മഞ്ഞപ്പിത്തം: പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്, രണ്ട് പേര്‍ അത്യാസന്ന നിലയില്‍

0

കൊച്ചി: എറണാകുളം ജില്ലയില്‍ വേങ്ങൂരില്‍ ആശങ്ക ഉയര്‍ത്തി മഞ്ഞപ്പിത്തം. രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടു പേര്‍ അത്യാസന്ന നിലയില്‍ കഴിയുന്നത് ആശങ്കയാണ്. മുടക്കുഴയിലെ രോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കിലും വേങ്ങൂരില്‍ 232 പേര്‍ ചികിത്സയില്‍ കഴിയുകയാണ്.

അതേസമയം രോഗം നിയന്ത്രണ വിധേയമണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മുടക്കുഴ പഞ്ചായത്തില്‍ രോഗികളില്ലെന്നും വേങ്ങൂരില്‍ പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആര്‍ഡിഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കി. രോഗബാധയുടെ കാരണം തേടി ആര്‍ഡിഒ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും.ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയത്തിലും മറ്റും വ്യവസായിക അടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.

വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Leave a Reply