നീറ്റ് പരീക്ഷ, ഗ്രേസ് മാര്‍ക്ക് ഒഴിവാക്കും; 1563 പേര്‍ക്ക് 23ന് റീടെസ്റ്റ്

0

ന്യൂഡല്‍ഹി: വിവാദമായ മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തും. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് 1563 വിദ്യാര്‍ഥികള്‍ക്ക് പുനഃ പരീക്ഷ നടക്കുക. 30ന് എന്‍ടിഎ ഫലം പ്രഖ്യാപിക്കും.

നീറ്റ് യുജിയില്‍ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് പരിഗണിച്ചത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അസ്വാഭാവികത തുടങ്ങിയവ പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചതായി കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ആരോപണങ്ങളില്‍ കേന്ദ്രത്തിന്റെയും എന്‍ടിഎയുടെയും മറുപടി തേടിയ സുപ്രീംകോടതി ബെഞ്ച് പക്ഷേ, എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. ഇന്ന് ഹര്‍ജി പരിഗണിക്കവേ, സുപ്രീംകോടതിയില്‍ എന്‍ടിഎ നല്‍കിയ മറുപടിയിലാണ് 1563 വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഗ്രേസ് മാര്‍ക്ക് റദ്ദാക്കി, റീ ടെസ്റ്റ് നടത്താമെന്ന ശുപാര്‍ശ നല്‍കിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം എന്‍ടിഎ യോഗം ചേര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്താമെന്ന് തീരുമാനമെടുത്തത്. ഈ മാസം 23നാണ് 1563 വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടക്കുക. 30ന് എന്‍ടിഎ ഫലം പ്രഖ്യാപിക്കും. പരീക്ഷ എഴുതാന്‍ തയ്യാറായില്ലെങ്കില്‍ ഇവര്‍ക്ക് യഥാര്‍ഥത്തില്‍ ലഭിച്ച മാര്‍ക്ക് മാത്രമായിരിക്കും പരിഗണിക്കുക. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് അടക്കമുള്ള നടപടികള്‍ വിവാദമായ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയില്‍ വിദ്യാര്‍ഥികള്‍ ഹര്‍ജി നല്‍കിയത്. 67ല്‍ 47 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് വഴിയാണ് ഒന്നാം റാങ്ക് ലഭിച്ചത്. പരീക്ഷ എഴുതാന്‍ മൂന്ന് മണിക്കൂര്‍ സമയം ലഭിച്ചില്ല എന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ചത്. 2018ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് വിവാദമായത്.

Leave a Reply