ആത്മവിശ്വാസത്തിൽ സഞ്ജുവും സംഘവും; മുറിവേറ്റ് ഹൈദരാബാദ്; ഫൈനൽ ഉറപ്പിക്കാൻ അങ്കം

0

ചെന്നൈ: ഐപിഎല്ലില്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഫൈനലുറപ്പിക്കാനുള്ള പോരാട്ടം. ഈ മത്സരം ജയിക്കുന്ന ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി കീരിടത്തിനായി ഏറ്റുമുട്ടും. വൈകീട്ട് 7.30 മുതല്‍ ചെന്നൈയിലാണ് പോരാട്ടം.

ഗ്രൂപ്പ് പോരില്‍ രണ്ടാം സ്ഥാനവുമായി പ്ലേ ഓഫിലെത്തിയ ഹൈദരാബാദ് കൊല്‍ക്കത്തയോടു തോറ്റാണ് രണ്ടാം ക്വാളിഫയറിലേക്ക് കാത്തിരിക്കേണ്ടി വന്നത്. രാജസ്ഥാന്‍ നിര്‍ണായക ഘട്ടത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ എലിമിനേറ്റര്‍ പോരില്‍ വീഴ്ത്തിയാണ് ആയുസ് നീട്ടിയത്.

തുടരെ തോല്‍വികളേറ്റാണ് രാജസ്ഥാന്‍ എലിമിനേറ്ററില്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ അവര്‍ക്ക് ആര്‍സിബിക്കെതിരെ ജയം അനിവാര്യമായിരുന്നു. ആയുസ് നീട്ടാനും ആത്മവിശ്വാസം തിരികെ പിടിക്കാനും. രണ്ടിലും കാര്യങ്ങള്‍ അവരുടെ വഴിക്കു തന്നെ വന്നു.കഴിഞ്ഞ കളി വരെ ബാറ്റിങ് നിരയുടെ കനത്ത സംഭാവന ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ കൂറ്റനടിക്കാരെ ക്ഷണത്തില്‍ മടക്കി കൊല്‍ക്കത്ത അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഈ തന്ത്രമായിരിക്കും രാജസ്ഥാനും പരീക്ഷിക്കുക.

ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍ ട്രെന്റ് ബോള്‍ട്ടും ആര്‍ അശ്വിനും മികച്ച ബൗളിങ് പുറത്തെടുത്തിരുന്നു. ആവേശ് ഖാനും ഫോമിലാണ് എന്നത് സഞ്ജുവിനും സംഘത്തിനും ആശ്വാസ ഘടകമാണ്.

ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശര്‍മ, ഹെയ്ന്റിച് ക്ലാസന്‍ എന്നിവരുടെ മാരക ഫോമാണ് എസ്ആര്‍എചിന്റെ പ്രതീക്ഷ. ഹെഡ്ഡ് 533 റണ്‍സും അഭിഷേക് 470 റണ്‍സും ക്ലാസന്‍ 413 റണ്‍സുമാണ് ഈ ഐപിഎല്ലില്‍ അടിച്ചത്. കൂറ്റന്‍ സ്‌കോര്‍ ഒന്നിലേറെ തവണ നേടിയ ടീം ഹൈദരാബാദ് തന്നെ. ഈ ബാറ്റിങ് കരുത്തും ഒപ്പം പേസ് വൈവിധ്യത്തിലുമാണ് ഹൈദരാബാദ് വിശ്വസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here