മൂത്രക്കല്ലിന്റെ ചികത്സക്കായി എത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്തു; ചികിത്സാപ്പിഴവ് മറയ്ക്കാൻ പണം വാഗ്ദാനം ചെയ്ത് ഡോക്ടർ

0

ജയ്പൂർ: രാജസ്ഥാനിൽ മൂത്രക്കല്ല് ചികിത്സയ്ക്കായി എത്തിയ യുവതിയുടെ വൃക്ക നീക്കം ചെയ്‌തെന്ന് പരാതി. ജുൻജുനുവിലെ 30 വയസുകാരിയായ യുവതിയുടെ കുടുംബമാണ് ചികിത്സാപ്പിഴവിനെതിരെ പരാതിയുമായി രംഗത്ത് വന്നത്. വൃക്ക നീക്കം ചെയ്തതോടെ പിന്നാലെ യുവതിയുടെ നില ഗുരുതരമായെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെല്ലാം ശസ്ത്രക്രിയ നടത്തിയ ഡോ.ഡോ.സഞ്ജയ് ധൻഖർ നിഷേധിച്ചു. താൻ ശസ്ത്രക്രിയ നടത്തിയത് കൃത്യമായി തന്നെയാണെന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്നും ഡോക്ടർ പറഞ്ഞെന്ന് ആണ് ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് .

ഡോ.സഞ്ജയ് ധൻഖറിന്റെ ഉടമസ്ഥതയിലുള്ള ധൻഖർ ആശുപത്രിയിലാണ് സംഭവം നടന്നത്. നുവാ ഗ്രാമത്തിലെ ഈദ് ബാനോ എന്ന യുവതി സ്ത്രീക്ക് മൂത്രക്കല്ല് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്നാണ് അവ നീക്കം ചെയ്യാൻ തീരുമാനിച്ചത്.എന്നാൽ കല്ലുകൾ കാരണം ഇടത് വൃക്ക തകരാറിലായിട്ടുണ്ടെന്നും അത് നീക്കം ചെയ്യേണ്ടതുണ്ടെന്നും ഡോക്ടർ യുവതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് കുടുംബം തയ്യാറായത്. മെയ് 15 ന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാൽ തകരാറിലായ ഇടത് വൃക്കയ്ക്ക് പകരം ആരോഗ്യമുള്ള വലത് വൃക്കയാണ് ഡോക്ടർ നീക്കം ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം.

രണ്ട് ദിവസത്തിന് ശേഷം യുവതിയുടെ നില വഷളായി. വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുവന്നു. തുടർന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടർ വിദഗ്ധ ചികിത്സക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ വൃക്ക നീക്കം ചെയ്തതിനെക്കുറിച്ച് മറ്റാരോടും പറയരുതെന്നും കുടുംബത്തോട് നിർദേശിക്കുകയും ചെയ്തു. ജയ്പൂരിലെ ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർ വൃക്ക മാറി നീക്കം ചെയ്തകാര്യം യുവതിയുടെ കുടുംബം അറിയുന്നത്. തുടർന്ന് നാട്ടിലെത്തിയ കുടുംബത്തിന് ഡോ. ധനഖർ പണം വാഗ്ദാനം ചെയ്യുകയും മറ്റെവിടെയെങ്കിലും ചികിത്സക്കായി കൊണ്ടുപോകാനും നിർദേശിച്ചു.എന്നാൽ കുടുംബം പണം നിഷേധിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായി ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ അറിയിച്ചു. ആശുപത്രി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഡോ. ധൻഖർ ജുൻജുനുവിലെ ബി.ഡി.കെ സർക്കാർ ആശുപത്രിയിൽ സർജനായി ജോലി ചെയ്തിരുന്നു.എന്നാൽ ചികിത്സക്കിടെ ഒരു രോഗി മരിച്ചതിന് പിന്നാലെ 2017 ൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here