കാക്കനാട്: തൃക്കാക്കര നഗരസഭയിലെ വോട്ടർപട്ടികയിൽ നിന്ന് 120-ഓളം വോട്ടുകൾ നീക്കം ചെയ്യാൻ വ്യാജ അപേക്ഷകൾ സമർപ്പിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. വോട്ടർമാർ അറിയാതെ, വാർഡിലെ താമസക്കാരുടെ പേരും വിവരങ്ങളും ഉപയോഗിച്ചാണ് ഈ കൂട്ട നീക്കൽ ശ്രമം നടന്നത്.
ഹെൽത്ത് സെന്റർ (32), അത്താണി (30) എന്നീ വാർഡുകളിലെ ഏകദേശം 120 വോട്ടർമാരെ, അവർ അനധികൃതമായി താമസിക്കുന്നവരാണെന്ന് ആരോപിച്ചുകൊണ്ട് പട്ടികയിൽ നിന്ന് ഒഴിവാക്കാനായിരുന്നു ശ്രമം. നഗരസഭ അധികൃതർ അന്വേഷണം ആരംഭിച്ചതോടെ, തങ്ങളുടെ വോട്ട് നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി യഥാർത്ഥ വോട്ടർമാർ നേരിട്ടെത്തി. ഇതോടെയാണ് മറ്റൊരാൾ ഇവരുടെ പേരിൽ വ്യാജമായി പരാതി നൽകിയതാണെന്ന് വ്യക്തമായത്. യാഥാർത്ഥ്യം മനസ്സിലാക്കിയ നഗരസഭ, വ്യാജ അപേക്ഷകൾ പൂർണ്ണമായും തള്ളി. നിലവിലെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. വ്യാജ അപേക്ഷ സമർപ്പിച്ചയാളെ കണ്ടെത്തി നിയമനടപടിക്കായി പോലീസിൻ്റെ സഹായം തേടാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
ഈ സംഭവം നഗരസഭയിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ചും, ഹെൽത്ത് സെന്റർ വാർഡിനെ ചൊല്ലി സിപിഎം-സിപിഐ കക്ഷികൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെയാണ് ഈ കൂട്ട വോട്ട് നീക്കം ചെയ്യൽ ശ്രമം.
കഴിഞ്ഞ ഭരണസമിതിയിൽ യുഡിഎഫിനെ പിന്തുണച്ച് വിജയിച്ച സ്വതന്ത്ര കൗൺസിലർമാരിലെ പ്രധാനികൾ ഇത്തവണയും മത്സരരംഗത്ത് സജീവമാകുകയാണ്. വർഗീസ് പ്ലാശ്ശേരി കോൺഗ്രസ് സീറ്റിനായി പ്രതീക്ഷയർപ്പിച്ച് കൗൺസിലർ സ്ഥാനവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും രാജിവെച്ചു. കൂറുമാറ്റ നിരോധന നിയമം ഒഴിവാക്കാനായാണ് രാജി. ഇദ്ദേഹം കെന്നഡിമുക്ക് വാർഡിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അബ്ദു ഷാന സീറ്റ് ഉറപ്പിച്ച ശേഷം മാത്രം രാജിവെക്കാനാണ് തീരുമാനം. തലക്കോട്ടുമൂല വാർഡിലാണ് ഇദ്ദേഹം മത്സരിക്കാൻ തയ്യാറെടുക്കുന്നത്. പി.സി. മനൂപ് ഹെൽത്ത് സെന്റർ വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാൻ ആലോചിക്കുന്നു. ഇ.പി. കാദർകുഞ്ഞ് വീണ്ടും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്നു.

