ഡൽഹി ചെങ്കോട്ട സ്ഫോടനം; പൊട്ടിത്തെറിച്ച ഹ്യുണ്ടായി കാർ കൂടാതെ പ്രതികൾ കൂടുതൽ വാഹനങ്ങൾ വാങ്ങിയതായി സൂചന; വാഹനങ്ങൾ കണ്ടെത്താൻ അന്വേഷണം തുടരുന്നു

0

ഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനുപയോഗിച്ച കാർ കൂടാതെ കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയതായി സൂചന. ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കാറുകൾ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സ്ഫോടനം നടന്ന സമയത്തെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സി​ഗ്നലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അതേസമയം കേസിലുൾപ്പെട്ട ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താ​ഗ ​ഗ്രാമത്തിലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇവിടെ നടന്ന പോലീസ് പരിശോധനയിൽ 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. മാത്രമല്ല കേസിലെ മറ്റോയ്ക്കു പ്രതിയായ ഡോ. മുസമ്മിലിനെ പോലീസ് പിടികൂടിയതും ഈ ഒളിത്താവളത്തിൽ വെച്ചാണ്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് കഴിയുകയായിരുന്നു.

കൂടാതെ ഐ20 കാര്‍ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.

അതേസമയം, ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭഗമായി ജയ്ഷെ ആസ്ഥാനം തകർത്തതിൻ്റെ പ്രതികാരമെന്ന് സൂചന. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഡൽഹി പോലീസ് എഫ്ഐആറിൽ പറയുന്നു. ഇതിന് പിന്നാലെ സ്ഫോടനം എൻഐഎ യുടെ പത്തംഗ സംഘം അന്വേഷിക്കും. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന, എൻഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ജമ്മു കശ്മീർ, ഡൽഹി, ഹരിയാന പോലീസിൻ്റെ കൈവശമുള്ള കേസ് ഫയലുകൾ എൻഐഎ സംഘം ഏറ്റെടുത്ത്. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പോലീസിന്റെ പരിശോധന തുടരുകയാണ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പോലീസ് അറിയിച്ചു. അതേസമയം ചെങ്കോട്ടയിൽ ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ നൽകുന്ന വിവരം. ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു എന്നാണ് അനുമാനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നത് ഇതേ കാരണമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേ​ഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ഡൽഹി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പോലീസ് പറയുന്നു.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു.

വോട്ടർപട്ടികയിൽ നിന്ന് കൂട്ടത്തോടെ വെട്ടിമാറ്റൽ ശ്രമം; വ്യാജ അപേക്ഷകരെ തള്ളി നഗരസഭ

0

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വോട്ടർപട്ടികയിൽ നിന്ന് 120-ഓളം വോട്ടുകൾ നീക്കം ചെയ്യാൻ വ്യാജ അപേക്ഷകൾ സമർപ്പിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. വോട്ടർമാർ അറിയാതെ, വാർഡിലെ താമസക്കാരുടെ പേരും വിവരങ്ങളും ഉപയോഗിച്ചാണ് ഈ കൂട്ട നീക്കൽ ശ്രമം നടന്നത്.

ഹെൽത്ത് സെന്റർ (32), അത്താണി (30) എന്നീ വാർഡുകളിലെ ഏകദേശം 120 വോട്ടർമാരെ, അവർ അനധികൃതമായി താമസിക്കുന്നവരാണെന്ന് ആരോപിച്ചുകൊണ്ട് പട്ടികയിൽ നിന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. നഗരസഭ അധികൃതർ അന്വേഷണം ആരംഭിച്ചതോടെ, തങ്ങളുടെ വോട്ട് നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യഥാർത്ഥ വോട്ടർമാർ നേരിട്ടെത്തി. ഇതോടെയാണ് മറ്റൊരാൾ ഇവരുടെ പേരിൽ വ്യാജമായി പരാതി നൽകിയതാണെന്ന് വ്യക്തമായത്. യാഥാർത്ഥ്യം മനസ്സിലാക്കിയ നഗരസഭ, വ്യാജ അപേക്ഷകൾ പൂർണ്ണമായും തള്ളി. നിലവിലെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. വ്യാജ അപേക്ഷ സമർപ്പിച്ചയാളെ കണ്ടെത്തി നിയമനടപടിക്കായി പോലീസിൻ്റെ സഹായം തേടാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ഈ സംഭവം നഗരസഭയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഹെൽത്ത് സെന്റർ വാർഡിനെ ചൊല്ലി സിപിഎം-സിപിഐ കക്ഷികൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ഈ കൂട്ട വോട്ട് നീക്കം ചെയ്യൽ ശ്രമം.

കഴിഞ്ഞ ഭരണസമിതിയിൽ യുഡിഎഫിനെ പിന്തുണച്ച് വിജയിച്ച സ്വതന്ത്ര കൗൺസിലർമാരിലെ പ്രധാനികൾ ഇത്തവണയും മത്സരരംഗത്ത് സജീവമാകുകയാണ്. വർഗീസ് പ്ലാശ്ശേരി കോൺഗ്രസ് സീറ്റിനായി പ്രതീക്ഷയർപ്പിച്ച് കൗൺസിലർ സ്ഥാനവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമം ഒഴിവാക്കാനായാണ് രാജി. ഇദ്ദേഹം കെന്നഡിമുക്ക് വാർഡിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അബ്ദു ഷാന സീറ്റ് ഉറപ്പിച്ച ശേഷം മാത്രം രാജിവെക്കാനാണ് തീരുമാനം. തലക്കോട്ടുമൂല വാർഡിലാണ് ഇദ്ദേഹം മത്സരിക്കാൻ തയ്യാറെടുക്കുന്നത്. പി.സി. മനൂപ് ഹെൽത്ത് സെന്റർ വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ ആലോചിക്കുന്നു. ഇ.പി. കാദർകുഞ്ഞ് വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു.

കടം കൊടുത്ത പണം തിരിച്ച് ചോദിച്ചു, അയാളുടെ കൊടും ചതിയില്‍ നഷ്ടമായത് എആര്‍എം അടക്കമുള്ള സിനിമകള്‍; വെളിപ്പെടുത്തി ഹരീഷ് കണാരന്‍

0

ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നിന്നുമാണ് നടന്‍ ഹരീഷ് കണാരന്‍ സിനിമയിലെത്തുന്നത്. ടെലിവിഷനിലെന്നത് പോലെ തന്നെ സിനിമയിലും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി അഭിനയത്തില്‍ അത്ര സജീവമല്ല ഹരീഷ് കണാരന്‍. മധുരക്കണക്ക് എന്ന ചിത്രത്തിലൂടെ ഹരീഷ് തിരികെ വരികയാണ്. നെഗറ്റീവ് കഥാപാത്രമായാണ് ഹരീഷിന്റെ തിരിച്ചുവരവ്.

മലയാള സിനിമയില്‍ നിന്നും കുറച്ച് കാലത്തേക്ക് അപ്രതക്ഷ്യനാകാന്‍ കാരണം ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണെന്നാണ് ഹരീഷ് പറയുന്നത്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷ് കണാരന്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറെക്കുറിച്ച് വെളിപ്പെടുത്തിയത്.

അജിത്തിന്റെയും രമ്യാകൃഷ്ണന്റെയും വീടിന് ബോംബ് ഭീഷണി; പരിശോധന
”എന്റെ ഡേറ്റും കാര്യങ്ങളുമൊക്കെ നോക്കിയിരുന്നൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. മലയാലളത്തില്‍ ഒട്ടുമിക്ക സിനിമകളും ഒരുകാലത്ത് കൈകാര്യം ചെയ്തിരുന്ന വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ഞാന്‍ 20 ലക്ഷത്തോളം രൂപ കടമായി കൊടുത്തു. അതില്‍ ആറ് ലക്ഷത്തോളം തിരികെ തന്നു” ഹരീഷ് കണാരന്‍ പറയുന്നു.

”വീടു പണി നടക്കുന്ന സമയത്ത് ബാക്കി ഞാന്‍ തിരിച്ചു ചോദിച്ചു. പൈസ കിട്ടാതെ വന്നതോടെ അമ്മ സംഘടനയില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തിലാകണം അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന ഒരുപാട് സിനിമകളില്‍ നിന്നും എന്നെ കട്ട് ചെയ്തു. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തില്‍ എനിക്ക് വേഷമുണ്ടായിരുന്നു. അതും നഷ്ടമായി” എന്നും അദ്ദേഹം പറയുന്നു.

പിന്നീട് കണ്ടപ്പോള്‍ ടൊവിനോ ചോദിച്ചു, ചേട്ടനെ കണ്ടില്ലല്ലോ എന്ന്. ഇങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് നഷ്ടമായെന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്. അതാണ് പെട്ടെന്ന് സിനിമയില്‍ നിന്നും അപ്രതക്ഷ്യനായി എന്ന് തോന്നിയത്. കുറേകാലത്തിന് ശേഷം ഇപ്പോഴും അഭിനയത്തില്‍ വീണ്ടും സജീവമാകുന്നതെന്നും അദ്ദേഹം പറയുന്നു.

ചൈനയിൽ അടുത്തിടെ തുറന്ന കൂറ്റൻ ഹോങ്കി പാലം തകർന്നു വീണു; ആളപായമില്ല

0

ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള നദിയിലേക്ക് പതിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായ പാലം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തുടർച്ചയായ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നുവീണതായി പ്രാദേശിക അധികാരികൾ പറഞ്ഞു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു.

അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കാനാണ് പാലം നിർമിച്ചത്. 758 മീറ്റർ നീളവും പാലം തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് നിർമിച്ചത്. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്.

ഭൂമിശാസ്ത്രപരമായ അസ്ഥിരതയും കുത്തനെയുള്ള പർവത ചരിവുകളിലെ മണ്ണിടിച്ചിലുമാണ് തകർച്ചയ്ക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര, രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. സിചുവാൻ റോഡ് & ബ്രിഡ്ജ് ഗ്രൂപ്പ് നിർമ്മിച്ച ഹോങ്കി പാലം ഈ വർഷം ആദ്യം മാത്രമാണ് പൂർത്തിയാക്കിയത്, അടുത്തിടെയാണ് ഗതാഗതത്തിനായി തുറന്നത്.

ക്രിസ്‌മസ് പരീക്ഷാ തീയതികൾ മാറ്റും; രണ്ട് ഘട്ടങ്ങളായി നടത്താൻ സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്‌മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ സാധ്യത. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം ആലോചിക്കപ്പെടുന്നത്. ക്രിസ്‌മസ് അവധിക്ക് മുമ്പും ശേഷവും രണ്ട് ഘട്ടങ്ങളായി പരീക്ഷകൾ നടത്താനാണ് സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കും. 2025-26 വിദ്യാഭ്യാസ കലണ്ടറിന്റെ അനുസരിച്ച്, രണ്ടാം പാദ വാർഷിക പരീക്ഷകൾ ഡിസംബർ 11 മുതൽ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഡിസംബർ 9, 11 തീയതികളിലാണ് തദ്ദേശ തെരഞ്ഞെടുപ്പും, ഡിസംബർ 13 ന് വോട്ടെണ്ണലും നടക്കുന്നത്. അതുകൊണ്ട് തന്നെ ക്രിസ്‌മസ് അവധിക്കു മുൻപും ശേഷവും പരീക്ഷകൾ രണ്ടുഭാഗങ്ങളായി നടത്താനാണ് ഇപ്പോഴത്തെ ആലോചന. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്‌കൂളുകളിലാണ് നിലനിൽക്കുന്നത്, കൂടാതെ അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഉള്ളത് എന്ന കാരണവും പരിഗണിച്ചാണ് പരീക്ഷാ തീയതികളെ മാറ്റാനുള്ള തീരുമാനമെടുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ, ഡിസംബർ 5 കഴിഞ്ഞ് മാത്രമേ അവധിയും വോട്ടെടുപ്പും വോട്ടെണ്ണലും പൂർത്തിയാകൂ. പുതിയ നിർദേശപ്രകാരം, ക്രിസ്‌മസ് അവധിക്കു മുൻപ് പരീക്ഷകൾ ഡിസംബർ 15 മുതൽ 19 വരെയാണ് നടത്തുക, അതിനു ശേഷം ക്രിസ്‌മസ് അവധി ഡിസംബർ 20 മുതൽ 28 വരെ ആയിരിക്കും. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ വാരത്തിലുമാണ് നടത്തേണ്ടത്. ഈ മാറ്റം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആശ്വാസകരമായിരിക്കുമെന്നും, വോട്ടെടുപ്പിന്റെ തടസ്സമില്ലാതെയായിരിക്കും പരീക്ഷകൾ നടക്കുക എന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി ഉടൻ യോഗം ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. പരീക്ഷാകാലക്രമത്തിൽ മാറ്റം വരുത്തുന്നതും ഈ യോഗത്തിൽ തീരുമാനിക്കപ്പെടും.

കൊച്ചിയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് പോയ റഷ്യൻ യുവാവ് വാളയാറിൽ പിടിയിൽ; 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകൾ പിടികൂടി

0

വാളയാർ: അതിർത്തിയിൽ എക്സൈസിന്റെ പരിശോധനക്കിടെ ലഹരി ഗുളികകളുമായി റഷ്യൻ പൗരൻ പിടിയിലായി. കൊച്ചിയിലെ സിനിമാ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഇയാൾ.

പിടിയിലായത് 31 വയസ്സുള്ള ഗ്രിഗോറാഷ് ചെങ്കോ ഇവാൻ എന്ന റഷ്യൻ സ്വദേശിയാണ്. ഇയാളിൽ നിന്ന് 23.475 ഗ്രാം ബുപ്രിനോർഫിൻ ഗുളികകൾ പിടിച്ചെടുത്തു. ഇന്നലെ തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വെച്ച് വാളയാറിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവാൻ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

സിനിമാ മേഖലയുമായി ബന്ധമുള്ള ആളാണ് താനെന്നും, കൊച്ചിയിലെ ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തേക്ക് പോവുകയായിരുന്നുവെന്നുമാണ് ഇയാൾ മൊഴി നൽകിയത്. തമിഴ് സിനിമകളിലും ഡോക്യുമെന്ററികളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെന്ന് ഇവാൻ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

പോണ്ടിച്ചേരിയിൽ ഒരു സ്വകാര്യ ആയുർവേദ റിസോർട്ടിലാണ് ഇയാൾ ഒരു ഡോക്ടറായ ബന്ധുവിനൊപ്പം താമസിച്ചിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ് അറിയിച്ചു.

ആളില്ലാത്ത നേരത്ത് വീട്ടിലേക്ക് അതിക്രമിച്ച് കടന്നു, ബെംഗളൂരുവിൽ സംസാരശേഷിയും കാലുകൾക്ക് ചലന ശേഷിയുമില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ

0

ബെംഗളൂരു: ബെംഗളുരുവിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. കാലുകൾക്ക് ചലനശേഷിയും സംസാരശേഷിയും ഇല്ലാത്ത യുവതിക്ക് നേരെയായിരുന്നു യുവാവിന്റെ ക്രൂരത. ആളില്ലാത്ത സമയം നോക്കി യുവതിയുടെ വീട്ടിൽഅതിക്രമിച്ച് കയറിയ യുവാവ് ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയെ നാട്ടുകാരും സമീപവാസികളും ചേർന്ന് പിടികൂടുകയും ഇയാളെ മർദിക്കുകയും ചെയ്തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചേർന്ന് യുവാവിനെ മർദിക്കുന്നതിനിടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നടുറോഡിലിട്ട് യുവാവിനെ നാട്ടുകാർ പൊതിരെ തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

രണ്ട് കാലുകൾക്കും ചലന ശേഷിയില്ലാത്ത യുവതിയാണ് അതിക്രമത്തിന് ഇരയായത്. ഈ യുവതിക്ക് സംസാര ശേഷിയിയും ഉണ്ടായിരുന്നില്ല. ബെംഗളൂരു ആടുഗോഡി എം ആ‍ർ നഗറിലായിരുന്നു ദാരുണമായ സംഭവം. അസം സ്വദേശിയായ വിഘ്‌നേശ് യുവാവ് ആണ് യുവതിയെ ബലാത്സംഗം ചെയ്തത്. നവംബർ ഒമ്പതിന് ആയിരുന്നു സംഭവം നടന്നത്. ഇതേ ദിവസം യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരുടെ സഹായത്താൽ തല്ലിപ്പൊളിക്കുകയായിരുന്നു. തുടർന്ന് വീടിനുള്ളിൽ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്യുകയ്യായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസെടുത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം അട‌ച്ചു

തൊടുപുഴ: അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം വൈദ്യുതി നിലയം അട‌ച്ചു.  മൂലമറ്റം വൈദ്യുതി നിലയത്തിലെ  6 ജനറേറ്ററുകളുടെയും പ്രവർത്തനം ഇന്നലെ രാത്രി ഒൻപതോടെ നിർത്തി. ഇന്നു രാവിലെ 9ന് അറ്റകുറ്റപ്പണികൾ തുടങ്ങും.

കുളമാവിലെ ഇൻടേക് വാൽവിന്റെ ഷട്ടർ അടച്ചു. പുലർച്ചെ 2ന് ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ച് പെൻസ്റ്റോക്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു.

5, 6 ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ അറ്റകുറ്റപ്പണിക്കായാണു നിലയം അടച്ചിടുന്നത്. പണികൾ തീരാൻ ഒരു മാസമെടുക്കുമെന്നാണു കരുതുന്നത്.

വൈദ്യുതി നിലയം അടയ്ക്കുന്നത് 4 ജില്ലകളിലെ ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കും. തൊടുപുഴ നഗരത്തിലും സമീപത്തെ 7 പഞ്ചായത്തുകളിലും കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം നേരിടാൻ സാധ്യതയുണ്ട്.

ശബരിമല സ്വർണക്കൊള്ള: അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി.

കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം. പിസി ആക്റ്റ് ചുമത്തിയ സാഹചര്യത്തിലാണ് കേസ് റാന്നിയിൽ നിന്നും കൊല്ലം കോടതിയിലേക്ക് മാറ്റുന്നത്.

എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോർട്ട് നൽകിയത്. സർക്കാർ ഉദ്യോഗസ്ഥരായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു.

തദ്ദേശതെരഞ്ഞെടുപ്പിന് മറിയക്കുട്ടിയും?  ‘സുരേഷ് ഗോപി പറഞ്ഞാൽ മത്സരിക്കുമെന്ന് മറിയക്കുട്ടി’

ഇടുക്കി: തദ്ദേശതെരഞ്ഞെടുപ്പിൽ പല മുന്നണികളും രംഗത്ത് ഇറക്കുന്നത് സർപ്രൈസ് സ്ഥാനാർത്ഥികളെയാണ്. അതുപോലൊരു സർപ്രൈസ് സ്ഥാനാർത്ഥി ബിജെപിക്കായി ഇടുക്കിയിൽ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന ചില സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.

അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി  പ്രതികരിച്ചു.

പാര്‍ട്ടി മത്സരിക്കാന്‍ പറയുന്നുണ്ട്. തീരുമാനമായില്ല. നിലവില്‍ പ്രായത്തിന്റേതായ ആരോഗ്യക്കുറവല്ലാതെ മറ്റ് പ്രശ്‌നമൊന്നുമില്ല.

അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും. 10 വര്‍ഷമായി ഒരാള്‍ ഇവിടെ ഭരിക്കുന്നു. ഇതുവരെ പാവങ്ങള്‍ക്ക് ഒരു മൊട്ടുസൂചിയുടെ ഗുണം ചെയ്തില്ല. പഞ്ചായത്തിന്റെ കെട്ടിടങ്ങളെല്ലാം അവരുടെ ബന്ധുക്കളാണ് കൈകാര്യം ചെയ്യുന്നത്’, മറിയക്കുട്ടി പറഞ്ഞു.

നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടു, പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം

മുംബൈ : നടൻ ധർമ്മേന്ദ്ര ആശുപത്രി വിട്ടതായി റിപ്പോർട്ട്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു ധര്‍മേന്ദ.

ഇന്ന് രാവിലെ ഏഴരയോടെയാണ് ധർമ്മേന്ദ്ര ആശുപത്രി വിട്ടത്. നടൻ പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം വ്യക്തമാക്കി.

കുടുംബാംഗങ്ങളുടെ തീരുമാനത്തെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.വീട്ടിൽ വച്ചായിരിക്കും തുടർന്നുള്ള ചികിത്സകൾ നടക്കുക.

ഇന്നലെ കുതിച്ചു ചാടി: ഇന്ന് സ്വർണ്ണ വിലയിൽ മങ്ങൽ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞ് 92,040 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 11,505 രൂപ നല്‍കണം. ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,551രൂപ നല്‍കണം.

18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9,413 രൂപ നല്‍കണം.

ഡയാലിസിസ് ധനസഹായം അനുവദിക്കാൻ സർക്കാർ ഡോക്ടർമാർക്ക് വിസമ്മതം: താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

0

ഇടുക്കി : സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് സർക്കാർ നൽകുന്ന ധനസഹായം അനുവദിക്കാൻ സർക്കാർ ആശുപത്രികളിലെ  ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി ധനസഹായം അനുവദിക്കാനും ഫണ്ട് ലാപ്സാവാതിരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ആവശ്യമെങ്കിൽ  ആരോഗ്യവകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം എല്ലാ ജില്ലാ കളക്ടർമാരും ജില്ലാ മെഡിക്കൽ ഓഫീസർമാരും  വിളിച്ച് സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് ആരോഗ്യ  വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

സ്വകാര്യ ആശുപത്രികളിൽ നടത്തുന്ന ഡയാലിസിസിന് ധനസഹായം അനുവദിക്കേണ്ടത് ബന്ധപ്പെട്ട സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ വഴിയാണെന്നും ധനസഹായം അനുവദിക്കാൻ സൂപ്രണ്ടുമാർ വിമുഖത കാണിക്കുകയാണെന്നുമുള്ള  ഇടുക്കി ജില്ലാ പഞ്ചായത്ത് ,അറക്കുളം ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ഡോക്ടർമാരുടെ സംഘടനയുടെ തീരുമാന പ്രകാരമാണ് ചുമതല നിർവഹിക്കാൻ വിമുഖത കാണിക്കുന്നതെന്നും ഇത് ഫണ്ട് പാഴാകാൻ സാഹചര്യം ഒരുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ജി. ഒ. നമ്പർ 1651 / 2023/ തദ്ദേശ സ്വയംഭരണം  പ്രകാരമാണ് ആശുപത്രി സൂപ്രണ്ടുമാരെ ഇതിനായി ചുമതലപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ളതാണ് സർക്കാർ തീരുമാനം. സൂപ്രണ്ടുമാരുടെ വിസമ്മതത്തിനെതിരെ 2025 മാർച്ച് 6 ന് ഇടുക്കി ജില്ലാ കളക്ടറും  ഉത്തരവിറക്കി. ഡോക്ടർമാരുടെ നിസഹകരണം കാരണം മുൻ വർഷത്തെ ഫണ്ട്  ലാപ്സാവാനുള്ള സാഹചര്യമുണ്ടായി.  പദ്ധതിനിർവഹണത്തിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് അറക്കുളം സി എച്ച് സി മെഡിക്കൽ ഓഫീസർ അറക്കുളം പഞ്ചായത്ത് സെക്രട്ടറിക്ക്  കത്ത് നൽകിയിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.

സർക്കാർ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചാൽ അത് അച്ചടക്കലംഘനവും ഭരണഘടനാപരമായ നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പറഞ്ഞു. ഡയാലിസിസ് ധനസഹായത്തിന്റെ ഗുണഭോക്താക്കൾ  പാവപ്പെട്ട രോഗികളാണ്. സർക്കാർ ഉദ്യോ ഗസ്ഥരുടെ നിസഹകരണം കാരണം ഇവർക്ക് ധനസഹായം വൈകിയാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ   ലംഘനമാണ് .

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവ്  നടപ്പിലാക്കാനുള്ള ബാധ്യത ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കുണ്ട്.  രോഗികൾക്ക് യഥാസമയം ലഭിക്കേണ്ട ധനസഹായം ലഭിക്കാതിരുന്നാൽ അതിൻറെ ഉത്തരവാദി അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥൻ മാത്രമായിരിക്കുമെന്നും ജസ്‌റ്റിസ്  അലക്സാണ്ടർ  തോമസ് ഓർമ്മിപ്പിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ  2 മാസത്തിനകം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും  കമ്മീഷനെ അറിയിക്കണം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.

ദില്ലി സ്‌ഫോടനം: ഉമർ മുഹമ്മദിൻ്റെ മാതാവിൻ്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു

ദില്ലി : ദില്ലി സ്‌ഫോടനത്തിലെ ചാവേറെന്ന്  സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ മാതാവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു. സ്ഫോടനത്തിൽ ഉമർ മുഹമ്മദ് കൊല്ലപ്പെട്ടിരിന്നോ എന്ന് തിരിച്ചറിയാനാണ് നടപടി. 

പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം  കേൾക്കുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് ഉമറിന്റെ സഹോദരി മുസമില അക്തർ പറഞ്ഞു.

മൂന്നുദിവസം മുമ്പ് ഉമർ വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാനമായി കണ്ടത് രണ്ടു മാസങ്ങൾക്കു മുമ്പാണ്. ഉമർ ശാന്ത സ്വഭാവക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ചതെന്നും.

സഹോദരി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഫരീദാബാദിലാണ് ഉമർ താമസിക്കുന്നതെന്നും ക്രിക്കറ്റിനോട് അവന് വളരെ ഇഷ്ടമായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. 

ബിഹാർ എക്സിറ്റ് പോൾ; 133-159 സീറ്റുകൾ വരെ, എൻഡിഎയ്ക്ക് അധികാരത്തുടർച്ചയെന്ന് പ്രവചനം

0

ഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം.

ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.

ജെവിസി-ടൈംസ് നൗ എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് അനുകൂലമായി 135-150 സീറ്റുകളുമായി വിജയിക്കുമെന്ന് പ്രവചിക്കുന്നു, അതേസമയം മഹാഗത്ബന്ധൻ 88-103 സീറ്റുകളും ജൻ സൂരജ് പാർട്ടി 0-1 സീറ്റുകളും നേടുമെന്ന് പറയുന്നു.

എൻഡിഎ: 135-150

എംജിബി: 88-103

JSP: 0-1

മറ്റുള്ളവ: 3-6

മാട്രിസ്-ഐഎഎൻഎസ് എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് 147-167 സീറ്റുകളോടെ ഭൂരിപക്ഷം പ്രവചിക്കുന്നു. പ്രതിപക്ഷമായ മഹാഗത്ബന്ധൻ സഖ്യം 70-90 സീറ്റുകളും ജൻ സൂരജ് പാർട്ടി 0-2 സീറ്റുകളും നേടുമെന്ന് പ്രതീക്ഷിക്കുന്നു

എൻഡിഎ: 147-167

എംജിബി: 70-90

ജൻ സൂരജ് പാർട്ടി: 0-2

എഐഎംഐഎം: 2-3

മറ്റുള്ളവ: 0-5