ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്നും ഇന്ത്യക്ക് അത്ര ശുഭകരമല്ലാത്ത വാർത്ത പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ പോളിംഗ് ശതമാനം ഉയർത്തുന്നതിനായി അമേരിക്ക അനുവദിച്ചിരുന്ന ഫണ്ട് റദ്ദാക്കുമെന്ന് ഇലോൺ മസ്‌കിന്‍റെ ഡോജ് ടീം വ്യക്തമാക്കിയിരിക്കുകയാണ്. 21 മില്യൺ ഡോളർ അഥവാ 182 കോടി രൂപയുടെ ധനസഹായമാണ് മസ്‌കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വിഭാഗമായ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്) റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായി ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ട്രംപ് ഭരണകൂടത്തിൻ്റെ പ്രധാന തീരുമാനമാണ് ഇതെന്നുമാണ് മസ്കിൻ്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് കൂട്ടിച്ചേർത്തു. മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് വോട്ടിംഗ് ഫണ്ട് നിർത്തലാക്കിയതെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം വിമർശനം കടുപ്പിച്ചിട്ടുണ്ട്. രാജ്യത്തിന് നഷ്ടം സംഭവിക്കുന്നതിൽ പ്രതിപക്ഷത്തിന് സന്തോഷമാണോയെന്ന് ചോദിച്ച ബി ജെ പി നേതാക്കൾ, വിദേശകാര്യത്തിലെ ബാഹ്യ ഇടപെടലാണ് പിന്നിലെന്നും വിമർശിച്ചു.
അതിനിടെ അമേരിക്കയിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൈയിലും കാലിലും വിലങ്ങണിയിച്ചാണ് വീണ്ടും എത്തിച്ചതെന്ന് മടങ്ങിയെത്തിയ യുവാവ് വെളിപ്പെടുത്തിയതോടെ അക്കാര്യത്തിലും മോദിയുടെ അമേരിക്കൻ സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു എസ് സന്ദർശനത്തിൽ, ഇന്ത്യക്കാരെ കെട്ടിയിട്ട് അപമാനിച്ച വിഷയം ട്രംപിനോട് പറഞ്ഞില്ല എന്നത് വ്യക്തമായെന്നാണ് ജയ്റാം രമേശ് പ്രതികരിച്ചത്. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് വീരവാദം അടിക്കുന്നത് ഭീരുക്കളെന്നും അദ്ദേഹം പരിഹസിച്ചു.