രാഹുൽ മദ്യപന്‍, ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം; ഹര്‍ജി തള്ളണമെന്ന് പൊലീസ്

0

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുൽ പി ഗോപാലിനെതിരെ പൊലീസ്. പ്രശ്നങ്ങളെല്ലാം അവസാനിച്ചു എന്ന ഭാര്യയുടെ സത്യവാങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. വിദേശത്തുള്ള രാഹുലിനെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.(Rahul is a drunkard,may have threatened his wife and changed his statement; The police should reject the petition,)

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ സമർപ്പിച്ച ഹർജി തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഭാര്യയുമായുള്ള തർക്കം ഒത്തുതീർപ്പായെന്നും, വീണ്ടും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനമെന്നും കേസ് ഒഴിവാക്കണമെന്നുമായിരുന്നു രാഹുൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

രാഹുൽ മദ്യപനാണെന്നും, യുവതിക്കൊപ്പം ഒരുമിച്ച് താമസിച്ചാൽ ഇനിയും പീഡനം ഉണ്ടാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സാജു കെ എബ്രഹാം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഭാര്യയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാം. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.രാഹുലിന്റെ ഹർജിയിലെ വാദങ്ങൾ വസ്തുതയ്ക്ക് വിരുദ്ധമാണ്. ഗുരുതര പരിക്കുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. രാഹുൽ ഏൽപ്പിച്ച പരിക്ക് ഗുരുതരമാണെന്ന് സാക്ഷിമൊഴികളിലും മെഡിക്കൽ രേഖകളിലുമുണ്ട്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയത്. 11 ദിവസത്തിന് ശേഷം മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ വിവരങ്ങൾ തന്നെയാണ് നൽകിയിട്ടുള്ളത്.

രാഹുലുമായി ഒന്നിച്ചുജീവിക്കണമെന്ന യുവതിയുടെ നിലപാടിൽ രക്ഷിതാക്കൾ ആശങ്കയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ രാഹുലിന്റെ സാന്നിധ്യം ആവശ്യമാണ്. ജർമ്മനിയിൽ ഉണ്ടെന്ന് കരുതുന്ന രാഹുലിനെ നാട്ടിലെത്തിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കേസ് അവസാനിപ്പിക്കില്ലെന്നും അന്വേഷണം തുടരുമെന്നും അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here