‘കേരളത്തിന് വേണ്ടത് ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ വികസന സമീപനം’

0

കൊച്ചി: കേരളത്തിന് ഇപ്പോള്‍ ആധുനിക യുഗത്തിലേക്കുള്ള വികസനത്തിനു വേണ്ട പുതിയ സമീപനമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ മതപരമായ വിഷയങ്ങളിലല്ല, മറിച്ച് വികസനത്തിനും സമകാലിക വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പുതിയ തലമുറയെ ആകര്‍ഷിക്കുന്നതിലാണ് പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്നത്. വര്‍ഗീയതയുടെ ഉസ്താദ് കോണ്‍ഗ്രസ് ആണെന്നും, ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

സില്‍വര്‍ലൈന്‍ അടക്കമുള്ള വികസനപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മുടക്കുന്നുവെന്ന കേരള സര്‍ക്കാരിന്റെ വിമര്‍ശനത്തോട് കേന്ദ്രമന്ത്രിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയെ കേരളത്തിലെ പൊതു ജനങ്ങളും എതിര്‍ക്കുകയാണ്. റെയില്‍വേ പദ്ധതികള്‍ പരിഗണിക്കുമ്പോള്‍, റെയില്‍വേ ബോര്‍ഡ് അവ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നുണ്ട്. മാത്രമല്ല, വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിച്ചതിലൂടെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.തൃശൂരില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നല്ലൊരു പങ്ക് വോട്ട് ബിജെപിക്ക് ലഭിച്ചു എന്നത് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമായി. എന്നാല്‍ ബാക്കി എല്ലായിടത്തും അത്തരത്തില്‍ വോട്ടു ലഭിച്ചിട്ടില്ല. ലത്തീന്‍ ക്രൈസ്തവര്‍ താമസിക്കുന്ന മേഖലകളില്‍ ബിജെപി പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ നഗരത്തിലെ നാല് അസംബ്ലി മണ്ഡലങ്ങളില്‍ ബിജെപി ശക്തമാണ്. എന്നാല്‍ കോവളം, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. ഇതിന് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

മുസ്ലിം വോട്ടര്‍മാരെ എങ്ങനെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനാകുമെന്ന ചോദ്യത്തിന്, മുസ്ലീങ്ങളെ എങ്ങനെ ഒഴിവാക്കാനാകുമെന്ന് മന്ത്രി ചോദിച്ചു. മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ മുസ്ലീം സ്ത്രീകളുടെ നല്ല പിന്തുണയാണ് ലഭിച്ചത്. നിരവധി ആളുകള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും അത് നല്ല തീരുമാനമാണെന്ന് അംഗീകരിക്കുകയും ചെയ്തു. നരേന്ദ്രമോദി മന്ത്രിസഭയില്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള ആരെയും ഉള്‍പ്പെടുത്താത്തത് എന്താണെന്ന ചോദ്യത്തിന്, വിജയസാധ്യത പ്രധാനമാണെന്നായിരുന്നു ജോര്‍ജ് കുര്യന്റെ മറുപടി. അവര്‍ വിജയിച്ചു വന്നാല്‍, തീര്‍ച്ചയായും പ്രാതിനിധ്യം ലഭിക്കുമെന്നും ജോര്‍ജ് കുര്യന്‍ അഭിപ്രായപ്പെട്ടു.

Leave a Reply