ഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനുപയോഗിച്ച കാർ കൂടാതെ കൂടുതൽ വാഹനങ്ങൾ പ്രതികൾ വാങ്ങിയതായി സൂചന. ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ കാറുകൾ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതേസമയം സ്ഫോടനം നടന്ന സമയത്തെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റെഡ് ഫോർട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. അതേസമയം കേസിലുൾപ്പെട്ട ഡോ. മുസമ്മിൽ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇവിടെ നടന്ന പോലീസ് പരിശോധനയിൽ 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയത്. മാത്രമല്ല കേസിലെ മറ്റോയ്ക്കു പ്രതിയായ ഡോ. മുസമ്മിലിനെ പോലീസ് പിടികൂടിയതും ഈ ഒളിത്താവളത്തിൽ വെച്ചാണ്. ഇയാൾ ഇവിടെ ഒരാഴ്ചയോളമായി ഒളിച്ച് കഴിയുകയായിരുന്നു.
കൂടാതെ ഐ20 കാര്‍ വാങ്ങിയ ശേഷം ഉമർ പിന്നീട് എത്തിയത് സർവ്വകലാശാല ക്യാമ്പസിലാണെന്ന് വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ 10 വരെ ഉമ്മർ കാർ ക്യാമ്പസിനുള്ളിൽ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതോടെ ക്യാമ്പസിലെത്തിയ ഉമർ കാർ എടുത്ത് പുറപ്പെട്ടതായാണ് വിവരങ്ങൾ. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹരിയാന പൊലീസ് ശേഖരിച്ചു.
അതേസമയം, ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭഗമായി ജയ്ഷെ ആസ്ഥാനം തകർത്തതിൻ്റെ പ്രതികാരമെന്ന് സൂചന. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് ഡൽഹി പോലീസ് എഫ്ഐആറിൽ പറയുന്നു. ഇതിന് പിന്നാലെ സ്ഫോടനം എൻഐഎ യുടെ പത്തംഗ സംഘം അന്വേഷിക്കും. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന, എൻഐഎ എഡിജി വിജയ് സാഗറും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി ജമ്മു കശ്മീർ, ഡൽഹി, ഹരിയാന പോലീസിൻ്റെ കൈവശമുള്ള കേസ് ഫയലുകൾ എൻഐഎ സംഘം ഏറ്റെടുത്ത്. അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിൽ പോലീസിന്റെ പരിശോധന തുടരുകയാണ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പോലീസ് അറിയിച്ചു. അതേസമയം ചെങ്കോട്ടയിൽ ബോംബ് അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് ചാവേർ ആക്രമണത്തിന്റെ സ്വഭാവമില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ബോംബിന്റെ നിർമാണം പൂർണ്ണമായും കഴിഞ്ഞിരുന്നില്ല. അതിനാൽ സ്ഫോടനത്തിന്റെ തീവ്രത കുറഞ്ഞു എന്നാണ് അനുമാനം. സ്ഫോടനത്തിൽ ഗർത്തം രൂപപ്പെടാതിരുന്നത് ഇതേ കാരണമാണെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഫോടന സമയത്തും വാഹനം നീങ്ങി കൊണ്ടിരിക്കുകയായിരുന്നു. സ്ഫോടനം ചാവേർ ആക്രമണമല്ലെന്ന് പറയുന്നതിലെ പ്രധാന കാരണമിതാണ്. ചാവേർ ആക്രമണം ആയിരുന്നെങ്കിൽ ഈ വാഹനം ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് അതിവേഗത്തിൽ നീങ്ങുകയോ അല്ലെങ്കിൽ ഇടിച്ചുകയറുകയോ ചെയ്യേണ്ടതാണ്. എന്നാൽ ഈ സംഭവത്തിൽ അങ്ങനെ ഉണ്ടായില്ല. കൂടാതെ, കനത്ത നാശനഷ്ടങ്ങൾ വരുത്താൻ ഐഇഡി സജ്ജമായിരുന്നില്ല എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ റെഡ്ഫോർട്ട് പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം ഡൽഹി മയൂർ വിഹാറിലും ഉമറിൻറെ വാഹനം എത്തിയെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു.

