‘വികസനത്തിനായി നടത്തുന്ന സംയുക്ത നീക്കങ്ങളെ പ്രശംസിക്കുന്നു’; വിവാദങ്ങൾക്ക് പിന്നാലെ പിണറായിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ശശി തരൂര്‍

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തി ശശിതരൂര്‍ എംപി. അടുത്തിടെ കോൺഗ്രസിലുൾപ്പെടെ ഉണ്ടായ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ പോക്ക്. ഇതിനെയൊക്ക പേരില്‍ പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതൊന്നും താന്‍ കണക്കാക്കുന്നില്ല എന്ന രീതിയില്‍ മുഖ്യമന്ത്രിക്കൊപ്പമുളള സെല്‍ഫി തന്നെ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് തരൂര്‍.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പമുള്ള സെല്‍ഫിയും തരൂർ പോസ്റ്റ് ചെയിതിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാര്‍ക്കായി ഗവര്‍ണര്‍ ഡല്‍ഹിയില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതിനിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ വികസനത്തിനായി നടത്തുന്ന സംയുക്ത നീക്കങ്ങളെ പ്രശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീട് യാഥാർത്ഥ്യമാകുന്നു; ജലനിരപ്പ് ഉയരുന്നതിനനുസരിച്ചു വീടും ഉയരുമെന്ന് നിർമ്മാതാക്കൾ

0

ആലപ്പുഴ: വെള്ളപ്പൊക്കത്താൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ആ​ദ്യ ഫ്ലോട്ടിങ് വീട് നിർമ്മാണം അവസാന ഘട്ടത്തിൽ. കാലാവസ്ഥ വ്യാതിയാനങ്ങളെ അതീജിവിക്കുന്ന തരത്തിലാണ് ഇതി​ന്റെ രൂപകല്‍പ്പന. മങ്കൊമ്പ് ചെറിയമഠത്തിൽ വരുൺ രാമകൃഷ്ണനുവേണ്ടിയാണ് ഈ ഫ്ലോട്ടിങ് വീട് നിർമ്മിക്കുന്നത്. രാജ്യത്തെ ആദ്യ ഫ്ലോട്ടിങ് സോളർ യൂണിറ്റ് ഉൾപ്പെടെ നിർമ്മിച്ച ട്രാൻസ്‍ബിൽഡ് ഡ്വെലിങ് എന്ന സ്ഥാപനമാണ് കുട്ടനാട്ടിലെ ആദ്യ ഫ്ലോട്ടിങ് വീടും നിർമ്മിക്കുന്നത്. ഉള്ളു പൊള്ളയായ അടിത്തറയും കനം കുറഞ്ഞ ഭിത്തികളും മേൽക്കൂരയുമാണ് വീടിനെ ഫ്ലോട്ട് ചെയ്യാൻ സഹായിക്കുന്നത്.

ഇതുമൂലം ജലനിരപ്പ് ഉയരുന്നതിനനുസരിച്ചുവീടും ഉയരുമെന്നു നിർമ്മാതാക്കൾ പറയുന്നു. ജലനിരപ്പ് താഴുന്നതിനനുസരിച്ചു വീട് താഴ്ന്നുവന്ന് അതേ സ്ഥാനത്തിരിക്കും. വശങ്ങളിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ നാലുവശത്തും ആങ്കർ സ്ഥാപിക്കും. അടിത്തറയ്ക്കു ഫെറോസിമന്റും ഭിത്തികൾക്ക് ഇപിഎസ് പാനലും മേൽക്കുരയ്ക്കു ലാറ്റക്സ് കോൺക്രീറ്റുമാണ് ഉപയോഗിക്കുന്നത്. മണ്ണ് നിരപ്പാക്കി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിനു മുകളിലാണ് 1.2 മീറ്റർ ഉയരമുള്ള അടിത്തറ നിർമിച്ചത്. ഫെറോസിമന്റ് ഉപയോഗിച്ചു നിർമിക്കുന്ന അടിത്തറയുടെ ഉള്ളിൽ പൊള്ളയായ 74 അറകൾ.

90 മില്ലിമീറ്റർ കനമുള്ള തെർമോകോളിനു പുറത്ത് ഫെറോസിമന്റ് ഉപയോഗിച്ചാണ് ഭിത്തി. മേൽക്കൂര നിർമിക്കാൻ ഉപയോഗിക്കുന്ന ലാറ്റക്സ് കോൺക്രീറ്റിലെ ഗ്രാഫീന്റെ സാന്നിധ്യം ചൂടിനെ പ്രതിരോധിക്കും. വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ 10 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കുറവായിരുന്നുമെന്നു നിർമാതാക്കൾ പറയുന്നു. ഒരു ചതുരശ്ര അടിക്ക് 3000–3500 രൂപ വരെയാണ് നിർമാണച്ചെലവ്. 1100 ചതുരശ്ര അടിയുള്ള വീട്ടിൽ ശുചിമുറിയോടു കൂടിയ രണ്ട് കിടപ്പുമുറികൾ, ഹാൾ, അടുക്കള വർക്ക് ഏരിയ എന്നിവയുണ്ട്. ട്രാൻസ്ബിൽഡ് ഡ്വെലിങ് എംഡിയും മങ്കൊമ്പ് സ്വദേശിയുമായ എം ആർ നാരായണനാണ് ഈ നിർമ്മാണരീതി വികസിപ്പിച്ചെടുത്തത്.

ജനറൽ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൽ കയറാൻ ഇനി പറ്റില്ല; പുതിയ നിയമം ഇങ്ങനെ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

0

ട്രെയിൻ യാത്രകൾ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരിക്കും. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാൽ നേരെ റെയിൽവേ സ്റ്റേഷനിൽ ചെന്ന് ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവ് രീതിയാണ്. ദിവസേന നിരവധി ആളുകളാണ് ഇങ്ങനെ ജനറൽ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര നടത്തുന്നത്. എന്നാൽ, ഈ വിഭാഗം യാത്രക്കാരെ സങ്കടത്തിലാക്കുന്ന വാർത്തയാണ് ഇപ്പോൾ ഇന്ത്യൻ റെയിൽവേ പുറത്തു വിട്ടിരിക്കുന്നത്. ജനറൽ ടിക്കറ്റ് മാർ​ഗനിർദേശങ്ങളിലാണ് റെയിൽവേ മുഖ്യമായും ഇപ്പോൾ
മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. അതിനാൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ജനറൽ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൻ്റെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന രീതി ഇനി നടക്കില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇനി മുതൽ ജനറൽ ടിക്കറ്റുകൾ എടുത്താൽ കയറേണ്ട ട്രെയിനും ടിക്കറ്റുകളിൽ രേഖപ്പെടുത്തി നൽകും. ആ ട്രെയിനിൽ മാത്രമേ ഇനി ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് നിർദേശം. കൂടാതെ ജനറൽ ടിക്കറ്റുകൾക്ക് സമയപരിധിയും ഉണ്ടായിരിക്കും. ജനറൽ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ആരംഭിച്ചിരിക്കണം. ഇല്ലെങ്കിൽ ടിക്കറ്റ് അസാധുവാകുമെന്ന് ആണ് നിയമത്തിൽ പറയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, നിങ്ങൾ യാത്ര ചെയ്യേണ്ട ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റ് അസാധുവാകും.

നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളും ആരംഭിക്കും. അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട യാത്രാ സൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർ​ഗനിർദേശങ്ങളിൽ റെയിൽവേ സമഗ്രമായ അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നാണ് സൂചന.

ഇതാണ് വിപ്ലവകരമായ മാറ്റം; പൂങ്കാവ് ഇടവകയിൽ കൈക്കാരന്മാർക്കിടയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വനിതയും

0

ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരുടെ സ്ഥാനത്തേക്ക് സാധാരണയായി തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി തുടർന്ന് പോരുന്ന രീതിയും ഇത് തന്നെയായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ചരിത്രത്തിൽ തന്നെ രേഖപ്പെടുത്താവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് പൂങ്കാവ് ഇടവക. പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിൽ മൂന്നുകൈക്കാരരിൽ ഒരാൾ വനിതയാണ്. പള്ളിയിൽ പുതിയ കൈക്കാരൻമാരെ തെരഞ്ഞെടുക്കുന്ന ചടങ്ങിലാണ് രണ്ട് പുരുഷന്മാർക്കൊപ്പം ഒരു വനിതയും തെരഞ്ഞെടുക്കപ്പെട്ടത്. പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) ആണ് ചുമതലയേറ്റ വനിത. കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ. പള്ളിക്കത്തയ്യിൽ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നീ രണ്ട് കൈക്കാരൻമാർക്കൊപ്പം സുജയും സത്യപ്രതിജ്ഞ ചെയ്തു.

പള്ളി വികാരിയായ ഫാ. സേവ്യർ ചിറമേലാണ് കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തെരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് നിർദേശിച്ചത്. അജപാലകസമിതിയുടെ ഈ തീരുമാനത്തിന് രണ്ടാഴ്ച മുൻപ് കൊച്ചി രൂപതയിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്തു. പള്ളിയുടെ സാമ്പത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും വികാരിയച്ചനെ സഹായിക്കുകയെന്നതാണ് കൈക്കാരരുടെ ജോലി. ലാഭേച്ഛ കൂടാതെ സേവനമായി ചെയ്യേണ്ട ഈ ചുമതല രണ്ടുവർഷത്തേക്കാണ് ലഭിക്കുക. പള്ളിയിലെ 24 അംഗ അജപാലകസമിതിയിൽ മറ്റ് മൂന്ന് സ്ത്രീകളുമുണ്ട്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ

തൃശൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്.

വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

തൃശൂർ ഗുരുവായൂരിലാണ് സംഭവം. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.

പൊലീസ് കേസെടുത്തതിന് പിന്നാലെ  പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ

തൃശൂര്‍: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്.

വിവാഹം കഴിഞ്ഞത് മറച്ചുവെച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

തൃശൂർ ഗുരുവായൂരിലാണ് സംഭവം. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി.

പൊലീസ് കേസെടുത്തതിന് പിന്നാലെ  പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

‘ബ്ലഡ്‌ മൂണ്‍’ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പ്

0

ദുബൈ: അത്യാകർഷണമായ ആകാശ വിസ്മയത്തിന് സാക്ഷിയാകാൻ ലോകം ഒരുങ്ങുകയാണ്. മാർച്ച് 14ന് ആകാശത്ത്  ‘രക്ത ചന്ദ്രന്‍’ അഥവാ ‘ബ്ലഡ്‌ മൂണ്‍’ ദൃശ്യമാകും. പൂർണ്ണ ചന്ദ്രഗ്രഹണ സമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബം കാണാൻ ലോകം മുഴുവനും കാത്തിരിക്കുകയാണ്. നിർഭാ​ഗ്യവശാൽ യുഎഇയിലെ താമസക്കാർക്ക് ബ്ലഡ്‌ മൂണ്‍ പ്രതിഭാസം നേരിട്ട് കാണാൻ കഴിയില്ലെന്നാണ് ദുബൈ അസ്ട്രോണമി ​ഗ്രൂപ്പ് അറിയിച്ചത്. എന്നാൽ, ടൈം ആൻഡ് ഡേറ്റ് യുട്യൂബ് ചാനലിന്റെ ലൈവ് ബ്രോഡ്കാസ്റ്റ് വഴി ആകാശ നിരീക്ഷകർക്ക് അത്ഭുത പ്രതിഭാസം കാണാവുന്നതാണ്.

വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ജനങ്ങൾക്ക് ഈ പ്രതിഭാസത്തിന്‍റെ ഏറ്റവും മികച്ച കാഴ്ച കാണാൻ സാധിക്കും. നാസയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ അർദ്ധഗോളത്തിലെ മറ്റ് ചില പ്രദേശങ്ങളിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രഗ്രഹണം ദൃശ്യമാകും. 2022 നവംബറിന് ശേഷമുള്ള ആദ്യ ബ്ലഡ്‌ മൂണാണ് വരാനിരിക്കുന്ന ചന്ദ്രഗ്രഹണം. എങ്കിലും, ആഗോള ജനസംഖ്യയുടെ 13 ശതമാനം പേർക്ക് മാത്രമേ ഈ ഗ്രഹണം കാണാൻ കഴിയൂ. ഓസ്‌ട്രേലിയ, യൂറോപ്പ്, ആഫ്രിക്കയുടെ ഭൂരിഭാഗവും, വടക്കൻ, തെക്കേ അമേരിക്ക, പസഫിക്, അറ്റ്ലാന്റിക് ആർട്ടിക് സമുദ്രം, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ നഗരങ്ങളിൽ ഇത് കാണപ്പെടും.

വയനാട് നെല്ലിമുണ്ടയിൽ തേയില തോട്ടത്തിൽ പുലി?

വയനാട്: വയനാട് നെല്ലിമുണ്ട ഒന്നാം മൈലിൽ തേയില തോട്ടത്തിൽ പുലിയെ കണ്ടെത്തിയെന്ന് റിപ്പോർട്ട്. മരം കയറുന്ന പുലിയുടെ ദൃശ്യം പുറത്ത് വന്നു.

പുലിയെ  കണ്ട പശ്ചാത്തലത്തിൽ വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടില്ല.

പ്രദേശവാസികളാണ് ദൃശ്യം പകർത്തിയത്. ഈ മേഖലയിൽ നേരത്തെയും പുലി സാന്നിധ്യമുള്ള പ്രദേശമാണ്. ഇതിൻറെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുലിക്കായി കൂടുവെച്ചിട്ടുണ്ട്. 

കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

0

കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനിൽ സ്പോര്‍ട്സ് ക്ലബ്ബില്‍ തീപിടിത്തം. ​ഖൈത്താ​നി​ലെ സ്പോ​ർ​ട്സ് ക്ല​ബി​ലെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മു​റി​ക​ളി​ലാണ് തീ​പി​ടി​ത്തം. 

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ഉണ്ടായത്. ഫ​ർ​വാ​നി​യ,സു​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നിശമന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ: നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ഏറ്റുമാനൂർ അമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

ഏറ്റുമാനൂർ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് നോബിയെ പൊലീസ് അറസ്റ്റ് ചെയ്തത്.  പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതി ജാമ്യത്തിലിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

പാറോലിക്കൽ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. പിന്നാലെ നോബിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നോബിയുടെയും ഷൈനിയുടെയും മൊബൈൽ ഫോണുകളാണ് കേസിലെ പ്രധാന തെളിവുകൾ. ഇവ രണ്ടിന്റെയും ശാസ്‌ത്രീയ പരിശോധനാ ഫലം പുറത്തുവരേണ്ടതുണ്ട്. 

എന്‍റെ തല എന്‍റെ  മരുമകൻ! മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.

എന്‍റെ തല എന്‍റെ  മരുമകൻ എന്ന സമീപനം ആണ്‌ ദേശീയ പാതയുടെ കാര്യത്തിൽ അടക്കം മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജ പ്രചരണം അവസാനിപ്പിച്ച് കേരളത്തോട് മാപ്പ് പറയാൻ പിണറായി തയ്യാറാകണം.

സംസ്ഥാന സർക്കാരിന്‍റെ  ഭരണ പരാജയം മറക്കാൻ കേന്ദ്രത്തെ പഴി ചാരുന്നു. ആശകളുടെ സേവന വേതനത്തിൽ പച്ചക്കള്ളം പറയുന്നു. ആശ വർക്കർമാരുമായി ഒരു ചർച്ചക്കും മുഖ്യ മന്ത്രി തയ്യാറാകുന്നില്ല. കേന്ദ്രം നൽകാനുള്ളത്എല്ലാം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്‌ കൂടുതൽ സഹായം കേരളത്തിന്‌ കിട്ടണം. അത് ചോദിക്കുന്നതിൽ തെറ്റില്ല. അതിനു പകരം കേരളത്തെ ഞെക്കി പിഴിയുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

ഇലോൺ മസ്ക്കിന്റെ സ്പെയ്സ്‌ എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ.സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് കരാർ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാര്‍ലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. ലോകോത്തര നിലവാരമുള്ള ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് എല്ലായിടത്തും എത്തിക്കാനാണ് ശ്രമം എന്ന് എയർടെലിന്റെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയർമാനുമായ ഗോപാൽ വിറ്റൽ പറഞ്ഞു.

കഴിഞ്ഞ വർഷമായിരുന്നു സ്പെയ്സ്‌ എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി യു എസിൽ വെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. സ്റ്റാര്‍ലിങ്ക് ഇതിനകം 56-ലധികം രാജ്യങ്ങളിലേക്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്. സ്ട്രീമിംഗ്, ഓണ്‍ലൈന്‍ ഗെയിമിംഗ്, വീഡിയോ കോളുകള്‍ എന്നിവയും മറ്റും പിന്തുണയ്ക്കാന്‍ കഴിവുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിന് ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാര്‍ലിങ്ക്.

ശസ്ത്രക്രിയക്കിടെ കുടലിന് മുറിവേറ്റു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗർഭപാത്രം നീക്കം ചെയ്ത മധ്യവയസ്‌ക മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപണം

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധു ലിബിൻ പറഞ്ഞു.

യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി ഡോക്ടർമാർ സംശയിച്ചിരുന്നു. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ബന്ധു പറയുന്നു.

ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് സംഭവത്തിൽ റിപ്പോർട്ട് തേടി. ഗൈനക്കോളജി വിഭാഗം മേധാവിയോടാണ് റിപ്പോർട്ട് തേടിയത്.
അന്വേഷത്തിന് ശേഷം പ്രതികരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 360 രൂപ കൂടി ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 64,520 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8020 രൂപയാണ്.

ഈ മാസം അഞ്ചിന് റെക്കോര്‍ഡ് വിലയായ 64,520 രൂപയിലെത്തിയെങ്കിലും വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന സൂചന നല്‍കി അതേ പോയിന്റില്‍ തന്നെ വില എത്തിയിരിക്കുകയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

കളമശേരിയിൽ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കൊച്ചി: കളമശേരിയിലെ സ്കൂളിലെ 2 വിദ്യാർഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയിലുള്ള മൂന്ന് കൂട്ടികളുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും. 

എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാർഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടർന്ന് പ്രവേശിപ്പിച്ചത്. 

ശനിയാഴ്ച മുതലാണ് വിദ്യാർഥികൾക്കു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

ഭക്ഷണത്തിലൂടെയും വായുവിലൂടെയുമാണു രോഗം പകരുന്നത് എന്നതിനാൽ ഇതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയും മാസ്ക് ധരിക്കുകയും വേണം.