സിപിഎമ്മില്‍ നേതാക്കള്‍ തമ്മില്‍ പോര്; പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനം: വിഡി സതീശന്‍

0

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മില്‍ പരസ്യ പോരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സൈബര്‍ പോരാളികള്‍ക്കെതിരായ വിമര്‍ശനത്തിന് പിന്നില്‍ സിപിഎം നേതാക്കള്‍ തമ്മിലുള്ള പോരാണ് കാരണം. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ രൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.(CPM leaders fight; PORALI SHAJI Directed by a leader: VD Satheesan,)

പോരാളി ഷാജി സിപിഎമ്മിലെ ഒരു പ്രധാനപ്പെട്ട നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണ്. ചെങ്കതിര്‍ ഒരാളുടേതാണ്. പൊന്‍കതില്‍ വേറൊരാളുടേതാണ്. ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ ഫൈറ്റ് ചെയ്യാന്‍ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അധിക്ഷേപിച്ചു. അപമാനിച്ചു. എന്തുമാത്രം അപകീര്‍ത്തിപ്പെടുത്തി ഈ ഹാന്‍ഡിലുകള്‍. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിക്കുകയാണ്. ഞങ്ങള്‍ നോക്കി നില്‍ക്കുന്നു. അത് അവരുടെ ആഭ്യന്തര കാര്യം. വിഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസിനെ നോക്കുന്ന സമയത്ത് കുറച്ചു നേരമെങ്കിലും സിപിഎമ്മില്‍ എന്താണു നടക്കുന്നതെന്നും കൂടി മാധ്യമങ്ങള്‍ നോക്കണം. എല്ലാ മാധ്യമങ്ങളും കുറച്ച് അങ്ങോടു കൂടി ഒന്നു തിരിഞ്ഞു നോക്കണം, അവിടെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. പൊട്ടിത്തെറിച്ചു കഴിഞ്ഞല്ല വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പൊട്ടിത്തെറിക്കുന്നതിനു മുമ്പു തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ നന്നായിരിക്കും. വലിയ പൊട്ടിത്തെറി സിപിഎമ്മില്‍ ഉണ്ടാകും. ഇതില്‍ ആര്‍ക്കും സംശയം വേണ്ട.

തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്താണ്. സിപിഎം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചതെന്താണ്. രണ്ടും പരസ്പര വിരുദ്ധമാണ്. അസംബ്ലിയില്‍ കേരളത്തിലെ ജനങ്ങളോടല്ലേ, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കണക്കുകള്‍ വെച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. ആ കണക്കുകളല്ലല്ലോ എംവി ഗോവിന്ദന്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞതും എംവി ഗോവിന്ദന്‍ പറഞ്ഞതും ഇരു ധ്രുവങ്ങളിലാണുള്ളത്. രണ്ടു രീതിയിലാണ് അവര്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ കണ്ടത്.

സര്‍ക്കാരിനെതിരെ ജനങ്ങളുടെ അതിരൂക്ഷമായ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്നാണ് സിപിഎമ്മിന്റെ 14 ജില്ലാ കമ്മിറ്റികളുടേയും റിപ്പോര്‍ട്ട്. ഒരു സംശയവും ആര്‍ക്കും വേണ്ട. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരും സമീപ ജില്ലയായ കാസര്‍കോട്ടും ഇടതുപക്ഷവോട്ടുകള്‍ അടപടലം ഒഴുകിപ്പോകുകയായിരുന്നു. പാര്‍ട്ടി ഗ്രാമങ്ങള്‍ അടക്കം. ഇന്ദിരാഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായ കാലത്തുപോലും അനങ്ങാത്ത കാലത്തു പോലും പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും വോട്ടുകള്‍ ഒഴുകിപ്പോകുകയായിരുന്നു. കോണ്‍ഗ്രസിന് 26 വോട്ടുള്ള പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തിലെ ഒരു ബൂത്തില്‍ യുഡിഎഫ് 140 വോട്ടിന് ലീഡു ചെയ്തുവെന്ന് വിഡി സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here