വിദ്യാർത്ഥികൾക്ക് സമാധാനത്തോടെ പഠിക്കാൻ കഴിയാത്ത ഭീകരാന്തരീഷം; സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തി: എൻ ഹരി

0

കോട്ടയം: കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെയുള്ള കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് വീണ്ടും തെളിഞ്ഞുവെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാമ്പസുകളിൽ എല്ലാം റാഗിംഗ് സാധാരണ സംഭവമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ സിദ്ധാർത്ഥന്റെ മരണം മുതൽ സമീപകാലത്ത് നടന്ന എല്ലാ സംഭവങ്ങളും ഭരണകക്ഷി ഇടതുപക്ഷ യുവജന സംഘടനയുടെ മൗനാനുവാദത്തോടെയാണെന്ന് മനസിലാവും.സാക്ഷരകേരളത്തിന് അപമാനകരമായ നിഷ്ഠൂര റാഗിംഗ് മുറകളാണ് അക്ഷരനഗരിയായ കോട്ടയത്ത് അരങ്ങേറിയത്. ക്യാമ്പസുകളിൽ സാധാരണക്കാരായ കുട്ടികൾക്ക് ഭയരഹിതമായി പഠിക്കാനുള്ള സാഹചര്യമില്ല. ലഹരിയുടെ പിടിയിലാണ് മിക്ക പ്രൊഫഷണൽ കോളേജ് ക്യാമ്പസുകളെന്നും ബിജെപി നേതാവ് പറഞ്ഞു.

സിപിഎം മന്ത്രിയുടെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ചൊൽപ്പടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിലാണ് നാടിനെ നടുക്കുന്ന റാഗിംഗ് ഇപ്പോൾ അരങ്ങേറിയത്.
മാസങ്ങളായി നഴ്സിംഗ് കോളേജിൽ പീഡനമുറകൾ അരങ്ങു തകർക്കുകയായിരുന്നു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഉദ്ഘോഷിക്കുന്ന കുട്ടി സഖാക്കൾ കലാലയങ്ങളിലെ ഇരുട്ടു മുറികളിൽ വിദ്യാർത്ഥി പീഡനത്തിന് നേതൃത്വം നൽകുകയാണ്. എതിർക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എന്നെന്നേക്കുമായി ജീവിതം നശിപ്പിക്കപ്പെടുകയാണ്, അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കലാലയങ്ങളിൽ ഭയമില്ലാതെ പഠിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ വേണ്ട അടിയന്തര നടപടിയെടുക്കണം. ഇതിനായി ആൻറി റാഗിങ്ങ് സമിതികൾ നിർഭയമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. പൊലീസ് കുറ്റവാളികളെ മുഖം നോക്കാതെ പിടികൂടണമെന്നും ഇത്തരം ക്രൂരകൃത്യം ചെയ്യുന്ന കൊടും കുറ്റവാളികൾക്ക് തുല്യമായ മനസുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിൽ നിന്നും പുറത്താക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here