Tuesday, March 18, 2025

6 പേരിൽ ആര്? ഇനിയും തീരുമാനമാകാതെ ദില്ലി മുഖ്യമന്ത്രി? പ്രഖ്യാപനം വൈകും; നിയമസഭ കക്ഷി യോഗം ഇന്നില്ല, ബുധനാഴ്ച്ച

ദില്ലി: 27 വർഷത്തിനിപ്പുറം ദില്ലി ഭരണം പിടിച്ചെടുത്തിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും ആരാകണം മുഖ്യമന്ത്രിയെന്ന കാര്യത്തിൽ ബി ജെ പിക്ക് ഇതുവരെയും അന്തിമ തീരുമാനം എടുക്കാനായിട്ടില്ല. 6 പേരുകളാണ് ദില്ലി മുഖ്യമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നത്. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ, മുതിർന്ന നേതാവ് ആഷിഷ് സൂദ്, എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. സസ്പെൻസ് അവസാനിപ്പിച്ചുകൊണ്ട് ഇന്ന് ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ വിവരം പ്രഖ്യാപനം വൈകുമെന്നതാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി ജെ പിയുടെ നിർണായക നിയമസഭ കക്ഷി യോഗം ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. ദില്ലിയിൽ 70 ൽ 48 സീറ്റും നേടിയാണ് ആം ആദ്മി പാർട്ടിയുടെ ഹാട്രിക്ക് ഭരണം ബി ജെ പി അവസാനിപ്പിച്ചത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ഫലം വന്ന് രണ്ടാഴ്ചയോളമാകുമ്പോഴാണ് ദില്ലിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണമായത്. ദില്ലിയിൽ മടങ്ങിയെത്തിയ മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടന്നിരുന്നു. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിംഗുമടക്കം ചർച്ചകൾ പൂർത്തിയാക്കി. മന്ത്രിസഭയിലേക്ക് പരിഗണിക്കുന്ന നേതാക്കളുമായി പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ പ്രത്യേകം കൂടികാഴ്ചകളും നടത്തി. പർവേഷ് വർമ, വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവർക്കൊപ്പം വനിതാ നേതാക്കളായ ഷിഖ റായ്, രേഖ ഗുപ്ത എന്നീ പേരുകളാണ് അവസാന പട്ടികയിലുള്ളത്. ഇവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. ജനക്പൂരി എം എൽ എയായ ആഷിഷ് സൂദിന് ആർ എസ് എസിന്റെ പിന്തുണയുമുണ്ട്. ജാതി സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചാകും മന്ത്രിസഭയിലും നേതാക്കളുടെ പ്രാതിനിധ്യം. ദില്ലി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ പാർട്ടിക്ക് വെല്ലുവിളികളൊന്നുമില്ലെന്നും, നേതൃയോഗം ചേർന്ന് പതിനഞ്ച് മിനിറ്റുകൊണ്ട് തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ ജെ പി നദ്ദ അവകാശപ്പെട്ടിരുന്നു. അതേസമയം പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് പ്രഖ്യാപനം വൈകുന്നതെന്നും, ഇതുകാരണം ദില്ലിയിലെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നതെന്നുമുള്ള പ്രചാരണം സജീവമാക്കുകയാണ് ആം ആദ്മി പാർട്ടി.

Latest News

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. സഹോദരൻ അഹ്സാൻ്റെയും പെൺ സുഹൃത്ത് ഫർസാനയുടെയും കൊലക്കേസുകളിൽ ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ...

More News