ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് വീണു; ഷാർജയിൽ സിറിയൻ പൗരനായ യുവാവിന് ദാരുണാന്ത്യം

0

ഷാര്‍ജ: ഷാർജയിൽ ബഹുനിലക്കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അപകടം. സിറിയക്കാരനായ യുവാവിന് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ താവുന്‍ പ്രദേശത്ത് 44 വയസ്സുകാരനായ യുവാവാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ജനുവരി 31ന് രാത്രി 11 മണിക്കാണ് അപകടം. അതുവഴി കടന്നുപോയ വഴിയാത്രികരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി സര്‍വീസുകളെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും സിഐഡി വിഭാഗവും നാഷണല്‍ ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി.

രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. അധികൃതര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രവാസിയുടെ മൃതദേഹം 11.30ഓടെ ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി ഫോറന്‍സിക് ലാബിലേക്കും മാറ്റി. പ്രവാസി താഴേക്ക് വീണതെങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കാരണം കണ്ടെത്താൻ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ആണോയെന്നും അന്വേഷിക്കും.

ഇന്ത്യൻ പോസ്റ്റിന് നേരെ പ്രകോപനമില്ലാതെ വെടിയുതിർത്ത് പാകിസ്താൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

ജമ്മു: ജമ്മു കശ്മീരിൽ വെടിനി‍ർത്തൽ കരാ‌ർ ലംഘനം നടത്തി പാകിസ്ഥാൻ. പ്രകോപനങ്ങളില്ലാതെ ഇന്ത്യൻ പോസ്റ്റിലേക്ക് പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു . ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം.

ജമ്മുവിലെ അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം തീവ്രവാദികൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പടെ രണ്ട് ഇന്ത്യൻ സൈനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പാകിസ്ഥാൻ്റെ വെടിനി‍ർത്തൽ കരാർ ലംഘിച്ചത്. 2021 ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും വെടനിർത്തൽ കരാർ പുതുക്കിയിരുന്നു. ഇതിന് ശേഷം അപൂർവമായാണ് ഇത് ലംഘിക്കപ്പെടാറുള്ളത്.

ഈ വർഷം ആദ്യമായാണ് പാകിസ്താൻ വെടിനിർത്തൽ ലംഘനം നടക്കുന്നത്. തിങ്കളാഴ്ച, രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ കലാൽ പ്രദേശത്തെ ഒരു ഫോർവേഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന ഒരു സൈനികന് അതിർത്തിക്കപ്പുറത്തു നിന്ന് വെടിയേറ്റിരുന്നു. വെടിവെയ്പ്പ് നടക്കുന്ന സമയം സ്ഥലത്തെ വനമേഖലയക്ക് അപ്പുറത്തായി ഭീകരർ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

‘സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണം’; വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭാ നേതൃത്വം

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിറോ മലബാര്‍ സഭാ നേതൃത്വം. വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന പ്രതിപക്ഷ ആരോപണത്തെ മൂര്‍ച്ചകൂട്ടി ഏറ്റെടുത്തിരിക്കുകയാണ് സീറോ മലബാര്‍ സഭ നേതൃത്വം. വന്യജീവി ആക്രമണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരും വനം മന്ത്രിയും രാജിവയ്ക്കണമെന്ന് താമരശേരി- കാഞ്ഞിരപ്പള്ളി ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു

രാജി വെച്ചാല്‍ പ്രശ്‌ന പരിഹാരം ആകുമോ എന്ന് ചോദിച്ച വനം മന്ത്രി എ കെ ശശീന്ദ്രന്‍, രാജി ആവശ്യം രാഷ്ട്രീയമെന്ന് തിരിച്ചടിച്ചു.ബിഷപ്പുമാര്‍ നല്ല രീതിയില്‍ സംസാരിക്കുന്നവരാണോ എന്ന് ചില സമയങ്ങളില്‍ സംശയം എന്നും വനംമന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരമില്ല. ചെയ്യാനാവുന്നതിന്റെ പരമാവധി പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുന്നുണ്ട്. വനവാസികള്‍ അല്ലാത്തവര്‍ വനത്തില്‍ കയറരുതെന്ന മുന്‍ നിലപാട് മന്ത്രി വീണ്ടും ആവര്‍ത്തിച്ചു. സംസ്ഥാനം സവിശേഷമായ ഈ സാഹചര്യം മറികടക്കണമെങ്കില്‍ കേന്ദ്രം പിടിവാശി ഒഴിയണമെന്നും മന്ത്രി പഴിക്കുന്നു.

രാജി ആവശ്യപ്പെട്ട കത്തോലിക്ക സഭ നേതൃത്വവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടഞ്ഞത് ഇടത് മുന്നണിക്ക് തലവേദനയാകും.

‘എന്റെ അവകാശം, ആരുടേയും ഔദാര്യമല്ല’; സ്പീക്കറും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍, നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുന്നതിനിടെ, സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ വാക്‌പോര്. പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടതോടെയാണ് വിഡി സതീശന്‍ ക്ഷുഭിതനായത്. സഭയില്‍ സംസാരിക്കാനുള്ളത് തന്റെ അവകാശമാണെന്നും, ആരുടെയും ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുന്‍മന്ത്രി എ പി അനില്‍കുമാറാണ് പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ഈ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എസ് സി-എസ്ടി വിഭാഗങ്ങളുടെ 512 കോടിയുടെ പദ്ധതികള്‍ ഈ ജനുവരിയില്‍ 390 കോടിയായി വെട്ടിച്ചുരുക്കിയെന്ന് കുറ്റപ്പെടുത്തി.

പട്ടിക വിഭാഗങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു വകുപ്പ് വേണോയെന്ന് ചിന്തിക്കേണ്ട നിലയിലേക്ക് കാര്യങ്ങളെത്തി. സഹായം ലഭിക്കാത്തതിനാല്‍ എസ് സി എസ് ടി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നുവെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനിടെ സമയം കൂടുതലായെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു. ഇതേത്തുടര്‍ന്നാണ് വിഡി സതീശനും സ്പീക്കറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

സഭയില്‍ പ്രസംഗിക്കാനുള്ളത് തന്റെ അവകാശമാണ്. ഒരു കാരണവശാലും ഇത് അനുവദിക്കില്ല. സഭ നടത്തിക്കൊണ്ടുപോകണോയെന്ന് അങ്ങ് തീരുമാനിക്കണം. തന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭ നടത്തിക്കൊണ്ടുപോകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. താന്‍ തടസ്സപ്പെടുത്തിയിട്ടില്ലെന്നും, പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന്റെ ഒമ്പതാം മിനിറ്റില്‍ മാത്രമാണ് ഇടപെട്ടതെന്നും സ്പീക്കര്‍ അറിയിച്ചു.

തനിക്ക് സംസാരിക്കാനുള്ളത് അവകാശമാണെന്നും, ആരുടെയും ഔദാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘ഔദാര്യത്തിന്റെ പ്രശ്‌നമല്ലെന്നും, വിത്തൗട്ട് എനി ഇന്‍ര്‍വെന്‍ഷന്‍, യു സ്‌പോക്ക് നയന്‍ മിനിറ്റ്‌സ്’ എന്ന് സ്പീക്കര്‍ തിരിച്ചടിച്ചു. ‘ഇറ്റ് ഈസ് മൈ റൈറ്റ് ടു സ്‌പോക്ക് ഹിയര്‍, ഐയാം ഓണ്‍ മൈ ലെഗ്‌സ്, യു കനോട്ട് ഇന്റര്‍വീന്‍’ എന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.

‘മുറിയിലേക്ക് വരാന്‍ രാത്രി വാട്‌സ് ആപ്പ് സന്ദേശം; കുട്ടി കരഞ്ഞപ്പോള്‍ ശ്രീതു മടങ്ങിപ്പോയത് വൈരാഗ്യമായി’

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

29-ാം തീയതി രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സ് ആപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെത്തുടര്‍ന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെയാണ്, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അമ്മാവനായ ഹരികുമാര്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയില്‍ പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

അതിനിടെ, സാമ്പത്തിക തട്ടിപ്പുകേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീതുവിനെതിരെ വീണ്ടും പരാതി. ശ്രീതു ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന് രതീഷ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. കളക്ടറേറ്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് ശ്രീതു പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീതുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി.

ക്ഷേമ പെൻഷൻ തട്ടിപ്പ്; ജീവനക്കാർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി പിൻവലിച്ചു സർക്കാർ

തിരുവനന്തപുരം: അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി സർക്കാർ പിൻവലിച്ചതായി റിപ്പോർട്ട്. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പെൻഷൻ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം 18 ശതമാനം പലിശ സഹിതമാണ് പെൻഷൻ തുക തിരിച്ചടച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുമെന്നാണ് സർക്കാരിന്റെ ഭാഗത്തെ വിശദീകരണം. പെൻഷൻ കൈപറ്റിയവർക്കെതിരെയുള്ള അച്ചടക്ക നടപടികൾ ഉപേക്ഷിക്കില്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 3 പ്രതികൾക്ക് 1000 ദിവസത്തെ പരോൾ

തിരുവനന്തപുരം:  ആർഎംപി നേതാവ്  ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ  കേസിലെ മൂന്ന് പ്രതികൾക്ക് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നൽകിയത് 1000 ദിവസത്തെ പരോൾ.

സഭയിൽ തിരുവഞ്ചൂരിൻറെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്.

കെസി രാമചന്ദ്രനും ട്രൗസർ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായാണ് കണക്ക്. കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേർക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്.

കെസി രാമചന്ദ്രന് 1081 ദിവസവും, മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവുമായിരുന്നു പരോൾ ലഭിച്ചത്. ടികെ രജീഷിന് 940 ദിവസം, മുഹമ്മദ് ഷാഫി 656 ദിവസം, കിർമാണി മനോജ് 851 ദിവസം, എംസി അനൂപ് 900 ദിവസം, ഷിനോജിന് 925, റഫീഖ് 752 ദിവസം എന്നിങ്ങനെയാണ് പരോൾ.

അതേസമയം, കൊടിസുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്. ഈയിടെ മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശ പ്രകാരം കൊടിസുനിക്ക് ഒരു മാസം പരോൾ അനുവദിച്ചിരുന്നു.

ചോറ്റാനിക്കരയില്‍ യുവതി മരിച്ച സംഭവം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യസഹായം നിഷേധിച്ചത് മരണത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു

കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. പ്രതി അനൂപ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു

ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു

അതിക്രമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടി പിടയുന്നതു കണ്ടു പ്രതി ഷാള്‍ മുറിച്ചു താഴെയിട്ടു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലം വിടുകയായിരുന്നു

അഴിമതിക്കാരെ പൂട്ടാന്‍ വിജിലന്‍സ്, 262 പേരുടെ പട്ടിക തയ്യാറാക്കി; നിരന്തരം നിരീക്ഷിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന്‍ നീക്കവുമായി വിജിലന്‍സ്. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.


പട്ടികയില്‍ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥിരമായി കേസില്‍പ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഫയലുകള്‍ ദീര്‍ഘകാലം വെച്ചുതാമസിപ്പിക്കുന്നവര്‍, ഫയല്‍ നീക്കാന്‍ പണം ആവശ്യപ്പെടുന്നവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ മാസത്തില്‍ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലന്‍സ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും ഡയറക്ടര്‍ വിമര്‍ശിച്ചു. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പൊലീസുമായി ഉന്തും തള്ളും; വയനാട്ടിൽ യുഡിഎഫ് ഹർത്താലിനിടെ സംഘർഷം

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.


പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.

ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

അതേസമയം ഹർത്താലിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്

പൊലീസുമായി ഉന്തും തള്ളും; വയനാട്ടിൽ യുഡിഎഫ് ഹർത്താലിനിടെ സംഘർഷം

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്. വാഹനം തടഞ്ഞ് പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു.


പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി മനുഷ്യജീവനുകള്‍ കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍.

ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകിട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

അതേസമയം ഹർത്താലിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്നു ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്

നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കുടുംബവും. പാരിസില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷമാണ് വാന്‍സിന്റെ കുടുംബവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ജെഡി വാന്‍സിന്റെ മകന്‍ വിവേകിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് നടന്ന അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രിയോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളെ കുറിച്ച് ജെഡി വാന്‍സ് എക്‌സില്‍ പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി ഏറെ നേരം സംവദിച്ചു. ഒരുപാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വളരെ മനോഹരമായ സംഭാഷണമായിരുന്നുവെന്നും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതില്‍ നന്ദിയുണ്ടെന്നും വാന്‍സ് കുറിച്ചു. ഭാര്യ ഉഷ വാന്‍സ്, മക്കളായ വിവേക്, ഇവാന്‍, മിറാബെല്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വാന്‍സ് പങ്കുവച്ചിട്ടുണ്ട്.

വിവേകിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് വാന്‍സിന്റെ പോസ്റ്റിന് മറപടിയായി പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

എഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ജെഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി ഔദ്യോ?ഗിക പ്രസ്താവനയില്‍ പറയുന്നു

കോട്ടയം നഴ്‌സിങ് കോളേജ് റാഗിംങ്: അന്വേഷണം വ്യാപിപ്പിക്കും

കോട്ടയം: കോട്ടയം ഗവണ്‍മെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിൽ പൊലീസ് ,അന്വേഷണം വ്യാപിപ്പിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.

കോളേജ് ഹോസ്റ്റലിലെ കൂടുതൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണ് ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നതെന്നാണ് പരാതിക്കാരായ വിദ്യാർത്ഥികൾ നൽകിയ മൊഴി. കോളേജിലെ മറ്റ് വിദ്യാർത്ഥികൾ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവിൽ കേസെടുത്തതും പ്രതികൾ റിമാന്‍റിലായതും കണക്കിലെടുത്ത് കൂടുതൽ വിദ്യാർത്ഥികൾ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടൽ. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുന്നത്.

തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരായായിട്ടും ഹോസ്റ്റൽ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതാണ് ഇപ്പോഴും ദുരൂഹം. വളരെ കുറച്ച് കുട്ടികൾ മാത്രമുളള ഹോസ്റ്റലിൽ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നതും പൊലീസ് സംശയത്തിന്‍റെ ആക്കം കൂട്ടുന്നു.  കോളേജിന്റെ പ്രിൻസിപ്പാൾ തന്നെയാണ് ഹോസ്റ്റൽ വാർഡൻ. അസിസ്റ്റന്റ് വാ‍ർഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്‍റെ പൂർണചുമതല.

ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈൽ ഫോണുകൾ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകൾ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥികളിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. 

ചൂട് കനക്കുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും (13/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

ഒന്നര മണിക്കൂർ നീണ്ട ഫോൺ ചർച്ച! റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചെന്ന് ട്രംപ്

0

വാഷിങ്ടൺ: റഷ്യന്‍ ,യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം ആരംഭിച്ചതായി ഡോണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുടിന്‍, യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പുടിന്‍ സമ്മതമറിയിച്ചതായി ട്രംപ് അവകാശപ്പെട്ടു. പുടിനെപ്പോലെ സെലന്‍സ്കിയും സമാധാനം ആഗ്രഹിക്കുന്നതായി അറിയിച്ചുവെന്നും ട്രംപ് പറഞ്ഞു. ഇരു നേതാക്കളും ട്രംപുമായി സംസാരിച്ച കാര്യം റഷ്യയും യുക്രൈനും സ്ഥിരീകരിച്ചെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മധ്യസ്ഥ ചര്‍ച്ചകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒന്നര മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ട്രംപിനെ പുടിന്‍ മോസ്കോയിലേക്ക് ക്ഷണിച്ചതായി റഷ്യ അറിയിച്ചു. സമാധാനം കൈവരിക്കാനുള്ള അവസരം ഉള്‍പ്പെടെ ചര്‍ച്ചയായെന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം.