തുമ്പ പാസ്‌പോര്‍ട്ട് തട്ടിപ്പ്: സഹായം നല്‍കിയ പൊലീസുകാരന്‍ സസ്‌പെന്‍ഷനില്‍; ക്രിമിനലുകള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയെന്നും കണ്ടെത്തല്‍

0

തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് പൊലീസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍. സസ്‌പെന്‍ഷനിലായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരനായ അന്‍സില്‍ അസീസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. അന്‍സില്‍ ഇടപെട്ട പാസ്‌പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കും.(Thumpa passport scam: Policeman who helped suspended; It was also found that criminals were given fake identity cards,)

ഗുണ്ടകള്‍ക്കും ഈ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് ചമയ്ക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലുപേര്‍ തുമ്പ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. കൊല്ലം സ്വദേശികളായ സഫറുള്ള ഖാന്‍, ബദറുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, എഡ്വേര്‍ഡ് എന്നിവരാണ് പിടിയിലായത്.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചു നല്‍കുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ് ആണെന്ന് വെളിപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഘത്തിന് പിന്നില്‍ വലിയ സംഘമുണ്ടെന്ന് വ്യക്തമായത്. ഈ സംഘത്തെ സഹായിക്കാന്‍ തുമ്പ സ്റ്റേഷനിലെ അന്‍സില്‍ എന്ന പൊലീസുകാരനും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അന്‍സിലിനെ സസ്‌പെന്‍ഡ് ചെയ്തു. അന്‍സില്‍ വെരിഫിക്കേഷന്‍ നടത്തിയ 13 ഓളം ഫയലുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

പാസ്‌പോര്‍ട്ടിനായി സമീപിക്കുന്ന ആളുകള്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാജരേഖ ഉണ്ടാക്കി നല്‍കും. വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിക്കുന്നത് മണക്കാട് സ്വദേശി കമലേഷ് ആണ്. വ്യാജരേഖകള്‍ സഹിതം പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വെരിഫിക്കേഷനായി തുമ്പ സ്റ്റേഷനിലെത്തും. ഈ അപേക്ഷകള്‍ ക്ലിയര്‍ ചെയ്തു നല്‍കിയിരുന്നത് അന്‍സില്‍ ആണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Leave a Reply