സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായിരിക്കുന്ന ഒന്നാണ് മിൽക്ക് എടിഎം. പാൽ തരുന്ന എടിഎമ്മിന്റെ വീഡിയോ @hugh.abroad’ എന്ന ട്രാവൽ വ്ലോഗർ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പങ്കുവച്ചിരുന്നു. മൂന്നാറിലാണ് പാൽ തരുന്ന എടിഎം ഉള്ളത്.
ഈ എടിഎമ്മിൽ 1 ലിറ്റർ പാലിന്റെ വില 52 രൂപയാണ്. മെഷീനിൽ പെെസ ഇട്ട് കൊടുത്ത ശേഷം ബട്ടൺ അമർത്തി കഴിഞ്ഞാൽ ഉടൻ തന്നെ പാൽ കിട്ടും. നിങ്ങൾ പാൽ വാങ്ങാൻ പോകുമ്പോൾ പാത്രമോ കുപ്പിയോ കൊണ്ട് പോകാൻ പ്രത്യേകം ശ്രദ്ധിക്കണം.
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ മൊഴിയെടുത്തു.
വിജയൻ കെപിസിസി അധ്യക്ഷന് എഴുതിയ കത്തിലെ വിവരങ്ങളാണ് ചോദിച്ചത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനില്ലെന്നും ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫ് പ്രതികരിച്ചു.
കണ്ണൂർ നടാലിലെ വീട്ടിലെത്തിയാണ് ബത്തേരി ഡിവൈഎസ്പിയും സംഘവും മൊഴി എടുത്തത്.
എൻ എം വിജയന്‍റെ ആത്മഹത്യാ കേസില്‍ വയനാട് ഡിസിസി ഓഫീസിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയിരുന്നു.
മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. ഡൽഹിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിയാണ് ചോദ്യം ചെയ്തത്.
മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്യാൻ എത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് തഹാവൂർ റാണ ഉള്ളത്.
കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാനായി ഡൽഹിയിൽ എത്തിയത്.
മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്നാണ് റാണ മുംബൈ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്.
പരിചയക്കാരെ കാണാനാണ് ദില്ലിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണയുടെ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കും.
കോഴിക്കോട്: നടന്‍ മാമുക്കോയയുടെ ഓർമ്മകള്‍ക്ക് ഇന്ന് രണ്ട് വയസ്. അനശ്വരമാക്കിയ വേഷങ്ങളിലൂടെയും പങ്കുവച്ച നിലപാടുകളിലൂടെയും മാമുക്കോയ ഇന്നും ആരാധകരുടെ മനസില്‍ ജീവിക്കുന്നു.
“ചരിത്രം ന്നു പറഞ്ഞാല് ങ്ങള് പറയ്ന്നത് പോലെ യുദ്ധങ്ങള് മാത്രല്ല. മനുഷ്യന്മാരുടെ പാട്ടുകളും ദേശകഥകളും ഒക്കെ ചരിത്രം തന്നെ. വെറുതേങ്കിലും ഓര്‍ത്തുനോക്കീന്ന്.ണ്ടാവും പഹയാ.ങ്ങളെന്നെ വല്യൊരു ചരിത്രാണ്.ഓരോ ആളും ഓരോ ചരിത്രാണ്” ഒരിക്കല്‍ മാമുക്കോയ പറഞ്ഞത് തന്നെയാണ് ആ ജീവിതത്തിന്റേയും അടയാളം. ഒരുവലിയ ചിരിയായിരുന്നു മാമുക്കോയക്ക് ജീവിതം.
കോഴിക്കോടിന്റെ എല്ലാ നന്‍മകളും, രുചികളും ചങ്ങാത്തവും ഫുട്ബോളും തന്നിലേക്ക് ആവാഹിച്ച മനുഷ്യന്‍. പകല്‍ കൂപ്പിലെ പണിയും രാത്രിയില്‍ നാടകങ്ങളുമായി കോഴിക്കോടിന്‍റെ സാംസ്കാരിക ഇടങ്ങളില്‍ സജീവമായ കാലം.
1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെ സിനിമാ അരങ്ങേറ്റം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സജീവം. നാടോടിക്കാറ്റ്’, ‘വരവേൽപ്പ്’, ‘മഴവിൽക്കാവടി, റാംജിറാവു സ്പീക്കിങ്, സന്ദേശം, കണ്‍കെട്ട്, ചന്ദ്രലേഖ തുടങ്ങിയ സിനിമയിലൂടെ മാമുക്കോയ ജനപ്രിയനായി. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 450 ലേറെ സിനിമകള്‍.
പുതിയ തലമുറയും സോഷ്യല്‍ ലോകത്ത് മാമുക്കോയയെ തഗ്ഗുകള്‍ കൊണ്ട് നിറച്ചു. ഓർത്തോർത്ത് ചിരിക്കാന്‍ നീക്കി വച്ച ഒരു നൂറ് കഥാപാത്രങ്ങള്‍, ഡയലോഗുകള്‍, എന്തിന് പാട്ടുകള്‍ പോലും.
മലയാള സിനിമയില്‍ കൗണ്ടറുകളുടെ ഉസ്താദ് എന്ന വിശേഷണത്തിന് അര്‍ഹനായിട്ടുള്ള ഏകനടനും ഒരുപക്ഷേ മാമുക്കോയ ആയിരിക്കും. മാമുക്കോയയ്ക്ക് ശേഷം വന്ന പല കോമഡി ആര്‍ട്ടിസ്റ്റുകളും കൗണ്ടറുകളില്‍ സ്വയം രേഖപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ അസാധാരണമായ ചിന്താശേഷിയുടെയോ നര്‍മ്മബോധത്തിന്‍റെയോ അടയാളങ്ങളെ തകര്‍ക്കാൻ ആര്‍ക്കുമായില്ലെന്ന് തന്നെ പറയാം.
കഥാപാത്രത്തിന്‍റെ അതിരുകള്‍ ഭേദിക്കാതെ തന്നെ ഏറ്റവും ലളിതമായ രീതിയില്‍ പടക്കം പോലത്തെ മറുപടികള്‍ മാമുക്കോയ അനായാസം എറിഞ്ഞു. തമാശ മാത്രമല്ല സാമൂഹിക വിമര്‍ശനവും ഫിലോസഫിയുമെല്ലാം മാമുക്കോയ തന്‍റെ കൗണ്ടറുകളില്‍ മുഴച്ചുനില്‍ക്കാത്തവിധം ഇഴ ചേര്‍ത്തെടുത്തു.
പേരെന്താണെന്ന് ചോദിക്കുമ്പോള്‍ ജബ്ബാര്‍ എന്ന് മറുപടി. നായരാണോ എന്ന് വീണ്ടും ചോദിക്കുമ്പോള്‍ അല്ല നമ്പൂതിരി, അവര്‍ക്കല്ലേ ജബ്ബാര്‍ എന്നൊക്കെ പേരുണ്ടാവുക എന്ന് മുഖത്തടിക്കും പോലത്തെ മറുപടി. അതുപോലെ തന്നെ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയില്‍ ആരെയാണ് കാണേണ്ടത് എങ്കില്‍ വിളിച്ച് കാണിച്ച് തരാം എന്ന് പറയുമ്പോള്‍ പടച്ച തമ്പുരാനെ വിളിച്ച് കാണിച്ച് തരാമോ എന്ന ഉത്തരം മുട്ടിക്കുന്ന ആവശ്യമാണ് ഹംസക്കോയ എന്ന മാമുക്കോയ കഥാപാത്രം ഉന്നയിക്കുന്നത്.
വെള്ളിത്തിര വിട്ടിറങ്ങിയാല്‍ തനി നാടനായി, കോഴിക്കോട്ട് അങ്ങാടിയിലൂടെ മന്‍സന്‍മാരുടെ തോളില്‍ കയ്യിട്ട് ചങ്ങാത്തം കൂടി നടക്കുന്ന ഒരു മാമുക്കോയ ഇപ്പോഴുമുണ്ട് അവരുടെ മനസുകളില്‍. ആ തെരുവികളില്‍. മായാത്ത കാല്‍പ്പാടുകള്‍.
മാമുക്കോയയും ‘കൊടുമൻ പോറ്റി’യും നേർക്കുനേർ എത്തിയാൽ..; ‘എജ്ജാതി എഡിറ്റിംഗ്’ എന്ന് ആരാധകര്‍
ചിരിയുടെ സുൽത്താന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ വിട നൽകി കേരളം, അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജിലെ എംടെക് വിദ്യാര്‍ത്ഥിയായ ചെന്നൈ സ്വദേശി മോഹൻ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്.
വാമനപുരം നദിയിലെ വിതുര താവയ്ക്കൽ വെള്ളച്ചാട്ടത്തിന് സമീപം ഒഴുക്കിൽപ്പെട്ട് പാറക്കെട്ടിൽ നിന്ന് തെന്നി വീഴുകയായിരുന്നു. പുഴയിൽ വീണതോടെ ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിയെ കാണാതായി. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്. ഇന്നലെ വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പുഴയിൽ ഒഴുക്ക് കൂടുതലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് നടൻ രജനീകാന്ത്. കശ്മീരിലെ സമാധാനം തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ആക്രമണമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ജയിലർ 2 ന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കശ്മീരിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ കുറ്റവാളികളെ കണ്ടെത്തി സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള കർശന നടപടി സ്വീകരിക്കണം,” രജനീകാന്ത് പറഞ്ഞു.
രാജ്യത്തുടനീളമുള്ള നിരവധി താരങ്ങളും പൊതുപ്രവർത്തകരും ആക്രമണത്തിൽ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരിച്ച് നടന്‍ സൂര്യ രംഗത്തെത്തിയിരുന്നു.
സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളുമെന്ന് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇസ്ലാമാബാദ്: പാകിസ്താനിലെ ലാഹോർ അല്ലാമ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം.
സംഭവത്തിന് പിന്നാലെ ലാഹോർ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാന സർവ്വീസുകളും റദ്ദാക്കി. പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ടുകളിൽ ഒന്നാണ് ലാഹോറിലേത്.
ലാഹോർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പാകിസ്ഥാൻ ആർമി വിമാനത്തിന്റെ ഒരു ടയറിന് തീപിടിച്ചതായാണ് വിവരം.
തീ നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. സംഭവത്തെത്തുടർന്ന് റൺവേ താൽക്കാലികമായി അടച്ചിട്ടു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്.
9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
തിരുവനന്തപുരം: സംസ്ഥാന മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റം വിവാദമാകുന്നു. സംസ്ഥാനത്തെ 221 അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയാണ് ഒരുമിച്ച് മാറ്റിയത്. എല്ലാവരോടും അടുത്ത 48 മണിക്കൂറിനുള്ളിൽ പുതിയ സ്ഥലത്ത് ചുമതലയേൽക്കാനാണ് നിർദ്ദേശം നൽകിയത്. ഗതാഗത വകുപ്പ് കമ്മീഷണറുടെ നടപടിക്കെതിരെ വകുപ്പിൽ മുറുമുറുപ്പ് ഉയർന്നു. വകുപ്പിൽ ജനറൽ ട്രാൻസ്‌ഫർ വരുന്നതിന് മുമ്പ് ചട്ടവിരുദ്ധമായാണ് എഎംവിമാരെ ഇപ്പോൾ സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം കോടതി ഉത്തരവ് പാലിച്ചാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്ന് ഗതാഗത കമ്മീഷണറും വ്യക്തമാക്കി.
ദില്ലി: ആഗോള കത്തോലിക്കാ സഭാ തലവൻ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട പറയാൻ ലോകം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് വത്തിക്കാനിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദർശനം പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം മാർപ്പാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാൻസിസ് മാർപാപ്പ നിത്യതയിലേക്ക് മടങ്ങിയത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിന് ജനിച്ച അദ്ദേഹത്തിൻ്റെ യഥാർത്ഥ നാമം ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു. 1958 ൽ ഈശോ സഭയിൽ ചേർന്നു. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാളായി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി.
കത്തോലിക്കാ സഭയുടെ 266 മത്തെയും ലാറ്റിനമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയുമായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചു. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം, വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരമ്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിച്ച് സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച മാർപാപ്പ, ലോകമാകെ പാർശ്വവത്കരിക്കപ്പെട്ട മനുഷ്യർക്ക് പ്രത്യാശയുടെ വെളിച്ചമായിരുന്നു.
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലെ ഭിന്നത രൂക്ഷമാകുമ്പോൾ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു. പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
ഒരു തുള്ളി ജലം വിട്ടുകൊടുക്കില്ല എന്ന ഇന്ത്യയുടെ നിലപാട് പാക് സർക്കാർ ഇന്ന് യോഗം ചേർന്ന് ചർച്ച ചെയ്യും. വീസ റദ്ദാക്കിയ സാഹചര്യത്തിൽ പാകിസ്ഥാനി പൗരൻമാർ മടങ്ങുന്നത് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇതിനിടെ സൗദി ഇടപെടൽ നടത്തുന്നതിൻറെ സൂചന ഇന്നലെ പുറത്തു വന്നു. സൗദി വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു.
ദുബായ്: നിക്ഷേപകർക്കായി വൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ. 85 ശതമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചത്. 720.8 കോടി രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികമാണിത്. അബുദാബിയിൽ നടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ ആണ് പ്രഖ്യാപനം.
4.7 ശതമാനം വാർഷിക വളർച്ചയാണ് 2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയിൽ നേടിയത്. അറ്റാദായം 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യു എ ഇ, സൗദി മാർക്കറ്റുകൾ മികച്ച നേട്ടം രേഖപ്പെടുത്തി. മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.
ലുലു റീട്ടെയിലിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ എംഎ യൂസഫലി, ഓഹരി ഉടമകൾ, റെഗുലേറ്റർമാർ, ജീവനക്കാർ, പങ്കാളികൾ എന്നിവര്‍ക്ക് നന്ദി പറഞ്ഞു. ഗ്രൂപ്പിനെ അന്താരാഷ്ട്ര പ്രശസ്തിയിലെത്തിച്ചതിനെയും റീടെയിൽ മേഖലയിൽ ശക്തികേന്ദ്രമാക്കി ലുലുവിനെ മാറ്റുന്നതിൽ വഹിച്ച നിർണായക പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഞങ്ങളുടെ ആദ്യത്തെ വാർഷിക പൊതുയോഗം മാത്രമല്ല, ഞങ്ങളുടെ അടിത്തറകളുടെ ശക്തി, ഞങ്ങളുടെ കാഴ്ചപ്പാടിന്റെ വ്യക്തത, ഞങ്ങളുടെ ലക്ഷ്യത്തിന്റെ ഐക്യം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു നിർണായക നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.
14 ഏക്കറിൽ വിശാഖപട്ടണത്ത് ഷോപ്പിങ് മാൾ വിസ്മയം എത്തും മുമ്പ് ഹൈദരാബാദിൽ ലുലു മാൾ, വൻ ഷോപ്പിങ് മാൾ ഏറ്റെടുത്തു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ പാക് സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സ്ഫോടനമുണ്ടായത്. 10 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികര്‍ സഞ്ചരിച്ച വാഹനം റിമോട്ട് കണ്‍ട്രോള്‍ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകര്‍ത്തത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂചിസ്ഥാന്‍റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങള്‍ ലിബറേഷന്‍ ആര്‍മി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തു.
ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി പാകിസ്താൻ സെനറ്റ്. പാകിസ്താൻ ഉപ പ്രധാനമന്ത്രി ഇഷാഖ് ധർ ആണ് പ്രമേയം അവതരിപ്പിച്ചത്. പഹൽഗാം ആക്രമണത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പ്രമേയം. ഏതെങ്കിലും തരത്തിൽ ആക്രമിക്കാൻ ശ്രമിച്ചാൽ പാകിസ്ഥാൻ തിരിച്ചടിക്കുമെന്ന് പാകിസ്താൻ അറിയിച്ചു. സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയുടെ നേതൃത്വത്തിൽ നടന്ന ഒരു സെഷനിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രമേയം അവതരിപ്പിച്ചു.
ഇന്ത്യയുടെ കുറ്റപ്പെടുത്തൽ വ്യാജവും ദോഷകരവുമായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി ജനതയ്ക്കുള്ള പാക് പൂർണ്ണ പിന്തുണ ഉറപ്പിച്ചു, കൂടാതെ മേഖലയിൽ ഇന്ത്യയുടെ തുടർച്ചയായ ലംഘനങ്ങളെ അപലപിച്ചു. ഇന്ത്യയുടെ നടപടികൾ ലോകം ശ്രദ്ധിക്കണമെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി.
സിന്ധു നദീജല കരാർ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്ന് സെഷനിൽ സംസാരിച്ച ഇഷാഖ് ദാർ പറഞ്ഞു. അത്തരമൊരു നീക്കത്തിന് ഇരു രാജ്യങ്ങളും യോജിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 240 ദശലക്ഷം പാകിസ്താനികൾക്ക് വെള്ളം അത്യന്താപേക്ഷിതമാണെന്നും അത് തടയുന്നത് യുദ്ധനടപടിയായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്റെ എല്ലാ ശത്രുക്കൾക്കും ഒരു ഐക്യ സന്ദേശം നൽകുന്നതാണ് പ്രമേയമെന്ന് പ്രതിപക്ഷ നേതാവ് ഷിബ്ലി ഫറാസ് കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ ആഗോള പ്രതിച്ഛായ തകർക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും എല്ലാ മേഖലകളിലും അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.