‘നരേന്ദ്ര മോദിയോട് വിടപറയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാർ; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോ സൗജന്യ റേഷന്‍’; വമ്പൻ പ്രഖ്യാപങ്ങളുമായി ഖാര്‍ഗെ

0

ലഖ്‌നൗ: നരേന്ദ്ര മോദിയോട് വിടപറയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വമ്പൻ വാഗ്ദാനങ്ങൾ. വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

‘രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. നരേന്ദ്ര മോദിയോട് വിടപറയാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും. ജൂണ്‍ നാലിന് ഇന്ത്യ മുന്നണി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പോകുകയാണ്’, ഖാര്‍ഗെ പറഞ്ഞു.

‘മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് കര്‍ണാടകയില്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ നിരവധി ബി.ജെ.പി. നേതാക്കള്‍ ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഇക്കാര്യത്തില്‍ മോദി മൗനം പാലിക്കുന്നത് എന്നെ ആശ്ചര്യപ്പെടുത്തി. 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്തിനേക്കുറിച്ച് വാചാലരാകുന്ന നിങ്ങള്‍ എന്തുകൊണ്ട് അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ല?’, കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.

ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ മുന്നണി വിജയിക്കുമെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണുന്ന ജൂണ്‍ നാല് മാധ്യമസ്വാതന്ത്ര്യത്തിന്റെ ദിനമായിരിക്കും. അതിന് ശേഷമുള്ള സുവര്‍ണകാലഘട്ടത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അഖിലേഷ് യാദവ് പറഞ്ഞു.

‘അഗ്നിവീര്‍’ പദ്ധതിയെ സമാജ്‌വാദി പാര്‍ട്ടി അംഗീകരിക്കില്ലെന്നും അഖിലേഷ് വ്യക്തമാക്കി. ജൂണ്‍ നാലിന് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച ഉടന്‍ അഗ്നിവീര്‍ പദ്ധതി അവസാനിപ്പിക്കുമെന്നും അഖിലേഖ് പ്രഖ്യാപിച്ചു. കാര്‍ഷികവിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എം.എസ്.പി) നിയമപരമായ ‘ഗ്യാരന്റി’യാക്കാന്‍ പരിശ്രമിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here