‘ഫോണില്‍ ആത്മാക്കളുമായി സംസാരിക്കുന്നു’; യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

0

ജയ്പൂര്‍: ഫോണിലൂടെ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്.

ആത്മാക്കളുമായി യുവതി ബന്ധപ്പെടുന്നതായും അവരുമായി സംസാരിക്കുന്നതായും ഭര്‍ത്താവ് ചുന്നിലാല്‍ സംശയിച്ചതാണ് കൊലാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ജിയോ ദേവിയെ ഭര്‍ത്താവ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു.

അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ പതിനേഴുകാരിയായ മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ചുണ്ണിലാല്‍ ആക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ മകള്‍ക്കും പരിക്കേറ്റു. ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയപ്പോഴെക്കും മരിച്ചു. മകളുടെ പരിക്ക് സാരമില്ല.രാത്രി ദേവിയും ചുന്നിലാലും അവരുടെ നാല് കുട്ടികളും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെയാണ് ചുന്നിലാല്‍ ഭാര്യയെ ആക്രമിച്ചത്. മൂന്ന് മണിയോടെ അയല്‍വാസികളാണ് വിവരം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here