പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ ജമ്മുകശ്മീരിനെ സമനിലയിൽ തളച്ച് കേരളം സെമിയിൽ. നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഒന്നാമിന്നിംഗ്‌സിൽ നേടിയ ഒരു റൺസിന്റെ ലീഡാണ് കേരളത്തിന് സെമിയിലെത്താൻ തുണയായത്. 17ന് തുടങ്ങുന്ന ആദ്യ സെമിയില്‍ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികള്‍.
നാലാം ദിനം 100-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം ക്ഷമയോടെ ബാറ്റുവീശി സമനില പിടിക്കാനായിരുന്നു ശ്രമിച്ചത്. കേരളത്തിനായി അക്ഷയ് ചന്ദ്രൻ 183 പന്തിൽ നിന്നും 48 റൺസും ക്യാപ്റ്റൻ സച്ചിൻ ബേബി 162 പന്തുകൾ നേരിട്ട് 48 റൺസും നേടി. ആദ്യ സെഷനിൽ കശ്മീരിന് വിക്കറ്റുകൾ നേടാനായില്ലെങ്കിലും രണ്ടാം സെഷനിൽ സച്ചിൻ ബേബിയേയും അക്ഷയ് ചന്ദ്രനെയും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കേരളത്തെ ഞെട്ടിച്ചു.
പിന്നാലെ വന്ന ജലജ സക്‌സേന 18 റൺസിനും ആദിത്യ സർവാതെ 8 റൺസിനും പുറത്തായതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. എന്നാൽ ആദ്യഇങ്ങ്‌സിൽ സെഞ്ച്വറി നേടി കേരളത്തിന് നിർണായക ലീഡ് സമ്മാനിച്ച സൽമാൻ നിസാർ രണ്ടാമിന്നിംഗിസിലും രക്ഷകനായി. മുഹമ്മദ് അസറുദ്ദീനും (67) സൽമാൻ നിസാറും (44) ചേർന്ന് വിക്കറ്റ് നഷ്ടപ്പെടാതെ 111 റൺസ് കൂട്ടിച്ചേർത്താണ് കേരളത്തിന് സമനില സമ്മാനിച്ചത്.
രഞ്ജി ട്രോഫി ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് കേരളം സെമിയിലെത്തുന്നത്. ഇതിനുമുൻപ് 2018-19 സീസണിലായിരുന്നു കേരളം രഞ്ജി ട്രോഫിയിൽ സെമിയിലെത്തിയത്.