ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക മാറ്റി; നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ

ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കി. ഹിമാചൽ രാജ്ഭവനിൽ നിന്നാണ് പതാക നീക്കിയത്. ഷിംലയിലെ രാജ്ഭവനിലെ ചരിത്രപ്രസിദ്ധമായ മേശപ്പുറത്ത് വച്ചിരുന്ന പാകിസ്താൻ പതാക വെള്ളിയാഴ്ച നീക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുന്നു

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് നീക്കം. ചൊവ്വാഴ്ച പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല ചെയ്യപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച നടപടികളോടുള്ള പ്രതികരണമായാണ് ഷിംല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ പാകിസ്താൻ തീരുമാനിച്ചത്.

1972 ജൂലൈ 2, 3 തീയതികളിലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും കരാറിൽ ഒപ്പുവച്ചത്. കരാർ ഒപ്പിടാൻ സാക്ഷ്യം വഹിച്ച തിളങ്ങുന്ന മരമേശ ഹിമാചൽ പ്രദേശ് രാജ്ഭവനിലെ കീർത്തി ഹാളിൽ ചുവന്ന നിറമുള്ള പ്ലാറ്റ്‌ഫോമിൽ സൂക്ഷിച്ചിരിക്കുന്നു. അതിൽ “സിംല കരാർ ഇവിടെ ഒപ്പുവച്ചത് 3-7-1972 നാണ്” എന്ന് എഴുതിയിരിക്കുന്നുവെന്ന് PTI റിപ്പോർട്ട് ചെയ്തു. പാകിസ്താൻ പതാക എപ്പോൾ നീക്കം ചെയ്തുവെന്ന് വ്യക്തമല്ലെങ്കിലും, പതാക “മേശപ്പുറത്തുണ്ടായിരുന്നില്ല” എന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

അതേസമയം ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അനുവദിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. വാഗാ അതിർത്തി അടക്കാനും പാകിസ്താൻ തീരുമാനിച്ചു. ഷിംല കരാർ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തി വയ്ക്കാനും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു

ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പാകിസ്താൻ റദ്ദാക്കി. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി കുറച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്താൻ അറിയിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

കാനത്തെ മറന്ന് സിപിഐ; ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം

0

തിരുവനന്തപുരം: മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മറന്ന് സിപിഐ. സിപിഐ ദേശീയ കൗൺസിലിന്റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം. ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം പറയുന്നു. ഇന്നലെ നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാം​ഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു. അസൗകര്യം ഉള്ളതുകൊണ്ട് ആണ് വരാഞ്ഞതെന്ന പ്രസ്താവന തെറ്റാണ്. പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. 

ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറങ്ങി സർക്കാർ

കൊച്ചി: ഐടി പാർക്കുകളിൽ ഇനിമുതൽ മദ്യം വിളമ്പാം. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി സർക്കാർ. ജീവനക്കാർക്ക് മാത്രമാണ് മദ്യം നൽകുക എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഔദ്യോഗിക അതിഥികൾക്ക് മദ്യം നൽകാൻ പ്രത്യേക അനുമതി വേണം എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 10 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഒരു ഐടി പാർക്കിൽ ഒരു മദ്യശാലയെന്നതാണ് നിബന്ധന.

ഉച്ചക്ക് 12 മുതൽ രാത്രി 12 വരെയായിരിക്കണം പ്രവർത്തി സമയം. ഐടി പാർക്കുകളിൽ മദ്യശാലയ്ക്ക് അനുമതി നൽകാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. നിയമസഭ സമിതിയും തീരുമാനത്തിന് നേരത്തെ അംഗീകാരം നൽകിയിരുന്നു.

തൃശ്ശൂർ വാടാനപ്പള്ളിയിൽ വയോധിക ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ വാടാനപ്പള്ളി നടുവിൽക്കരയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരനേയും (82) ഭാര്യ കുഞ്ഞിപ്പെണ്ണിനേയും (72)  ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അതേസമയം കുഞ്ഞിപ്പെണ്ണ് കിടപ്പു രോഗി ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

മേപ്പാടിയില്‍ കാട്ടാന കൂട്ടത്തെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്

മേപ്പാടി: എരുമകൊല്ലിയില്‍ കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറങ്ങി. ഉപാധികളോടെയാണ് ഉത്തരവ്. ആദ്യഘട്ടത്തില്‍ കുംകികളെ വെച്ച് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തും.

ഇത് വിഫലമായാല്‍ മയക്കുവെടി വെച്ച് പിടികൂടും. മൂന്ന് സംഘങ്ങളായി കാട്ടാനകളെ ഉള്‍ക്കാട്ടിലേക്ക് തുരുത്താനുളള ശ്രമം തുടരുന്നുവെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് കുങ്കിയാനകളെയും ഉപയോഗിക്കും. കാട്ടാനക്കൂട്ടത്തില്‍ ഏത് ആനയാണ് അറുമുഖനെ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ജനവാസ മേഖലയില്‍ ആന തുടര്‍ന്നാല്‍ മയക്കുവെടി വെയ്ക്കും.

വനാതിര്‍ത്തിയില്‍ തൂക്ക് വേലി നിര്‍മാണത്തിന് കരാര്‍ നല്‍കിയിരുന്നു ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രശ്‌നങ്ങള്‍ കുറേയേറെ പരിഹരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ നാളെ 1 ട്രെയിൻ സർവ്വീസ് പൂർണമായും 2 ട്രെയിൻ ഭാഗികമായും റദ്ദാക്കും; 4 ട്രെയിനുകൾ വഴി തിരിച്ചുവിടും


തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് അറിയിച്ചു ഇന്ത്യൻ റെയിൽവേ. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും റെയിൽവേ അറിയിച്ചു.

പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ

1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ

1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

2) ഏപ്രിൽ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

3) ഏപ്രിൽ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

4) ഏപ്രിൽ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും.  മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1) 2025 ഏപ്രിൽ 26 ന് മധുര ജംക്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംക്ഷൻ – ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംക്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

2). ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര ജംക്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

അതിദാരുണം; ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ചെന്നൈ: ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചതായി റിപ്പോർട്ട്. ഡാമിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.

സവിത ഫിസിയോതെറാപ്പി കോളേജിലെ നാലാം വർഷ വിദ്യാർത്ഥികളാണ് മരിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ബെംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചതായി റിപ്പോർട്ട്. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്.

1994 മുതൽ 2003 വരെ 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ ആയിരുന്നു അദ്ദേഹം.

ശാഖകുമാരി വധക്കേസ്; ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരം ശാഖകുമാരി വധക്കേസിൽ പ്രതിയായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും.  2020 ഡിസംബർ മാസം 26ന് പുലർച്ചെ  മധ്യവയസ്കയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

വിവാഹം വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്ക് താമസിരുന്ന ശാഖാകുമാരി ചെറുപ്പകാരനായ അരുണുമായി പ്രണയത്തിലായതിന് പിന്നാലെയായിരുന്നു വിവാഹം. ഇലക്ട്രീഷ്യൻ ആയിരുന്നു അരുൺ.

ധനികയായ ശാഖാകുമാരിക്ക് തൻറെ സ്വത്തുകൾക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണമെന്ന ആഗ്രഹമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്.

2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വിവാഹം രഹസ്യമാക്കാനായിരുന്നു അരുൺ ശ്രമിച്ചത്. വിവാഹത്തിന് മുമ്പേ തന്നെ അരുൺ പണം വാങ്ങിയതിനൊപ്പം കാർ, ബൈക്ക് എന്നിവ ശാഖാകുമാരിയുടെ പണം ഉപയോഗിച്ച് വാങ്ങി ആഡംബര ജീവിതം നയിച്ചുപോന്നു.

കുട്ടികൾ വേണമെന്ന ശാഖാകുമാരിയുടെ ആഗ്രഹവും ഭാര്യയുടെ പ്രായകൂടുതലും അരുണിനെ കൊല നടത്താൻ പ്രേരിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ശാഖാകുമാരിയെ തെളിവില്ലാതെ കൊലപ്പെടുത്തി നിയമപരമായ ഭർത്താവെന്ന നിലയിൽ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുൺ ലക്ഷ്യമിട്ടിരുന്നത്. 

സാമൂഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ

ഡൽഹി:  ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന സമർപ്പിച്ച 24 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറെ   ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏപ്രിൽ 23ന് മേധ പട്കറിനോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടെങ്കിലും അവർക്ക് അതിനു കഴിഞ്ഞിരുന്നില്ല. മേധാ പട്കർ വിഡിയോ കോളിലൂടെ വാദം കേൾക്കലിൽ പങ്കെടുത്തു.

എന്നാൽ, നേരിട്ട് വരാതിരുന്നതും ശിക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതുമായ അവരുടെ തീരുമാനം മനഃപൂർവം കോടതി നടപടികളിൽ നിന്നുള്ള ഒഴിഞ്ഞു മാറ്റമായി തോന്നിയെന്ന് കോടതി വിമർശിച്ചു.

ഈ അസാന്നിധ്യത്തെ സെഷൻസ് കോടതി കർശനമായി നിരീക്ഷിക്കുകയും മുൻ ശിക്ഷാ ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ വിട ചൊല്ലി രാജ്യം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന് നാടിന്റെ വിട ചൊല്ലി രാജ്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചത്.

ഗവർണർ രാജേന്ദ്ര ആർലേക്കർ അടക്കം ഒട്ടേറെ നേതാക്കളും ജനപ്രതിനിധികളും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിന് സാധാരണക്കാരും ആദരം അർപ്പിക്കാനെത്തിയിരുന്നു. മകൾ ആരതി, മകൻ അരവിന്ദ്, ഭാര്യ ഷീല എന്നിവർ രാമചന്ദ്രന്റെ മൃതദേഹത്തിൽ ആദരം അർപ്പിച്ചത് കണ്ടുനിന്നവരെ പോലും ദുഖത്തിലാക്കി.

ഉച്ചയ്ക്ക് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് എൻ രാമചന്ദ്രന്റെ സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നിർദേശം നൽകി.

കൊടും ചൂട്; സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാദ്ധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. മുൻകരുതലിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം താപനില ഉയരുന്നതും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്‌ക്ക് സാദ്ധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാവിലെ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1396 കോടി രൂപകൂടി അനുവദിച്ചു; റോഡ് പരിപാലനത്തിന് ഉൾപ്പെടെ വിനിയോഗിക്കാം

0

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1396 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ മെയിന്റനൻസ്‌ ഗ്രാന്റ്‌ ഒന്നാം ഗഡുവാണ്‌ അനുവദിച്ചത്‌.

ആകെ തുകയിൽ ഗ്രാമ പഞ്ചായത്തുകൾക്ക്‌ 878 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകൾക്ക്‌ 165 കോടി രൂപയുണ്ട്‌. മുൻസിപ്പാലിറ്റികൾക്ക്‌ 194 കോടി രൂപയും, കോർപറേഷനുകൾക്ക്‌ 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകൾ ഉൾപ്പെടെയുള്ള ആസ്‌തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.

ഈ മാസം ആദ്യം 2228 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചിരുന്നു. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപയും, ഉപാധി രഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഒരു മാസത്തിനുള്ളിൽ 3624 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ നീക്കിവച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പ്രധാന പദ്ധതി പ്രവർത്തനങ്ങളിലേക്കും കടക്കാൻ ഇത്‌ സഹായകമാകും.

സൗദിയിൽ മലയാളി കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ദഹ്റാൻ റോഡിലെ ഗൾഫ് പാലസിന് സമീപം നിർമാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് കോഴിക്കോട് സ്വദേശി പുതിയ പന്തക്കലകത്ത് അബ്ദുൽ റസാഖ് മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ജോലിയുടെ ഭാഗമായി നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിലെത്തിയ അബ്ദുൽ റസാഖ് അബദ്ധത്തിൽ കെട്ടിടത്തിൽ നിന്നും വഴുതി വീഴുകയായിരുന്നു.

പരേതനായ മൊയ്‌തീൻ വീട്ടിൽ അബ്ദുള്ള കോയയുടെയും, പുതിയ പന്തക്കലകത്ത് കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പുതിയ പൊന്മാണിച്ചിന്റകം കുഞ്ഞു. മക്കൾ: അബ്ദുള്ള (റിയാദ്), ഹസ്ന (ദമ്മാം), ഡോ. അഹലാം (പാലക്കാട്‌), അഫ്നാൻ (യു. എസ്), മരുമക്കൾ: പുതിയ മാളിയേക്കൽ യാസ്സർ (റിയാദ് ), ഡോ. ദലീൽ, ഐബക്ക് ഇസ്മായിൽ, അൻസില താജ്. സഹോദരങ്ങൾ : പി.പി. അബ്ദുൽ കരീം, റുഖിയ, ഫാത്തിമ, ഹാജറ, റൗമ, റാബിയ, ആമിനബി. 

ഖബറടക്കം സമയം പിന്നീട് അറിയിക്കുമെന്നും നിയമ നടപടിക്രമങ്ങൾ നടന്ന് വരുന്നതായി ബന്ധുക്കൾ അറിയിച്ചു. മൃതദേഹം ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപതിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദമ്മാമിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ്.

പി.വി അൻവർ മുസ്‍ലിം ലീഗ് നേതാക്കളുമായി ഇന്ന്  കൂടിക്കാഴ്ച നടത്തിയേക്കും

മലപ്പുറം:  പി.വി അൻവർ ഇന്ന് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. യുഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പി.വി അൻവർ ലീഗ് നേതാക്കളെ കാണുന്നത്.

പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പി.വി അൻവർ.

യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്ന് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.