കരുവന്നൂർ ഇഡി കേസ്: കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ ഉൾപ്പെടെ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി

0

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസിൽ സിപിഎം നേതാക്കൾ കോടതിയിൽ ഹാജരായി. മുൻ ജില്ലാ സെക്രട്ടറിമാരായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് എന്നിവരടക്കമുള്ള നേതാക്കളാണ് കോടതിയിലെത്തിയത്.

സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ സിപിഎം ഉൾപ്പെടെയുള്ള മുഴുവൻ പ്രതികൾക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർനടപടിയായാണ് വിചാരണയ്ക്ക് മുന്നോടിയായി പ്രതികൾ കോടതിയിൽ ഹാജരായത്.

മുൻ ജില്ലാ സെക്രട്ടറിമാർക്ക് പുറമെ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി സെക്രട്ടറി, പൊറത്തുശ്ശേരി സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ, വടക്കാഞ്ചേരി മുൻ കൗൺസിലർമാരായ അരവിന്ദാക്ഷൻ, മധു അമ്പലപുരം എന്നിവരടക്കം അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെട്ട 28 പ്രതികളും ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു.

ഇതിനു മുൻപ് 55 പ്രതികൾക്കെതിരെ നടപടികൾ ആരംഭിച്ചിരുന്നു. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി.

2012-13 കാലഘട്ടത്തിൽ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ വായ്പാ ക്രമക്കേട് നടന്നുവെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസിൽ തുടർനടപടികൾ കോടതി പരിഗണിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here