നഗരങ്ങളെ മുക്കി പെരുമഴ; കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിൽ വെള്ളം കയറി, പൊലീസ് സ്റ്റേഷന്റെ സീലിങ് അടർന്നുവീണു

0

കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പരക്കെ നാശനഷ്ടം. നിർത്താതെ പെയ്യുന്ന മഴ എറണാകുളം, കോഴിക്കോട്, തൃശൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ദുരിതം വിതയ്ക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിലും അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വെള്ളം കയറി. കൂടാതെ കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ സീലിംഗിൻ്റെ ഒരു ഭാഗം അടർന്ന് വീണു. രാത്രി 8:30 യോടെയായിരുന്നു സംഭവത്തിൽ തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്.

കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാർഡുകളിലാണ് വെള്ളം കയറിയത്. റൂമുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. രോഗികളെ മാറ്റേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അശ്വനി ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ വെള്ളം കയറിയതോടെ പ്രവർത്തനം മുകൾ നിലയിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് നാദാപുരം തൂണേരിയിൽ കനത്ത മഴയിൽ മതിൽ തകർന്നു. തൂണേരി തണൽ മരം കേളോത്ത് മുക്ക് റോഡിലേക്ക് ചെങ്കൽ മതിൽ തകർന്ന് വീണത്. പത്ത്മീറ്റർ പൊക്കത്തിലും അമ്പതിലേറെ മീറ്റർ നീളത്തിലുമുള്ള മതിൽ തകർന്ന് റോഡിൽ പതിക്കുകയായിരുന്നു. ഈ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതെ പോയതിനാൽ അപകടം ഒഴിവായി.കൊച്ചിയിൽ കടവന്ത്ര, സൗത്ത്, ചിറ്റൂർ റോഡ്, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി. കളമശേരി മൂലേപ്പാടത്തും ഇടക്കൊച്ചിയിലും വീടുകളിൽ വെള്ളം കയറി. ഇൻഫോപാർക്കിലെ വെള്ളക്കെട്ടിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മുങ്ങി. തൃശൂർ നഗരത്തിൽ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. കാനകളും വലിയ തോടുകളും കോർപറേഷൻ വൃത്തിയാക്കാത്തതാണു നഗരത്തെ മുക്കിയത്. കടകളിലും പ്രധാന മാർക്കറ്റുകളിലും വെള്ളം കയറി. ഇരുചക്ര വാഹനങ്ങൾ ഒലിച്ചു പോയി. ഗുരുവായൂർ ക്ഷേത്രം തെക്കേ നടപ്പുരയിൽ വെള്ളം കയറി.

Leave a Reply