വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്; പിന്നിൽ കൊടുങ്ങല്ലൂർ ഗ്രേഡ് എസ്ഐയും സംഘവും

0

ബെംഗളൂരു: കർണാടകയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തില്‍ കൊടുങ്ങല്ലൂർ ഗ്രേഡ് എസ് ഐ ഷഫീർ ബാബുവിനെ കൂടാതെ കേസിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ അനിൽ ഫെർണാണ്ടസ്, സജിൻ, ഷബീൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. 

ദക്ഷിണ കന്നഡ ബോളന്തൂരിലെ വ്യവസായി സുലൈമാന്റെ വീട്ടിൽ നിന്നാണ് പണം തട്ടിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലാണ് പ്രതികൾ എത്തിയത്. മംഗളൂരു പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. 

ലോകം അറിയുന്ന ബുദ്ധിജീവി, വിപ്ലവകാരി’; ശശി തരൂരിനെ പുകഴ്ത്തി എകെ ബാലൻ, ലേഖനത്തെ പിന്തുണച്ച് ഇടതുനേതാക്കൾ

0

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ശശി തരൂരിന്‍റെ ലേഖനം വിവാദമായതിന് പിന്നാലെ പിന്തുണയുമായി ഇടതുനേതാക്കള്‍. ശശി തരൂര്‍ എംപിയെ പുകഴ്ത്തികൊണ്ട് എകെ ബാലൻ രംഗത്തെത്തിയപ്പോള്‍ ശശി തരൂര്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്നും അതിലൊരു തെറ്റുമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാലും മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനും പറഞ്ഞു. 

ലോകം അറിയുന്ന  ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും എകെ ബാലൻ പുകഴ്ത്തി. മഹാനായ ഡിപ്ലോമാറ്റാണ് ശശി തരൂരെന്നും ലേഖനത്തിൽ പറഞ്ഞ കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുതയാണെന്നും എകെ ബാലൻ പറഞ്ഞു. 

യഥാർത്ഥ വസ്തുത ആണ് ഡിഡബ്ല്യുസി അംഗമായ തരൂർ പറഞ്ഞത്. വസ്തുതകള്‍ നിരത്തിയാണ് അദ്ദേഹത്തെ വിമര്‍ശിക്കേണ്ടത്. ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്‍റെ റേറ്റിംഗിൽ നമ്പർ വൻ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും എകെ ബാലൻ വിമര്‍ശിച്ചു.

വിവരമുള്ള ആരും കോണ്‍ഗ്രസിൽ പാടില്ലെന്നാണോ നേതാക്കള്‍ ഉദ്ദേശിക്കുന്നതെന്ന് അറിയില്ല. പറഞ്ഞ കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെങ്കിൽ വസ്തുത വെച്ചുകൊണ്ടാണ് അതിനെ എതിര്‍ക്കേണ്ടത്. പികെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ 500 സ്ഥാപനങ്ങളിൽ 200 എണ്ണവും പൂട്ടി. എന്നിട്ട് തന്‍റെ കാലത്താണ് വികസനമെന്ന് സ്വയം പറയുകയാണ്. കേരളത്തിന്‍റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ മൂന്നാം തവണയും ഇടതുപക്ഷം വരും എന്നാണ് ഭയം. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തരൂർ പറഞ്ഞതിൽ ധനമമന്ത്രി മറുപടി പറഞ്ഞിട്ടുണ്ടെന്നും അത് കേന്ദ്ര നയം കാരണമാണെന്നും എകെ ബാലൻ പറഞ്ഞു.

തരൂര്‍ പറഞ്ഞത് സത്യം-കെഎൻ ബാലഗോപാൽ

തരൂർ പറഞ്ഞത് കേരളത്തിൽ എല്ലാവരും അംഗീകരിക്കുന്നതാണെന്നും ഫാക്ടാണ് പറഞ്ഞതെന്നും സത്യമാണതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് കേരളം ഇതെല്ലാം ചെയ്യുന്നത്. എല്ലാ വികസനത്തെയും എതിർക്കുമെന്നതാണ് 
കോൺഗ്രസ് നേതൃത്വത്തിന്‍റെ സമീപനം. കോൺഗ്രസ് സ്വന്തം സംസ്ഥാനത്തെ തകർക്കാനാണ് നോക്കുന്നത്. ശശി തരൂരിന്‍റെ രാഷ്ട്രീയത്തോട് അല്ല യോജിപ്പെന്നും പറഞ്ഞ കാര്യങ്ങളോടാണെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. തരൂർ പറഞ്ഞതിൽ എന്താണ് തെറ്റെന്നും വസ്തുതകള്‍ മനസിലാക്കിയതാണ് അദ്ദേഹം പറഞ്ഞതെന്നും അത് ശരിയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

തരൂരിന് മറുപടിയുമായി ലീഗ്; ആൻറണി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി, തുറന്നടിച്ച് എംഎം ഹസൻ

ചാമ്പ്യൻസ് ട്രോഫി ടീമില്‍ ആ 2 താരങ്ങളെ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി രൂക്ഷമായി തർക്കിച്ച് ഗംഭീറും അഗാര്‍ക്കറും

0

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടീമിനെ തെരഞ്ഞെടുക്കാനുള്ള  സെലക്ഷൻ കമ്മിറ്റി യോഗത്തിനിടെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം നടന്നുവെന്ന് റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തുന്നതിനെയും ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്നതിനെയും ഗംഭീര്‍ എതിര്‍ത്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ശ്രേയസ് അയ്യരെ തിരികെ വിളിക്കുന്ന കാര്യത്തില്‍ ഗംഭീറിന് താല്‍പര്യമില്ലായിരുന്നുവെന്നും അതുപോലെ രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ ഉള്‍പ്പെടുത്തുന്നതിനോടും ഗംഭീര്‍ വിയോജിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സെലക്ഷൻ കമ്മിറ്റി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിഷഭ് പന്ത് ഏകദിനങ്ങളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരിക്കുമെന്നായിരുന്നു അഗാര്‍ക്കര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ല.

ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് രോഹിത്തിന്‍റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ബിസിസിഐ

ടീമിലുണ്ടായിരുന്ന ബാക്കി 14 താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യ രണ്ട് കളികളിലും കെ എല്‍ രാഹുലിന് തിളങ്ങാന്‍ കഴിയാഞ്ഞിട്ട് പോലും റിഷഭ് പന്തിന് മാത്രമാണ് ഒരു മത്സരത്തില്‍ പോലും അവസരം ലഭിക്കാതിരുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുശേഷം കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്ന് ഗംഭീര്‍ പ്രത്യേകം എടുത്തുപറഞ്ഞതും ശ്രദ്ധേയമാണ്. തന്‍റെ സമ്മതമില്ലാതെ അഗാര്‍ക്കര്‍ ടീമിലുള്‍പ്പെടുത്തിയ റിഷഭ് പന്തിനെ വെട്ടുകയാണ് ഇതിലൂടെ ഗംഭീര്‍ ചെയ്തതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ഗംഭീറിന് താല്‍പര്യമില്ലാതിരുന്നിട്ടും ടീമിലെടുത്ത ശ്രേയസ് അയ്യരാകട്ടെ മൂന്ന് മത്സരങ്ങളിലും മിന്നുന്ന പ്രകടനം പുറത്തെടുത്ത് ചാമ്പ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കി. റിഷഭ് പന്തിന് പകരം മലയാളി താരം സഞ്ജു സാംസണായിരുന്നു ഗംഭീറിന്‍റെ മനസില്‍ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുകയും പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തതോടെ സഞ്ജുവിന്‍റെ വഴിയടഞ്ഞു.

ഇന്ത്യൻ ടീമിലെ സൂപ്പര്‍താര സംസ്കാരത്തിനെതിരെ ആഞ്ഞടിച്ച് അശ്വിന്‍; രോഹിത്തിനും കോലിക്കും പരോക്ഷ വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന പന്തിന് ചാമ്പ്യൻസ് ട്രോഫിയിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഒറ്റ ഇടം കൈയന്‍ പോലുമില്ലെന്നതിന്‍റെ കുറവ് അക്സര്‍ പട്ടേലിന് ബാറ്റിംഗ് പ്രമോഷന്‍ നല്‍കിയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പരിഹരിച്ചത്. ഇതും റിഷഭ് പന്തിന്‍റെ വഴിയടക്കാനുള്ള ഗംഭീറിന്‍റെ തന്ത്രമായാണ് വിലയിരുത്തുന്നത്.

ന്യൂദില്ലി റെയിൽവെ സ്റ്റേഷൻ ദുരന്തം;മരണം 18 ആയി, ചികിത്സയിലായിരുന്ന 3പേർ കൂടി മരിച്ചു, 50ലധികം പേർക്ക് പരിക്ക്

0

ദില്ലി: ന്യൂദില്ലി സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. ദില്ലി ലേഡി ഹാര്‍ഡിങ് ആശുപത്രിയിൽ എത്തിച്ച മൂന്നു പേരാണ് മരിച്ചത്. മരിച്ച 18 പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരിൽ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും മോദി എക്സിൽ കുറിച്ചു.

പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.

അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിനുശേഷം വളരെ വേഗത്തിലാണ് സ്ഥലത്തുനിന്നും ആളുകളെ മാറ്റിയത്. അപകടം നടന്ന ന്യൂ ദില്ലി റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ശരവേഗത്തിലാണ് റെയില്‍വെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആളുകളുടെ ഉപേക്ഷിക്കപ്പെട്ട ബാഗുകളും വസ്ത്രങ്ങളും ഇവിടെനിന്ന് മാറ്റി. എന്നാൽ, റെയിൽവെ ട്രാക്കിന് സമീപം പ്ലാറ്റ്‍‍ഫോമിനടയിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇപ്പോഴും ചിതറി കിടക്കുന്നത് അപകടത്തിന്‍റെ ബാക്കിപത്രമായി. 

ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 15 മരണം

പാലക്കാട് ജില്ലാ ആശുപത്രിയിൽ പുലര്‍ച്ചെ തീപിടിത്തം, സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്നവരെ മാറ്റി

0

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ജില്ലാ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ നഴ്സുമാരുടെ ചേയ്ഞ്ചിങ് റൂം, മരുന്ന് സൂക്ഷിക്കുന്ന സ്ഥലം എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വനിത വാര്‍ഡുകളിലുണ്ടായിരുന്ന രോഗികളെ ഉള്‍പ്പെടെ മാറ്റി.

അരമണിക്കൂറിനുള്ളിൽ തീ പൂര്‍ണമായും അണയ്ക്കാനായതിനാൽ മറ്റു അപകടങ്ങളുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. മൂന്നരയോടെ തീ പൂര്‍ണമായും അണച്ചതായി അധികൃതര്‍ അറിയിച്ചു. മുറിയിൽ നിന്ന് തീ ആളിപ്പടര്‍ന്നത് പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുക്കാരും ഉള്‍പ്പെടെ ചേര്‍ന്നാണ് രോഗികളെ മാറ്റിയത്. തീപിടിത്തമുണ്ടായ മുറികളിലെ വസ്തുക്കളെല്ലാം കത്തിനശിച്ചു. 

സിസിടിവിയിൽ ട്രാൻസ്ജെൻഡർ സാന്നിധ്യം തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോകൽ പൊളിച്ചത് കേരള പൊലീസ്

0

കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമമാണ് പൊലീസ് പൊലീസ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍ ശ്രമം പൊലീസിന്‍റെ സമയബന്ധിതമായ ഇടപെടലിലൂടെയാണ് പൊളിഞ്ഞു പോയത്.

ബിഹാര്‍ സ്വദേശിനിയുടെ ഒരു മാസം പ്രായമുളള കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വിവരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ കിട്ടുന്നത് കഴിഞ്ഞ ദിവസം രാത്രിയാണ്.  എഴുപതിനായിരം രൂപ ആവശ്യപ്പെട്ടാണ് കുട്ടിയെ തട്ടിയെടുത്തെന്ന വിവരവും പൊലീസിന് കിട്ടി. തട്ടിക്കൊണ്ടു പോയവരില്‍ ഒരു ട്രാന്‍സ് ജെന്‍ഡറുമുണ്ടെന്ന വിവരം നിര്‍ണായകമായി. തുടര്‍ന്ന് സ്റ്റേഷന്‍ ക്രൈം ഗ്യാലറിയില്‍ നിന്ന് സംശയമുളളവരുടെ ചിത്രങ്ങളില്‍ നിന്ന് കുട്ടിയുടെ അമ്മ റിങ്കി എന്ന ട്രാന്‍സ്ജെന്‍ഡറിനെ തിരിച്ചറിഞ്ഞു.

റിങ്കിയുടെ താമസ സ്ഥലത്തേക്ക് പൊലീസ് എത്തുമ്പോഴേക്കും അവര്‍ കുട്ടിയുമായി കടന്നിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുമായി സംഘം തൃശൂര്‍ ഭാഗത്തേക്ക് കടന്നെന്ന് വ്യക്തമായതും ഇവരെ പിന്തുടര്‍ന്നെത്തിയ പൊലീസ് കൊരട്ടിയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയതും. റിങ്കിയുടെ സുഹൃത്തായ ആസാം സ്വദേശി റാഷിദുല്‍ ഹഖും പിടിയിലായിട്ടുണ്ട്. കുട്ടിയെ ആസാമിലേക്ക് കൊണ്ടു പോവുകയായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കെടത്തി സ്വര്‍ണ്ണം കവര്‍ന്നു

0

മലപ്പുറം: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച യുവാവ് വീട്ടിലെത്തി വൃദ്ധ ദമ്പതികളെ മയക്കിക്കിടത്തി സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ദമ്പതികളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്പതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി.ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നൽകി.ദമ്പതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാൾ കുറഞ്ഞ ചിലവിൽ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു.പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാ‌ഞ്ചേരിയിലെ വീട്ടില്‍ എത്തി.

ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് താന്‍ കൊണ്ടുവന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് ഓരോ ഗുളികയും നല്‍കി. ഇതോടെ ഇരുവരും മയങ്ങി വീഴുകയും കവര്‍ച്ച നടത്തി യുവാവ് സ്ഥലം വിടുകയുമായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് ഇവർക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

0

കൽപ്പറ്റ: സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കേണിച്ചിറ നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ ഇരുളം മൂന്നാനക്കുഴി റൂട്ടിൽ ചുണ്ടകൊല്ലി വളവിലാണ് അപകടം നടന്നത്. പ്രദേശത്തെ ഉത്സവം കണ്ടു മടങ്ങി വരികയായിരുന്നു ഇരുവരും. 

സഹയാത്രികൻ അരിമുളവെള്ളൂർ ഉന്നതിയിലെ മനോജ് പരിക്കുകളോടെ ചികിത്സയിലാണ്. പരിക്കേറ്റ് റോഡിൽ വീണു കിടന്ന യുവാക്കളെ ലീസ് എത്തിയാണ് ബത്തേരി ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നന്ദുവിൻ്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ബൈക്കുകൾ കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് ദമ്പതികൾക്ക് ദാരുണാന്ത്യം; 2 യുവാക്കൾ അത്യാസന്ന നിലയിൽ വെൻ്റിലേറ്ററിൽ

കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി

0

കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് ചന്ദാലയം വീട്ടിൽ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ് ചന്ദ്രനെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. 

കാപ്പിൽ കുറ്റിപ്പുറം ജംഗ്ഷനിൽ വെച്ച് പുതുപ്പള്ളി സ്വദേശിയായ അമ്പാടി എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അമിതാബ് ചന്ദ്രൻ സുഹൃത്ത് ഹാരി ജോണുമായി ചേർന്ന് വ്യാജമദ്യ കച്ചവടം നടത്തി വരവേ  110 ലിറ്റർ വ്യാജമദ്യവുമായി കരുനാഗപ്പള്ളി എക്സൈസിന്റെ പിടിയിലായിരുന്നു. ഈ കേസുകൾ കൂടാതെ കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് അമിതാബ് ചന്ദ്രൻ.

ആറ് മാസത്തേക്ക് നാട് കാണില്ല, തൃശൂരിൽ രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ് ചുമത്തി നാടു കടത്തി

കോതമംഗലത്ത് ചെക് ഡാമിൽ സ്‌കൂൾ വിദ്യാർത്ഥിയായ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

0

കൊച്ചി: എറണാകുളത്ത് സ്ക‌ൂൾ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയിൽ മരിയ അബി (15) ആണ് മരിച്ചത്. കോതമംഗലം ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ടാണ് മരണം. അമ്മയ്ക്കൊപ്പം ചെക് ഡാമിൽ കുളിക്കാനെത്തിയതായിരുന്നു പെൺകുട്ടി. അമ്മയും അപകടത്തിൽപെട്ടിരുന്നെങ്കിലും ഇവരെ രക്ഷപ്പെടുത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തിരുവനന്തപുരത്ത് വിഴിഞ്ഞം പുളിങ്കൂടിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ വിദേശ വനിതയും ഇന്ന് മുങ്ങിമരിച്ചു. അമേരിക്കൻ പൗരയായ ബ്രിജിത്ത് ഷാർലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കടലിൽ കുളിക്കാൻ ഇറങ്ങവേ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നിർദേശം നടന്നില്ല, ഹാജരാകാൻ പറഞ്ഞിട്ടും വിവരമില്ല, കെഎസ്ഇബി ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട് നൽകാൻ ആർടിഐ കമ്മിഷൻ

0

കോഴിക്കോട്: വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ  ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കും. 

സെക്ഷന്‍ നാലില്‍ പറയുന്ന 17 ഇനം വിവരങ്ങള്‍ എല്ലാ ഓഫീസ് മേധാവികളും മുന്‍കൈയ്യെടുത്ത് എസ് പി ഐ ഒ മാരിലൂടെ സൈറ്റില്‍ ലഭ്യമാക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ ഓഫീസ് മേധാവിക്കും ബന്ധപ്പെട്ട ഓഫീസിനുമെതിരെ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതുസമയത്തും  വിവരാവകാശ കമ്മീഷന്‍ പരിശോധന പ്രതീക്ഷിക്കാമെന്നും കമ്മീഷണർ പറഞ്ഞു. പൗരാവകാശരേഖ പുതുക്കാത്ത ഓഫീസുകള്‍ എത്രയും വേഗം ആ ജോലി നിര്‍വഹിച്ചു സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാമത്തെ  നടപടി വിവരാവകാശ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മാനവശേഷിയും ഓഫീസുകളുടെയും വിഭവ ശേഷിയും ദുരുപയോഗം ചെയ്യുന്ന അപേക്ഷകര്‍ക്കെതിരെയാണ്. ഒരേ ആവശ്യമുന്നയിച്ച് പലതവണ അപേക്ഷ നല്‍കുക, ഒരേ ഓഫീസില്‍ അപ്രസക്തമായ അപേക്ഷ നിരന്തരം സമര്‍പ്പിക്കുക, കുത്തി നിറയ്ക്കപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയിലൂടെ സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്നതും ഉദ്യോഗസ്ഥരെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതുമായ അപേക്ഷകരെ കരിമ്പട്ടികയില്‍ പെടുത്തും. ഇത്തരത്തില്‍ സംസ്ഥാനത്ത് രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും കമ്മീഷന്‍ പറഞ്ഞു.

കോഴിക്കോട് പുതുപ്പാടി കെഎസ്ഇബി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ വിവരാവകാശ ഓഫീസര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കമ്മീഷണർ നിര്‍ദ്ദേശിച്ചു.  ഫെബ്രുവരി 27ന്  അറസ്റ്റ് ചെയ്തു തിരുവനന്തപുരത്ത് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 24ന് ഹാജരായപ്പോള്‍ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പാക്കിയില്ല. ഇത് സംബന്ധിച്ച കാരണം ബോധിപ്പിക്കാന്‍ രണ്ടു തവണ അവസരം നല്‍കിയിട്ടും ഹാജരാകാത്തതിനിലാണ് വാറണ്ട് പുറപ്പെടുവിക്കാന്‍   നിര്‍ദ്ദേശിച്ചതെന്ന് ഡോ.ഹക്കീം  പറഞ്ഞു.

വടകര താലൂക്ക് ഓഫീസില്‍  വിവരാവകാശ രേഖയുടെ ഒരു പേജ് പകര്‍പ്പിന് (എഫ് എം ബി) 500 രൂപ ആവശ്യപ്പെട്ട നടപടി ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടുള്ള രേഖകള്‍ ആദ്യമായി നല്‍കുമ്പോള്‍ ആ ഫീസ്  ഈടാക്കാവുന്നതാണെങ്കിലും അതിന്റെ പകര്‍പ്പ് ചോദിച്ചാല്‍ വിവരാവകാശ നിയമപ്രകാരമുള്ള ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ലഭ്യമായിട്ടുള്ള വിവരങ്ങള്‍ അപേക്ഷകരുടെ വിലാസം തെറ്റിച്ച് അയക്കുകയും  മറുപടിയായി കൈപ്പറ്റാതെ മടങ്ങി വന്നു എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത  ചേവായൂര്‍ സബ് രജിസ്ട്രാറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കമ്മീഷന്‍ കണ്ടെത്തി. ഹര്‍ജി കക്ഷിയായ ബിന്ദുവിന് യഥാര്‍ത്ഥ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം ലഭ്യമാക്കാനും കമ്മീഷന് മുന്‍പാകെ  വിശദീകരണം സമര്‍പ്പിക്കുവാനും കമ്മീഷണർ ആവശ്യപ്പെട്ടു.

ഫയല്‍ കാണാനില്ലെന്ന മറുപടി നല്‍കുന്ന വിവരാവകാശ ഓഫീസര്‍മാര്‍ ഡിസ്ട്രക്ഷന്‍ ഓര്‍ഡര്‍ ഹാജരാക്കിയില്ലെങ്കില്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. റവന്യൂ വകുപ്പിലെ പേരംപ്ര വില്ലേജ് ഓഫീസര്‍ കലക്ടറേറ്റിനെതിരെ നിരന്തരം വിവരാവകാശ അപേക്ഷ സമര്‍പ്പിക്കുന്ന നടപടിയെ കമ്മീഷണർ വിമര്‍ശിച്ചു. ഫറോക്ക് നഗരസഭയില്‍ ഫയലില്‍ ഇല്ലാത്ത രേഖ കൃത്രിമമായി സൃഷ്ടിച്ചു നല്‍കിയതായ  അബ്ദുല്‍ മനാഫിന്റെ പരാതിയില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് ഫോറസ്റ്റ് റേഞ്ചിന് പരിധിയിലുള്ള പ്രദേശങ്ങളില്‍ വാനരശല്യം സംബന്ധിച്ച പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാനും രേഖകള്‍ ഹാജരാക്കാനും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചെങ്ങോട്ടുകാവ് വില്ലേജ് ഓഫീസില്‍ നിന്നും സുലോചന കുന്നുമ്മല്‍ ആവശ്യപ്പെട്ട രേഖകള്‍ തല്‍ക്ഷണം ലഭ്യമാക്കി. കോഴിക്കോട് കലക്ടറേറ്റിലെ എന്‍ കെ ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഒന്നാം അപ്പീല്‍  അധികാരിയുടെ നടപടി ശരിവെച്ചു. കളക്ടറേറ്റിലെ കെ ജി ബാബുവിന്റെ ഹര്‍ജിയില്‍ ഹര്‍ജി കക്ഷിക്ക് ഒരവസരം കൂടെ നല്‍കി ഹിയറിങ്ങ് നടത്തി വിവരം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചു. ആകെ പരിഗണിച്ച 23 പരാതികളില്‍ 22 എണ്ണം തീര്‍പ്പാക്കി. എതിര്‍കക്ഷികള്‍ ഹാജരാകാത്ത ഒരു കേസില്‍ വാറണ്ട് പുറപ്പെടുവിച്ചു.

പരീക്ഷ എഴുതിയാൽ ഉത്തരം നൽകണമെന്ന് വിവരാവകാശ കമ്മീഷൻ, ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന് നിർദ്ദേശം നൽകി

പന്നിയങ്കരയിൽ പ്രദേശവാസികൾക്ക് ഇടിത്തീ, ടോൾ പിരിയ്ക്കാൻ കമ്പനി, 17ന് പിരിവ് തുടങ്ങും 

0

തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈ മാസം 17 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാണ് ടോള്‍ ഈടാക്കുക. പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. ഇത് വരെ രണ്ടായിരത്തോളം പേര്‍ സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.

ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി അഞ്ചിന് മുമ്പ് യോഗം വിളിക്കുമെന്ന് പി.പി. സുമോദ് എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ യോഗം നടന്നില്ല.

ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സർവകലാശാലകളിൽ കുസാറ്റ് ഒന്നാമത്

0

കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.
സർവകലാശാലകളിൽ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളിൽ കേരള യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. കോളജ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സെന്റ് തെരേസാസ് എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എഞ്ചിനിയറിങ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടി., തൃശൂർ എഞ്ചിനിയറിങ് കോളജ്, കൊല്ലം ടി കെ എം എഞ്ചിനിയറിങ് കോളജ് എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 

നഴ്സിംഗ് കോളജ് വിഭാഗത്തിൽ തിരുവനന്തപുരം നഴ്സിങ് കോളജ് ഒന്നാമതെത്തി. എഞ്ചിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ്, ടീച്ചർ എഡ്യൂക്കേഷൻ, വെറ്റിനറി, നഴ്സിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ റാങ്കിംഗുകൾ ഉണ്ട്. സർക്കാർ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, യൂണിവേഴ്സിറ്റി കോളേജ് എന്നിവ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.

12 വിഭാഗങ്ങളിലായി 449 സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്. ഇതിൽ സർക്കാർ മേഖലയിൽ നിന്ന് കോളജുകളിൽ 12 ഉം എഞ്ചിനിയറിങ് കോളജുകളിൽ ആറും നഴ്സിങ്, ടീച്ചർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നു വീതവും കാർഷിക അനുബന്ധ മേഖലയിൽ നിന്ന് അഞ്ചും സ്ഥാപനങ്ങൾ റാങ്കു നേടി. റാങ്കിങിന് പരിഗണിച്ച 449 സ്ഥാപനങ്ങളിൽ  വേദിയിലെത്തിയ എല്ലാവർക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു  പുരസ്കാരം സമ്മാനിച്ചു.

ചടങ്ങിൽ നാക് മുൻ ഡയറക്ടർ രംഗനാഥ് എച്ച് അന്നേ ഗൗഡ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വറുഗീസ്, സെന്റ് തെരേസാസ് പ്രിൻസിപ്പാൾ ഡോ. അൽഫോൻസ വിജയ് ജോസഫ്, കോളജ് ഡയറക്ടർ സിസ്റ്റർ ടെസ്സ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ രജിസ്ട്രാർ പി.എസ്. വനജ എന്നിവർ പങ്കെടുത്തു.

‘കേരളം വളരുകയാണെന്ന് തരൂര്‍ പറയുന്നതിൽ തെറ്റില്ല’; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് ശബരീനാഥൻ

0

തിരുവനന്തപുരം: കേരളത്തിൻ്റെ സ്റ്റാർട്ട്അപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് ശശി തരൂർ പറയുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥൻ. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡത്തിന് അപ്പുറമുള്ള കണക്കുകള്‍ കൂടി ശശി തരൂരിന് പരാമര്‍ശിക്കമായിരുന്നു. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി ഒരുമിച്ച് നിൽക്കാമെന്നും എന്നാൽ റോമാ നഗരം ഒരു ദിവസം കൊണ്ട് വളര്‍ന്നതല്ലെന്ന് കൂടി ഒാര്‍ക്കണമെന്നും ശബരീനാഥൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കെസി വേണുഗോപാൽ മുതൽ താഴേക്ക് യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ തരൂരിനെ തള്ളിപ്പറയുമ്പോഴാണ് ശബരീനാഥൻ്റെ പോസ്റ്റ്

കേരളത്തിന്റെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം വളരുകയാണ് എന്ന് ഡോ:തരൂർ പറയുന്നതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായി നിൽക്കുന്നവരിൽ പലരും സുഹൃത്തുക്കളാണ്, അവർക്ക് നല്ല കഴിവുണ്ട്, നല്ല പ്രതീക്ഷയുണ്ട്. സർക്കാരിന്റെ സഹായത്തോടെയും ഇല്ലാതെയും അവർ കുറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ഡോ:തരൂരിന്റെ ലേഖനത്തിൽ സർക്കാർ പുറത്തുവിട്ട ചില “cherrypicked” മാനദണ്ഡങ്ങൾക്കപ്പുറം സ്റ്റാർട്ട്‌ അപ്പുകളെ വിലയിരുത്താനുള്ള മറ്റു ചില കണക്കുകൾ കൂടി അദ്ദേഹം പരാമർശിച്ചാൽ പൂർണതലഭിക്കുമായിരുന്നു. അതോടൊപ്പം ഈ വിഷയത്തിൽ അധിഷ്ടിതമായി ഒരു ലേഖനം എഴുതുമ്പോൾ ഡോ തരൂരിന് ചിലതുകൂടി ചേർത്തുപറയാമായിരുന്നു.

കേരളത്തിലെ സ്റ്റാർട്ട്‌ അപ്പ്‌ ഇക്കോസിസ്റ്റം ഒരു continuum ആണ്.2014ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്താണ് ഒരു സ്റ്റാർട്ട്‌ അപ്പ്‌ പോളിസി രൂപീകരിച്ചത്. അന്ന് MIT FAB LAB, Raspberry Pi Kits, സ്റ്റാർട്ട് അപ്പ്‌ വില്ലജ് തുടങ്ങിയ ഒട്ടനവധി നൂതനമായ പദ്ധതികൾ രൂപീകരിച്ചു. കാലക്രമേണ സ്റ്റാർട്ട്‌ അപ്പുകൾ വളർന്നപ്പോൾ അത് പുതിയ രൂപവും ഭാവവും ഏറ്റെടുത്തു.

ഈ പ്രവർത്തനങ്ങളുടെ ഓർമയിലാണ് ഉമ്മൻ ചാണ്ടി സാർ മരണപെട്ടപ്പോൾ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ,  “കേരളത്തിൽ സ്റ്റാർട് അപ്പ്‌ ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറപാകിയ ധിഷണശാലി ” / “ the visionary, who laid the foundation for the vibrant start-up ecosystem in Kerala” എന്നെഴുതിയത്.

പൊള്ളാച്ചിയിൽ സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാർത്ഥിയും കൂട്ടബലാത്സംഗത്തിനിരയായി; പോൺ അടിമകളായ പ്രതികളിൽ നാലുപേർ ജുവനൈൽ; പീഡനം ചിത്രീകരിച്ചു

0

ഞെട്ടിക്കുന്നൊരു കൂട്ട ബലാത്സം​ഗത്തിന്റെ വാർത്തയാണ് തമിഴ്നാട്ടിൽ നിന്ന് പുറത്തുവരുന്നത്. കോയമ്പത്തൂരിൽ പൊള്ളാച്ചിക്ക് സമീപം സ്കൂൾ വിദ്യാർത്ഥിനികളും വിദ്യാർത്ഥിയും കൂട്ട ബലാത്സം​ഗത്തിന് ഇരയായെന്ന് പരാതി. അഞ്ചുപേരാണ് പ്രതികൾ. ഇവരിൽ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പൊലീസ് മൂന്ന് ജുവനൈൽ പ്രതികളെയും 18 വയസുകാരനെയും പിടികൂടിയിട്ടുണ്ട്. ഇവർ ക്രൂരകൃത്യം മൊബൈലിൽ റെക്കോർഡ‍് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. രണ്ട് പെൺകുട്ടികളും ആൺകുട്ടിയുമാണ് പീഡനത്തിനിരയായത്.

കുറച്ചു മാസങ്ങളായി​ ഗ്രാമത്തിലെ വിജനമായ പ്രദേശങ്ങളിൽ വച്ച് അഞ്ചുതവണയാണ് കുട്ടികൾ ബലാത്സം​ഗത്തിന് ഇരയായത്. പ്രതികൾ പാതിവഴി പഠനം നിർത്തിയവരും ദിവസ വേതനക്കാരുമാണ്. പോൺ ചിത്രങ്ങൾക്ക് അടിമകളായ പ്രതികൾ ലൈം​ഗികബന്ധത്തിന് ഏർപ്പെടാൻ വിസമ്മതിച്ച കുട്ടികളെ മുള്ളുകൾ കൊണ്ട് മർദിക്കുന്നതും പതിവായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരകളുടെ കുടുംബം ക്രൂരതയെക്കുറിച്ച് അറിഞ്ഞത് വെള്ളിയാഴ്ച രാവിലെയായിരുന്നു.

എന്നാൽ പേടി കാരണം അവർ പരാതി നൽകാൻ മുതിർന്നില്ല. ​ഗ്രാമവാസികളാണ് വിവരം ചൈൽഡ് ലൈനിനെ അറിയിച്ചത്. പ്രതികൾക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. അന്ന് വൈകിട്ട് തന്നെ നാലു പ്രതികൾ പിടിയിലായി. കോയമ്പത്തൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ജുവനൈൽ പ്രതികളെ മാറ്റി. 18-കാരനെ റിമാൻഡ് ചെയ്തു. അഞ്ചാം പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.