ദില്ലി : അമേരിക്കയിൽ നിന്ന് നാടുകടത്തിയവരുമായി ഒരു വിമാനം കൂടി ഇന്ന് അമൃത്സറിലെത്തും. ഇന്ന് രാത്രിയെത്തുന്ന വിമാനത്തിൽ 150 ഓളം പേരുണ്ടെന്നാണ് വിവരം. ഇന്നലെ അമേരിക്കൻ സൈനിക വിമാനത്തിൽ എത്തിച്ചവരെ വിലങ്ങുവച്ചിരുന്നില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. രണ്ടു വിമാനങ്ങൾ കൂടി അമേരിക്ക ഈയാഴ്ച അയക്കുമെന്നാണ് സൂചന.
116 പേരുമായി അമേരിക്കൻ സൈനിക വിമാനം ഇന്നലെ പതിനൊന്നരയ്ക്കാണ് അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങിയത്. അമേരിക്ക നാടുകടത്തിയവരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും കേന്ദ്രമന്ത്രി രവിനീത് സിംഗ് ബിട്ടുവും വിമാനത്താവളത്തിൽ ഇവരെ സ്വീകരിക്കാൻ ഉണ്ടായിരുന്നു. തിരിച്ചെത്തിയവരിൽ 65 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നുള്ളവരും. ഗുജറാത്ത്, യുപി, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരും വിമാനത്തിലുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് അമേരിക്കൻ സി17 സൈനിക വിമാനം അമൃത്സറിൽ ഇറങ്ങുന്നത്.
ആദ്യ വിമാനത്തിൽ കൊണ്ടു വന്നവരെ വിലങ്ങും ചങ്ങലയും ഇട്ടത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. അമേരിക്കയെ ഇതിൽ ആശങ്ക അറിയിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്നലെ എത്തിച്ചവരാരും വിലങ്ങും ചങ്ങലയും ഇട്ടുവെന്ന് പരാതി പറഞ്ഞിട്ടില്ല. ആകെ 487 ഇന്ത്യക്കാരുടെ പട്ടികയാണ് അമേരിക്ക നാടുകടത്തലിന് തയ്യാറാക്കിയത്. ഇവരെ സ്വീകരിക്കും എന്ന് പ്രസിഡൻറ് ട്രംപുമായുള്ള ചർച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈയാഴ്ച രണ്ടു വിമാനങ്ങൾ കൂടി ഇന്ത്യയിലെത്തുമെന്നാണ് സൂചന.
പുണ്യനഗരമായ അമൃത്സറിൽ നാടുകടത്തിയവരെ ഇറക്കുന്നത് പഞ്ചാബിനെ അപമാനിക്കാനെന്ന് ഇന്നലെ ഭഗവന്ത് മാൻ കുറ്റപ്പെടുത്തി. അമേരിക്കൻ കോൺസുലേറ്റ് ഉള്ള നഗരങ്ങളിൽ ഇവരെ ഇറക്കരുത് എന്ന നിബന്ധന അമേരിക്ക വച്ചു എന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ പഞ്ചാബിൽ നിന്നുള്ളവരുടെ എണ്ണം കൂടുതലായതു കൊണ്ടാണ് അമൃത്സറിൽ ഇറക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.