ഇനി 2 ദിവസം നിർണായക കൂടിക്കാഴ്‌ചകൾ

0

വാഷിങ്ടൺ: രണ്ടു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഇന്ത്യൻ സമയം നാളെ പുലർച്ചെ അഞ്ചിനാകും പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുക. അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാകും. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡോണൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും.

വാഷിങ്ങ്ടണിന് അടുത്തുള്ള ആൻഡ്രൂസ് എയർ ഫോഴ്‌സ് വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ വിമാനം ഇറങ്ങിയത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലേക്ക് താമസിക്കാനായി എത്തിയ മോദിക്ക് ഊഷ്‌മള വരവേൽപ്പാണ് ഇവിടെ ഒരുക്കിയത്. ബ്ലെയർ ഹൗസിന് മുന്നിൽ  പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്.

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല വഴി ബ്രോഡ്ബാൻഡ് സേവനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്‌തേക്കും. സ്റ്റാർലിങ്ക് സേവനം ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവ് ചര്‍ച്ചയാകുമോ എന്ന് വ്യക്തമല്ല.

വഖഫ് ബിൽ റിപ്പോർട്ട് ഇന്ന് പാർലമെൻറിൽ; പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത, മാറ്റങ്ങളോടെ പാസാക്കാൻ കേന്ദ്രസർക്കാർ

0

ദില്ലി: വഖഫ് ബിൽ റിപ്പോർട്ട് ഇന്ന് പാർലമെൻറിൽ അവതരിപ്പിക്കും. ബിൽ ചർച്ച ചെയ്ത സംയുക്ത പാർലമെൻററി സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പാർലമെൻറിൽ വയ്ക്കുന്നത്. ലോക്സഭയിൽ സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലാകും റിപ്പോർട്ട് വയ്ക്കുക. നാടകീയ കാഴ്ചകൾക്കൊടുവിലാണ് വഖഫ് ബിൽ റിപ്പോർട്ട് സമിതി അംഗീകരിച്ചത്. പതിനാറ് ഭരണകക്ഷി അംഗങ്ങൾ പിന്തുണച്ചപ്പോൾ 11 പ്രതിപക്ഷ അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തിരുന്നു. ബിൽ സഭയിൽ വയ്ക്കുമ്പോൾ ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തിൽ മാറ്റങ്ങളോടെ ബിൽ പാസാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 

മുനമ്പം ഭൂമി കേസ്: വഖഫ് സംരക്ഷണ വേദിക്കും തിരിച്ചടി; കേസിൽ കക്ഷി ചേരാനുള്ള ഹർജി തള്ളി

വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ഡിസോണ്‍ കലോത്സവം; നിയന്ത്രണങ്ങളോടെ നടത്താൻ ഹൈക്കോടതി ഉത്തരവ്

0

തൃശൂര്‍: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവം 16നും 17 നും നടത്താന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തൃശൂര്‍ റൂറല്‍ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി. മാള ഹോളി ഗ്രേസ് കോളജില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് മുടങ്ങിപ്പോയ മത്സരങ്ങള്‍ പുനരാരംഭിക്കുക. നാലു സ്റ്റേജുകളിലായി പരിപാടികള്‍ അരങ്ങേറും.

കലോത്സവ വേദികളിലേക്കുള്ള പ്രവേശന നിയന്ത്രണം, ക്രോസ് ചെക്കിങ്, ഫ്രിസ്‌കിങ് എന്നിവ  പോലീസ് നേരിട്ട് നിയന്ത്രിക്കും. കാണികളുടെ എണ്ണം പരിമിതപ്പെടുത്തും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്നവരുടെ രക്ഷിതാക്കളും യൂണിയന്‍ അഡൈ്വസര്‍ (അധ്യാപകര്‍) എന്നിവര്‍ക്ക് അനുയോജ്യമായ പാസ്/ഐ.ഡി. കാര്‍ഡ് അധികൃതര്‍ക്ക് നല്കും. ജഡ്ജസിനെ സംബന്ധിച്ച് ആരോപണങ്ങള്‍ പാടില്ല. മുതിര്‍ന്ന ജഡ്ജ് ഫലങ്ങള്‍ പ്രഖ്യാപിക്കും. പരിപാടിയിലുള്ള ജഡ്ജിമാരുടെ പട്ടിക  ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇരിങ്ങാലക്കുടയ്ക്ക് മൂന്നു ദിവസത്തിന് മുന്‍പ് കൈമാറണം.

ഇതിനായി രൂപീകരിക്കുന്ന സംയുക്ത കമ്മിറ്റിയില്‍ കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐയില്‍നിന്നും അഞ്ചു വിദ്യാര്‍ഥികളും ബന്ധപ്പെട്ട കോളജുകളില്‍നിന്നുള്ള 10 അധ്യാപകരും പങ്കെടുക്കും. കമ്മിറ്റിയുടെ ഇടപെടലിന് ശേഷം ഡിസോണിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരുന്നാല്‍ പോലീസ് വകുപ്പിലേക്ക് റഫര്‍ ചെയ്യണം. ക്രമസമാധാന ലംഘനത്തിന്റെ സാധ്യത ഉണ്ടായാല്‍ പോലീസ് ഉടനെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണ്.

കമ്മിറ്റിക്കുള്ള അംഗങ്ങളുടെ പട്ടിക 14ന് മുന്‍പായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്, ഇരിങ്ങാലക്കുടയ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. ഡി സോണ്‍ കലോത്സവത്തില്‍ കുറ്റകൃത്യങ്ങളിലും കേസുകളിലും ഉള്‍പ്പെട്ടവരുടെ പേരുകള്‍ ഒഴിവാക്കും. ഓര്‍ഗനൈസിങ് കമ്മിറ്റികള്‍ സി.സി.ടിവി കാമറകള്‍ എല്ലാ സ്റ്റേജുകളിലും പ്രവേശന വഴിയിലും പുറത്തേക്കുള്ള വഴികളിലും മറ്റ് പ്രധാനമായ പ്രദേശങ്ങളും പരിഗണിച്ച് ഇന്‍സ്റ്റാള്‍ ചെയ്യും. കാമറകളുടെ പ്രവര്‍ത്തനം പോലീസ് നിയന്ത്രിക്കും.

പ്രോഗ്രാം കമ്മിറ്റി/ഓര്‍ഗനൈസിങ് കമ്മിറ്റി, വൈകുന്നേരം അഞ്ചിന് പ്രോഗ്രാം സമാപിക്കുന്ന വിധത്തില്‍ പ്രോഗ്രാം പുനഃക്രമീകരിക്കുകയും പരിപാടി കൃത്യസമയത്ത് രാവിലെ ഒമ്പതിന് ആരംഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസറും മെഡിക്കല്‍ ടീമും (ഡോക്ടര്‍ ഉള്‍പ്പെടെ) പരിപാടി സ്ഥലത്ത് ഉണ്ടായിരിക്കും. പരിപാടിയുടെ മുഴുവന്‍ സമയത്തും അപ്പീല്‍ കമ്മിറ്റി അംഗങ്ങള്‍ അവരുടെ നിയുക്ത സ്ഥലങ്ങളില്‍  ഉണ്ടായിരിക്കേണ്ടതാണ്.

വേദിയില്‍ പ്രോഗ്രാം പൂര്‍ത്തിയാകുന്നതുവരെ ഡീന്‍, റെപ്രസെന്റേറ്റീവ് ഓഫ് ഡീന്‍ ഉണ്ടായിരിക്കണം. കോളജ് കോമ്പൗണ്ടിലും പരിസരത്തും അനധികൃത കടകളും വഴിയോര കച്ചവടം അനുവദിക്കില്ല. പ്രോഗ്രാം കമ്മിറ്റിയും സബ്കമ്മിറ്റികളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റികള്‍ ഉറപ്പാക്കണം. ഡിസോണ്‍ കലോത്സവം ജനുവരി 24 മുതല്‍ 28 മാള വലിയപറമ്പിലുള്ള ഹോളിഗ്രേസ് കോളേജിലാണ് നടത്തിയത്.  27ന് രാത്രിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തി വക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഡിസോണ്‍ പൂര്‍ത്തിയാക്കുന്നത്.

റോട്ടിലുപേക്ഷിച്ച ആ ‘പാഴ്സൽ’ തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു, ചമ്മി യുവാവ്

റോട്ടിലുപേക്ഷിച്ച ആ ‘പാഴ്സൽ’ തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു, ചമ്മി യുവാവ്

0

തൃശൂര്‍: കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐ.ടി.ഐ. ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്.

ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, പി.പി. വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്.

ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. വീട്ടിലെത്തിയപ്പോള്‍ അല്‍സേഷ്യന്‍ നായയാണ് ഉദ്യോഗസ്ഥരെ വരവേറ്റത്. പിന്നീട് പ്രായമുള്ള സ്ത്രീ ഇറങ്ങിവന്ന് നായയെ കൂട്ടിലാക്കി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചെറുമകനെ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.

ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ നല്‍കിയപ്പോഴാണ് യുവാവിന് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടില്‍ ഏല്‍പ്പിച്ചു. നോട്ടീസ് നല്‍കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാനാണ് യുവാവ് ശ്രമിച്ചത്. പിന്നീട് 5000 രൂപ പിഴ ഈടാക്കിയപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇങ്ങനെയും പണി കിട്ടുമെന്ന് യുവാവിന് മനസിലായത്.

നായയെ മൃഗാശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില്‍ നിക്ഷേപിച്ചത്. സംഭവത്തില്‍ കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യര്‍ഥന മാനിച്ച് നഗരസഭ ആരോഗ്യ വിഭാഗം ബംഗ്ലൂര്‍ ഐ.ടിക്കാരനായ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല.

എല്ലാവരും സൂക്ഷിക്കേണ്ടത്! ആലപ്പുഴ ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് സിലിണ്ടർ, തീ പടർന്ന് വീടും കത്തിനശിച്ചു

2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം; മഹാകുംഭമേളയിൽ ഒരുക്കിയ ഗംഭീര സജീകരണങ്ങൾ

0

മഹാകുംഭ് നഗർ: മഹാകുംഭ് നഗറിലെ മാഗ് പൂർണിമയിൽ പുണ്യസ്നാനത്തിനെത്തുനന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ് പദ്ധതി. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. സമഗ്രമായ നിരീക്ഷണത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നിവയും ഇതിനു കീഴിൽ വരുന്നു. 

2,750 ഹൈടെക് ക്യാമറകൾ, ആൻ്റി-ഡ്രോൺ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേൽനോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകൾ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) രാജേഷ് ദ്വിവേദി പറഞ്ഞു. എല്ലാ ഭക്തർക്കും അപകടരഹിതവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

പുണ്യനദികളുടെ സംഗമസ്ഥാനത്ത്, അംബാനി കുടുംബത്തിലെ 4 തലമുറയും ഒത്തൊരുമിച്ച്; മഹാകുംഭമേളയിൽ പുണ്യസ്നാനം

പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

0

പെട്രോൾ പമ്പിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. നെല്ലിക്കുഴി പൂമറ്റം കവലയ്ക്ക് സമീപം തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (49) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മലമുറി വടക്കാട്ടുപടി ഭാഗത്തുള്ള പെട്രോൾ പമ്പിൽ കഴിഞ്ഞ 26 ന് പുലർച്ചെ ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വേറെയും മോഷണ കേസുകൾ നിലയിലുണ്ട്.ഇൻസ്പെക്ടർ റ്റി. എം.സൂഫി, എസ് ഐ എൽദോസ് കുര്യാക്കോസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

സംസ്ഥാന ബജറ്റ് ജീവനക്കാരെ അവഗണിച്ചു :- കേരള എൻജിഒ അസോസിയേഷൻ

0

എറണാകുളം :- സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചതെന്ന് എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം ജെ തോമസ് ഹെർബിറ്റ് അഭിപ്രായപ്പെട്ടു. സംസ്ഥാന ബജറ്റിനെതിരെ കേരള എൻ ജി ഒ അസോസിയേഷൻ എറണാകുളം മേഖല കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിട്ട് ഒരു വർഷം രണ്ട് ഗഡു ശമ്പള കുടിശ്ശിക അനുവദിക്കും എന്നത് ധനമന്ത്രിയുടെ പൊള്ളയായ വാഗ്ദാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാഗ്ദാനം പോലും കാറ്റിൽ പറത്തി കൊണ്ട് ബജറ്റിൽ 12ാം ശമ്പള പരിഷ്കരണത്തിന് ഒരു കമ്മീഷനെ പ്രഖ്യാപിക്കുവാനോ, ഈ ഇനത്തിൽ തുക വകയിരുത്തുവാൻ ധനമന്ത്രി തയ്യാറാകാതിരുന്നതും ജീവനക്കാരോടുള്ള കടുത്ത വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള എൻ ജി ഒ അസോസിയേഷൻ എറണാകുളം മേഖല പ്രസിഡണ്ട് ഉമേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ , ജില്ലാ പ്രസിഡന്റ് ടി വി ജോമോൻ, ജില്ലാ സെക്രട്ടറി എം എ എബി, സംസ്ഥാന സെക്രട്ടറിയേറ്റംഗം സിനു പി ലാസർ, ജില്ലാ ഭാരവാഹികളായ എച്ച്. വിനീത്, പ്രമോദ് മുളവുകാട്, ജോസഫ് ജെൻസൺ ന്യൂനസ്, വിമൽ റോയ്, കാവ്യ എസ് മേനോൻ, സുനിൽ ജോസ് , പ്രീത എൻ ജോസ്, സുരേന്ദ്ര സിംഗ്, മേഖലാ സെക്രട്ടറി ജോൺ ജോബ്, ട്രഷറർ ജോൺ മിൽട്ടൺ, രാജൻ ഫ്രാൻസിസ്, സുമേഷ് എസ്, ജോസഫ്, അബ്ദുൽ റഹ്മാൻ, വിനോദ് ഒ ബി, സോളിൻ പോൾ , ശ്രീനി പ്രസാദ് തുടങ്ങിയവർ സംസാരിച്ചു

പുതിയ ആദായ നികുതി ബിൽ നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 

0

പുതിയ ആദായ നികുതി ബിൽ നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2026 ഏപ്രിൽ ഒന്ന് മുതലേ ബിൽ പാസായാൽ പുതിയ നിയമം പ്രാബല്യത്തിൽ വരികയുള്ളൂ. 1961 മുതൽ നിലവിലുള്ള നിയമത്തിൽ സമൂലമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പുതിയ നിയമമെന്നാണ് വിവരം. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തു.

നികുതിദായകർക്ക് നികുതി വ്യവസ്ഥകൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ സെക്ഷൻ പുനഃക്രമീകരിക്കുക എന്നതാണ് പുതിയ നികുതി നിയമത്തിന്റെ ഒരു പ്രധാന സവിശേഷത. ഉദ്യോഗസ്ഥ ഇടപെടലിലൂടെയുള്ള കാലതാമസം അടക്കം ഒഴിവാക്കി വേഗത്തിൽ പരാതി പരിഹാരം സാധ്യമാക്കുന്നതിനടക്കം മാറ്റങ്ങൾ പുതിയ നിയമത്തിലുണ്ട്. വിദേശ ഇടപാടുകൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും കർശനമായ നിയന്ത്രണങ്ങൾക്കൊപ്പം ജനറൽ ആന്റി-അവോയ്ഡൻസ് റൂൾ (GAAR) പുതിയ നിയമത്തിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബില്ലിൽ പഴയ നികുതി വ്യവസ്ഥയെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതോടെ രാജ്യത്തെ ഔദ്യോഗിക നികുതി വ്യവസ്ഥയായി പുതിയ നികുതി വ്യവസ്ഥ മാറും. എങ്കിലും പഴയ നികുതി വ്യവസ്ഥ തുടരും.

ബജറ്റ് പ്രസംഗത്തിൽ പുതുക്കിയ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 24 മാസത്തിൽ നിന്ന് 48 മാസമായി ധനമന്ത്രി സീതാരാമൻ നീട്ടിയിരുന്നു. 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി പരിധിയിൽ നിന്നും ഒഴിവാക്കുന്നതായും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇവയിൽ പുതിയ നിയമത്തിലും മാറ്റമുണ്ടാകില്ല. ബിൽ പാസായാൽ ആദായ നികുതി നിയമം 2025 എന്നാണ് അറിയപ്പെടന്ന നിയമം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലി തർക്കം; നെഞ്ചിൽ ശക്തിയായി ഇടിച്ചു; സഹപാഠി ആക്രമിച്ച ഒമ്പതാംക്ലാസുകാരന് ദാരുണാന്ത്യം

0

സേലം: സ്കൂൾ ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥി മരിച്ചു.

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയായ കണ്ടഗുരുവാണ്(14) മരിച്ചത്.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസിൽ ഇവരിലൊരാളിരുന്ന സീറ്റിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായതെന്നാണ് വിവരം.

തർക്കത്തിനിടയിൽ സഹപാഠി കണ്ടഗുരുവിന്റെ നെഞ്ചിൽ ശക്തിയായി ഇടിച്ചു. മർദ്ദനമേറ്റ വിദ്യാർത്ഥി ബസിനുള്ളിൽ തലയിടിച്ച് വീണു,

പിന്നാലെ അബോധാവസ്ഥയിൽ ആകുകയായിരുന്നു.
സംഭവം കണ്ട ബസ് ഡ്രൈവർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

എന്നാൽ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനാൽ സേലത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടഗുരു മരിച്ചത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെ പ്രതിഷേധം ഭയന്ന് പൊലീസ് സ്കൂളിന് ചുറ്റും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കരിഷ്മ പെർഫ്യൂം ഉപയോഗിക്കല്ലെ പണി കിട്ടും; കൊച്ചിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന വിഷം ചേർത്തവ

0

തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ കണ്ടെത്തി.

എറണാകുളത്തെ മറൈൻ ഡ്രൈവിൽ പ്രവർത്തിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ നിന്നാണ് മായം ചേർത്ത പെർഫ്യൂം പിടികൂടിയതെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.

ഇത്തരത്തിലുള്ള പെർഫ്യൂമുകളിൽ മീഥൈൽ ആൽക്കഹോളിന്റെ അളവ് 95 ശതമാനത്തോളം ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മീഥൈൽ ആൽക്കഹോൾ അടങ്ങിരിക്കുന്നത് കൊണ്ട് ഇതുപയോഗിച്ചാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഈ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്.

അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ‘കരിഷ്മ പെർഫ്യൂം’ എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിലാണ് മീഥൈൽ ആൽക്കഹോൾ അമിതമായ അളവിൽ കണ്ടെത്തിയത്.

കേരള പോയിസൺ റൂളിന്റെ ഷെഡ്യൂൾ ഒന്നിൽ വരുന്ന ഒരു വിഷമാണ് മീഥൈൽ ആൽക്കഹോൾ. ആരോഗ്യത്തിന് ഹാനികരമായിട്ടുള്ള ഇത്തരം പദാർത്ഥങ്ങളുള്ള സൗന്ദര്യ വർദ്ധക വസ്തുക്കൾ ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് ആക്ട് പ്രകാരം മായം ചേർക്കൽ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

പെർഫ്യൂം ആയിട്ടാണ് നിർമ്മിക്കുന്നതെങ്കിലും ആഫ്റ്റർ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതു കൊണ്ട് മൃദുവായ മുഖ ചർമ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തിൽ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.

അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കോസ്‌മെറ്റിക് ഉത്പന്നത്തിന്റെ ലൈസൻസ് സംബന്ധിച്ച വിശദാംശങ്ങൾ അന്വേഷിച്ച് ഇതിൻ്റെതുടർ നടപടികൾ സ്വീകരിക്കും.

മായം ചേർത്ത സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമ്മിച്ച് വിതരണം നടത്തുന്നത് മൂന്ന് വർഷം വരെ തടവും 50,000 രൂപയിൽ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണ്.

വിശദമായി ചോദ്യം ചെയ്തു, റാഗിംഗ് നടത്തിയയെന്ന് സമ്മതിച്ച് വിദ്യാർത്ഥികൾ; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ

0

കോട്ടയം: കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സീനിയർ വിദ്യാർത്ഥികൾ റിമാൻഡിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ അഞ്ചു പേരാണ് പൊലീസിന്റെ പിടിയിലായത്. പരാതിക്കാരായ വിദ്യാർത്ഥികളെ പ്രതികൾ കോന്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും നഗ്നരാക്കി ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്നു മാസത്തിലധികം ഉപദ്രവം തുടർന്നതോടെയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്.

സമാനതകളില്ലാത്ത ക്രൂരതയാണ് കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്നത്. ഒന്നാംവർഷ വിദ്യാർഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ചത് അതിപ്രാകൃതമായ രീതിയിൽ. മുതിർന്ന വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറിയാണ് അക്രമ അഴിച്ചുവിട്ടത്. പരാതിക്കാരായ വിദ്യാർഥികളെ ഹോസ്റ്റൽ മുറിക്കുള്ളിൽ കട്ടിലിൽ കിടത്തി കയ്യും കാലും കെട്ടിയിട്ട് ശരീരത്തെ കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. മുറിവിൽ നിന്നും ചോര വരുന്ന അവിടെ ബോഡി ലോഷനും ക്രീമുകളും തേച്ചു. വിദ്യാർഥികളുടെ സ്വകാര്യഭാഗത്ത് ഡമ്പലുകൾ തൂക്കിയിട്ട് ഉപദ്രവിച്ചു. കോളേജ് അധികൃതർക്ക് പരാതി നൽകിയാൽ വീണ്ടും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഇത് തുടരുകയായിരുന്നു. ആറു വിദ്യാർഥികളാണ് അതിക്രമത്തിന് ഇരയായത്. അതിക്രമം സഹിക്ക വയ്യാതെ വന്നതോടെ മൂന്നു വിദ്യാർഥികൾ കോളേജിലെ ആന്റി റാഗിംഗ് സെല്ലിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് പ്രിൻസിപ്പാളാണ് ഗാന്ധിനഗർ പൊലീസിൽ പരാതി കൈമാറിയത്.

ഇന്നലെ വൈകിട്ടോടെ അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് പിടിയിൽ ആയത്. ഇവരുടെ ഫോണിൽ നിന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ റാഗിംഗ് നടത്തിയ വിവരം പ്രതികൾ സമ്മതിച്ചു. അക്രമത്തിന് ഇരയായ വിദ്യാർത്ഥികളിൽ നിന്ന് എല്ലാം ഞായറാഴ്ചയും പ്രതികൾ മദ്യപിക്കുന്നതിനായി പണം വാങ്ങുമായിരുന്നു. സീനിയർ വിദ്യാർത്ഥികളെ പേടിച്ച് പരാതിക്കാരായ വിദ്യാർത്ഥികൾ വീടുകളിൽ പോലും വിവരങ്ങൾ പറഞ്ഞിരുന്നില്ല. പ്രതികൾക്കെതിരെ റാഗിംഗ് നിരോധന നിയമം, ഭാരതീയ് ന്യായ സംഹിതയിലെ 118, 308, 351 വകുപ്പുകൾ പ്രകാരം, ആയുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, ഭീഷണിപ്പെടുത്തി പണം വാങ്ങുക ഗൂഢാലോചന, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

വിദ്യാർത്ഥികൾക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയാത്ത ഭീകരാന്തരീഷം; സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: എൻ ഹരി

0

കോട്ടയം: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെയുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാമ്പസുകളിൽ എല്ലാം റാഗിംഗ് സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ സിദ്ധാർത്ഥന്റെ മരണം മുതൽ സമീപകാലത്ത് നടന്ന എല്ലാ സംഭവങ്ങളും ഭരണകക്ഷി ഇടതുപക്ഷ യുവജന സംഘടനയുടെ മൗനാനുവാദത്തോടെയാണെന്ന് മനസിലാവും.സാക്ഷരകേരളത്തിന് അപമാനകരമായ നിഷ്ഠൂര റാഗിംഗ് മുറകളാണ് അക്ഷരനഗരിയായ കോട്ടയത്ത് അരങ്ങേറിയത്. ക്യാമ്പസുകളിൽ സാധാരണക്കാരായ കുട്ടികൾക്ക് ഭയരഹിതമായി പഠിക്കാനുള്ള സാഹചര്യമില്ല. ലഹരിയുടെ പിടിയിലാണ് മിക്ക പ്രൊഫഷണൽ കോളേജ് ക്യാമ്പസുകളെന്നും ബിജെപി നേതാവ് പറഞ്ഞു.

സിപിഎം മന്ത്രിയുടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ചൊൽപ്പടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിലാണ് നാടിനെ നടുക്കുന്ന റാഗിംഗ് ഇപ്പോൾ അരങ്ങേറിയത്.
മാസങ്ങളായി നഴ്സിംഗ് കോളേജിൽ പീഡനമുറകൾ അരങ്ങു തകർക്കുകയായിരുന്നു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഉദ്ഘോഷിക്കുന്ന കുട്ടി സഖാക്കൾ കലാലയങ്ങളിലെ ഇരുട്ടു മുറികളിൽ വിദ്യാർത്ഥി പീഡനത്തിന് നേതൃത്വം നൽകുകയാണ്. എതിർക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എന്നെന്നേക്കുമായി ജീവിതം നശിപ്പിക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളിൽ ഭയമില്ലാതെ പഠിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ വേണ്ട അടിയന്തര നടപടിയെടുക്കണം. ഇതിനായി ആൻറി റാഗിങ്ങ് സമിതികൾ നിർഭയമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. പൊലീസ് കുറ്റവാളികളെ മുഖം നോക്കാതെ പിടികൂടണമെന്നും ഇത്തരം ക്രൂരകൃത്യം ചെയ്യുന്ന കൊടും കുറ്റവാളികൾക്ക് തുല്യമായ മനസുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിൽ നിന്നും പുറത്താക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ഒരേ ഒരു റൺ! വീരോചിത സമനില; കേരളം രഞ്ജി ട്രോഫി സെമിയിൽ

0

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ ജമ്മുകശ്മീരിനെ സമനിലയിൽ തളച്ച് കേരളം സെമിയിൽ. നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാമിന്നിംഗ്‌സിൽ നേടിയ ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് സെമിയിലെത്താൻ തുണയായത്. 17ന് തുടങ്ങുന്ന ആദ്യ സെമിയില്‍ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികള്‍.

നാലാം ദിനം 100-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം ക്ഷമയോടെ ബാറ്റുവീശി സമനില പിടിക്കാനായിരുന്നു ശ്രമിച്ചത്. കേരളത്തിനായി അക്ഷയ് ചന്ദ്രൻ 183 പന്തിൽ നിന്നും 48 റൺസും ക്യാപ്റ്റൻ സച്ചിൻ ബേബി 162 പന്തുകൾ നേരിട്ട് 48 റൺസും നേടി. ആദ്യ സെഷനിൽ കശ്മീരിന് വിക്കറ്റുകൾ നേടാനായില്ലെങ്കിലും രണ്ടാം സെഷനിൽ സച്ചിൻ ബേബിയേയും അക്ഷയ് ചന്ദ്രനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കേരളത്തെ ഞെട്ടിച്ചു.

പിന്നാലെ വന്ന ജലജ സക്‌സേന 18 റൺസിനും ആദിത്യ സർവാതെ 8 റൺസിനും പുറത്തായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. എന്നാൽ ആദ്യഇങ്ങ്‌സിൽ സെഞ്ച്വറി നേടി കേരളത്തിന് നിർണായക ലീഡ് സമ്മാനിച്ച സൽമാൻ നിസാർ രണ്ടാമിന്നിംഗിസിലും രക്ഷകനായി. മുഹമ്മദ് അസറുദ്ദീനും (67) സൽമാൻ നിസാറും (44) ചേർന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 111 റൺസ് കൂട്ടിച്ചേർത്താണ് കേരളത്തിന് സമനില സമ്മാനിച്ചത്.

രഞ്ജി ട്രോഫി ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. ഇതിനുമുൻപ് 2018-19 സീസണിലായിരുന്നു കേരളം രഞ്ജി ട്രോഫിയിൽ സെമിയിലെത്തിയത്.

മുഖ്യമന്ത്രി ചെയർമാൻ, ശബരിമല മേല്‍നോട്ടത്തിന് വികസന അതോറിറ്റി; ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാന്‍

0

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും, ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി  മുഖ്യമന്ത്രി ചെയര്‍മാനും  ദേവസ്വം വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി ശബരിമലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായും ശബരിമല വികസന അതോറിറ്റി എന്ന പേരില്‍ ഒരു പുതിയ സംവിധാനം രൂപീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ പദ്ധതി പ്രകാരമുള്ള റോപ് വേ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍, നടത്തിപ്പ് എന്നിവ M/s EIGHTEENTH STEP DAMODAR CABLE CARS PRIVATE LIMITED  എന്ന കമ്പനിയ്‌ക്ക് റവന്യൂ ഷെയര്‍ അടിസ്ഥാനത്തില്‍  നിര്‍മ്മാണ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. റോപ് വേ യാഥാര്‍ത്ഥ്യമാകുന്നതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കം പൂര്‍ണമായും റോപ് വേ ഉപയോഗപ്പെടുത്തിയാകും നടത്തുക.

റോപ് വേ പദ്ധതിക്കായി പമ്പയ്‌ക്കും സന്നിധാനത്തിനും ഇടയിലുള്ള 4.5336 ഹെക്ടര്‍ വനഭൂമി ഡൈവേര്‍ട്ട് ചെയ്യേണ്ടിവരുമെന്നതിനാല്‍ പ്രസ്തുത വനഭൂമിയ്‌ക്ക് പകരമായി  കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴയില്‍ റവന്യൂ, വനം വകുപ്പുകള്‍ക്ക്  സ്വീകാര്യമായ ഭൂമി കണ്ടെത്തുകയും പ്രസ്തുത ഭൂമി പരിഹാര വനവത്കരണത്തിനായി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വനം, വന്യജീവി ക്ലിയറന്‍സ് എന്നിവയ്‌ക്കായി സംയുക്ത പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.

നിലവിലെ ആരോഗ്യസ്ഥിതി തൃപ്തികരം; ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഉമ തോമസ് എംഎൽഎയെ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആവുമെന്ന് റിപ്പോർട്ട്.

ഉമാ തോമസിന്റെ നിലവിൽ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എംഎല്‍എയെ നാളെ ഡിസ്ചാർജ് ആവുന്നത്.